
ദോഹ: ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ കഴിഞ്ഞദിവസം നടന്ന ആദ്യറൗണ്ടിലെ മൂന്നാംമത്സരത്തില്‍ ഗരാഫ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഷഹാനിയയെ തകര്‍ത്തു. സെയ്ലിയ- അല്‍ഖോര്‍ മത്സരം സമനിലയില്‍ കലാശിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വഖ്റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗരാഫക്കുവേണ്ടി 64-ാം മിനുട്ടിലും ഇന്‍ജ്വറി ടൈമിലും അഹമ്മദ് അലാവൂദ്ദീനും 72-ാം മിനുട്ടില്‍ സൂഫിയന്‍ ഹാനിയുമാണ് ഗോളുകള്‍ സ്കോര്‍ ചെയ്തത്.
മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗരാഫയുടെ ആധിപത്യമായിരുന്നു. ഗോള്‍രഹിത ആദ്യപകുതിക്കുശേഷം രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. സ്ലാവിസ ജൊകനോവിച്ചാണ് ഗരാഫയുടെ പരിശീലകന്. വ്യാഴാഴ്ച നടന്ന രണ്ടാംമത്സരത്തില്‍ അല്ഖോറും സെയ്ലിയയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു.
അല്‍സദ്ദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ സീസണില്‍ സെയ്ലിയയിലേക്കെത്തിയ പുതിയ താരം കരീം അന്‍സാരിയുടെ 19-ാം മിനുട്ടിലെ ഗോളിലൂടെ സെയ്ലിയയാണ് മുന്നിലെത്തിയത്. 37-ാം മിനുട്ടില്‍തന്നെ അല്‍ഖോര്‍ തിരിച്ചടിച്ചു. ബ്രസീലിയന്‍ സ്ട്രൈക്കര്‍ തിയാഗോ ബെസേര പെനാലിറ്റിയിലൂടെയാണ് സമിനല ഗോള്‍ സ്കോര്‍ ചെയ്തത്.
കഴിഞ്ഞ സീസണില്‍ മികച്ച സെയ്ലിയ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചാമ്പ്യന്മാരാ സദ്ദിനും രണ്ടാംസ്ഥാനക്കാരായ ദുഹൈലിനും പിന്നില്‍ മൂന്നാംസ്ഥാനം നേടാന്‍ സെയ്ലിയക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യ മത്സരത്തില്‍തന്നെ സമനില കൊണ്ടുതൃപ്തിപ്പെടേണ്ടിവന്നു.