
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ രണ്ടാം റൗണ്ടില്‍ അല്‍ഖോറിന് വിജയം. ദുഹൈലിനും റയ്യാനും സമനില. അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന അല്‍റയ്യാന്‍- അല്‍ഗരാഫ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
വെള്ളിയാഴ്ച വഖ്‌റ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ അല്‍ഖോര്‍ എതിരില്ലാത്ത ഒരു ഗോളിന് ഉംസലാലിനെ തോല്‍പ്പിച്ചു. 65-ാം മിനുട്ടില്‍ അഹമ്മദ് ഹമ്മൗദാനാണ് ഖോറിന്റെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന അല്‍ദുഹൈല്‍- അല്‍അറബി മത്സരവും സമനിലയില്‍ കലാശിച്ചു.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. ഏഴാം മിനുട്ടില്‍ യൂസുഫ് മസാകിനിയുടെ ഗോളിലൂടെ അല്‍ദുഹൈല്‍ ലീഡ് നേടിയെങ്കിലും 40-ാം മിനുട്ടില്‍ ആരോണ്‍ ഗുന്നാര്‍സണിന്റെ ഗോളിലൂടെ അല്‍അറബി തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ ലീഡ് നേടാന്‍ ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ അല്‍വഖ്‌റ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തോല്‍പ്പിച്ചു. അല്‍സദ്ദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ സദ്ദിനോട് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോറ്റ വഖ്‌റക്ക് ഈ വിജയം ആശ്വാസമായി. 39-ാം മിനുട്ടില്‍ അലെജാന്‍ദ്രോ ജിമേനയുടെ സെല്‍ഫ് ഗോളിലൂടെയാണ് വഖ്‌റ മുന്നിലെത്തിയത്.
69-ാം മിനുട്ടില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഇസ്മാഈല്‍ മുഹമ്മദിന്റെ ഗോളിലൂടെ വഖ്‌റ ലീഡുയര്‍ത്തി. ലീഗില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ദുഹൈലിനോടും തോറ്റിരുന്നു.