
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ രണ്ടാംറൗണ്ടിലെ അവസാനമത്സരങ്ങളില്‍ അല്സദ്ദിനും അല്അഹ്ലിക്കും തകര്‍പ്പന്‍ വിജയം. ശനിയാഴ്ച വൈകുന്നേരം അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്ഷഹാനിയയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് അല്‍സദ്ദ് തകര്‍ത്തത്. തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായി ആറു പോയിന്റോടെ ഗോള്‍ പട്ടികയില്‍ ഒന്നാമതാണ് അല്‍സദ്ദ്.
ഷഹാനിയക്കെതിരായ മത്സരത്തില്‍ സദ്ദിന്റെ അള്‍ജീരിയന്‍ സ്ട്രൈക്കര്‍ ബാഗ്ദാദ് ബൗനെദ്ജ നാലു ഗോളുകള്‍ സ്കോര്‍ ചെയ്തു. എട്ട്, 17, 28, 72 മിനുട്ടുകളിലായിരുന്നു ബൗനെദ്ജയുടെ ഗോളുകള്‍. ബൗലേം ഖൗഖി 24-ാം മിനുട്ടിലും അബ്ദുല്‍കരീം ഹസന് 34-ാം മിനുട്ടിലും ഹസന് അല്ഹയ്ദോസ് 44-ാം മിനുട്ടിലും ഗോളുകള്‍ സ്കോര്‍ ചെയ്തു.
75-ാം മിനുട്ടില്‍ അലി ഫെയ്ദൂനാണ് ഷഹാനിയയുടെ ആശ്വാസഗോള്‍ സ്കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ സദ്ദ് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് വഖ്റയെ തോല്‍പ്പിച്ചിരുന്നു. രണ്ടു മത്സരങ്ങളിലുമായി സദ്ദ് 11 ഗോളുകള്‍ സ്കോര്‍ ചെയ്തപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. ആദ്യ രണ്ട് റൗണ്ടുകളിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഏക ടീമും സദ്ദ് മാത്രമാണ്.
അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ അല്സെയ്ലിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അല്അഹ്ലി തകര്‍ത്തത്. 40-ാം മിനുട്ടിലും 71-ാം മിനുട്ടിലും ആബെല്‍ ഹെര്‍ണാണ്ടസും 66-ാം മിനുട്ടില്‍ അബ്ദുല്ല അല്അഹ്റഖുമാണ് അല്അഹ്ലിക്കായി വിജയ ഗോളുകള്‍ സ്കോര്‍ ചെയ്തത്.
ആദ്യ മത്സരത്തില്‍ അല്അറബിയോടു പരാജയപ്പെട്ട അല്അഹ്ലി സെയ്ലിയക്കെതിരായ വിജയത്തോടെ ആദ്യ പോയിന്റ് സ്വന്തമാക്കി. സെയ്ലിയ ആദ്യ മത്സരത്തില്‍ അല്ഖോറിനോടു സമനില വഴങ്ങിയിരുന്നു.