in ,

സ്വപ്‌നത്തിലെ കാറ് വരച്ച് സേറ പറക്കുന്നു; ജപ്പാനിലേക്ക്

ദോഹ: പ്രകൃതിക്കിണങ്ങിയ, മരുഭൂമിയെ മലര്‍വാടിയാക്കുന്ന കാറ് സ്വപ്‌നം കണ്ട സേറ മരിയ രജീഷ് എന്ന കൊച്ചുമിടുക്കി അത് കടലാസിലേക്ക് പകര്‍ത്തിയപ്പോള്‍ ലഭിച്ചത് ജപ്പാനിലേക്കൊരു യാത്ര. പ്രമുഖ കാര്‍ കമ്പനിയായ ടൊയോട്ടയുടെ ഡ്രീം കാര്‍ ചിത്രരചന മത്സരത്തിലാണ് ഡിപിഎസ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരി സേറ ഖത്തറില്‍ നിന്ന്  ജപ്പാനിലേക്ക് പറക്കുന്നത്.

ലോകത്തെ എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള  പത്തു ലക്ഷത്തോളം (9,53,064) കുട്ടികളാണ്  മത്സരത്തില്‍ പങ്കെടുത്തത്. ടൊയോട്ടയുടെ ഖത്തറിലെ വിതരണക്കാരായ അബ്്ദുല്ല അബ്ദുല്‍ഗനി ആന്റ് ബ്രദേഴ്‌സ് ആണ് ദോഹയില്‍ ഇന്റര്‍ സ്‌കൂള്‍ ടൊയോട്ട ഡ്രീം കാര്‍ മത്സരം സംഘടിപ്പിച്ചത്. ഖത്തറിലെ 160ലധികം സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ തമ്മില്‍ മാറ്റുരച്ച ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രികള്‍ ജപ്പാനിലേക്കയച്ചതെന്ന് പിതാവ് രജീഷ് ചന്ദ്രികയോട് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാമത് കാറ്റഗറിയായ എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് സേറ മത്സരിച്ചത്. ഖത്തറില്‍ നിന്ന് രണ്ടാം സ്ഥാനമായിരുന്നു സേറയ്ക്ക്. പക്ഷെ പിന്നീട് ജപ്പാനിലെ മൂല്യനിര്‍ണ്ണയത്തില്‍ പുരസ്‌കാരത്തിന് തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. കാറിനുള്ളില്‍ വേണം എന്നാഗ്രഹിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദവിവരങ്ങളും ചിത്രങ്ങള്‍ക്കൊപ്പം നല്‍കേണ്ടിയിരുന്നു. മരുഭൂമിക്കിണങ്ങിയ, അന്തരീക്ഷമലിനീകരണം ഒഴിവാക്കാവുന്ന കാര്‍ എന്ന ആശയമാണ് സേറ കൈമാറിയതെന്നും പിതാവ് വിശദീകരിച്ചു.

ആഗസ്ത് 27 മുതല്‍ 31 വരെ  ജപ്പാനില്‍ നടക്കുന്ന 13ാമത് ടൊയോട്ട ലോക ഡ്രീം കാര്‍  പുരസ്‌കാര ദാന ചടങ്ങില്‍ സേറയും രക്ഷിതാവും പങ്കെടുക്കും. 4 വയസ്സ് മുതല്‍ വരക്കുന്ന സേറക്ക് പ്രകൃതി വര്‍ണ്ണങ്ങളോടാണ് പ്രിയം. സ്‌കൂള്‍, വിവിധ സംഘടനാ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പിതാവ് പാലാ മേവട സ്വദേശി രജീഷ് മാത്യു ദോഹയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി നോക്കുന്നു. ദീപ്തിയാണ് മാതാവ്. ഡിപിഎസ് കെജി വണ്‍ വിദ്യാര്‍ഥി മാത്യു, നോറ ആന്‍ സഹോദരങ്ങളാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നവീകരിച്ച സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഐസിഎഒ അംഗത്വം: ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചു