
ആര് റിന്സ്ദോഹ
ദോഹ മെട്രോ ഇനി ജനങ്ങള്‍ക്കു സ്വന്തം. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ഇന്നലെ രാവിലെ എട്ടിനു തുടക്കമായി. വഖ്റ- അല്‍ഖസര്‍ റൂട്ടില്‍ മെട്രോയിലെ ആദ്യ യാത്രയില്‍ പങ്കെടുക്കുന്നതിന് ആവേശത്തോടെയും അത്യാഹ്ലാദത്തോടെയും നിരവധിപേരാണ് എത്തിയത്.
ഓരോ ആറുമിനുട്ടിലും ട്രിപ്പുകളുണ്ടായിരുന്നു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ റെഡ്ലൈന്‍ സൗത്തിലെ പതിമൂന്ന് സ്റ്റേഷനുകളിലും ട്രെയിനുകള്‍ എത്തിക്കൊണ്ടേയിരുന്നു. മലയാളികള്‍ ഉള്‍പ്പടെ നിരവധിപേരാണ് സ്വപ്നയാത്രയുടെ ആദ്യാനുഭവം ആസ്വദിക്കുന്നതിനായെത്തിയത്.
സ്റ്റേഷനുകളില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. സംശയനിവാരണത്തിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും കസ്റ്റമര്‍ എക്സിക്യുട്ടീവുകളെ സ്റ്റേഷനുകളിലുടനീളം വിന്യസിച്ചിരുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി. പഞ്ചനക്ഷത്ര ഹോട്ടലുകളെ തോല്‍പ്പിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് മെട്രോ സ്റ്റേഷനുകളില്‍ സജ്ജമാക്കിയിരുന്നത്.

യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് സ്റ്റേഷനുകളില്‍നിന്നു തന്നെ സ്വന്തമാക്കാനാകും. ട്രാവല്‍ കാര്‍ഡ് മെഷീന് മുഖേനയാണ് സ്വന്തമാക്കേണ്ടത്. ഇവിടെ യാത്രക്കാരെ സഹായിക്കാനായി പ്രത്യേക ജീവനക്കാരെ നിയോഗിച്ചിരുന്നു. യാത്രയുടെ സ്വഭാവത്തിനനുസരിച്ച് വിവിധ തരം ട്രാവല്‍കാര്‍ഡുകള്‍ നേടാം. മിക്കവരും ഒരു ദിവസം മുഴുവന്‍ റൈഡ് ചെയ്യാന്‍ സാധിക്കുന്ന ആറു റിയാലിന്റെ സ്റ്റാന്റേര്‍ഡ് ട്രാവല്‍ കാര്‍ഡാണ് നേടിയത്. എക്സിക്യുട്ടീവ് സൗകര്യങ്ങളോടെ യാത്ര ചെയ്യുന്നതിനായി ഗോള്‍ഡ് കാര്‍ഡും നേടാം.
ഒരു ട്രിപ്പിന് രണ്ടു റിയാലാണ് ടിക്കറ്റ് നിരക്ക്. ട്രാവല്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ ട്രെയിന്‍ യാത്രയ്ക്കായി പ്രവേശിക്കാനാവു. സ്റ്റേഷനുള്ളില്‍ ട്രെയിനില്‍ പ്രവേശിക്കുന്നതിനു മുമ്പായി പ്രത്യേകം സജ്ജമാക്കിയ കവാടങ്ങളിലെ മെഷീനുകളില്‍ ട്രാവല്‍കാര്‍ഡ് പതിപ്പിക്കുന്നതോടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗേറ്റുകള്‍ തുറക്കും. ടിക്കറ്റിന്റെ സ്വഭാവമനുസരിച്ച് നിശ്ചയിച്ചിട്ടുള്ള പ്രവേശന കവാടങ്ങള്‍ മുഖേനയാണ് ട്രെയിനിലേക്ക് പ്രവേശിക്കേണ്ടത്.
മിനുട്ടുകളുടെ ഇടവേളയില്‍ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ വന്നുപോയിക്കൊണ്ടിരുന്നു. ഓരോ സ്റ്റേഷനിലും ഒരുമിനുട്ടില്‍ താഴെ മാത്രമാണ് സ്റ്റോപ്പ്. ട്രെയിനുള്ളിലും മികച്ച ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. സുഗമമായി യാത്ര ചെയ്യാന്‍ പര്യാപ്തമാണ് സജ്ജീകരണങ്ങള്‍. ട്രെയിനുള്ളില്‍ ഇംഗ്ലീഷിലും അറബിയിലും അറിയിപ്പുകളുണ്ടാകും. ഓരോ സ്റ്റേഷനിലേക്കും എത്തുന്നതിനു മുമ്പായി സ്റ്റേഷന്റെ പേര് കൃത്യമായി അനൗണ്‍സ് ചെയ്യും. അടുത്ത സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആ സ്റ്റേഷന്റെ പേരും പ്രഖ്യാപിക്കും.
അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനെക്കുറിച്ച് കൃത്യമായ ധാരണലഭിക്കും. ദോഹ മെട്രോയുടെ സഞ്ചാര റൂട്ടും പിന്നിട്ട സ്റ്റേഷനുകളും ട്രെയിനിനുള്ളിലെ വശത്തെ സ്ക്രീനില്‍ കാണാനാകും. ട്രെയിനുള്ളില്‍ ട്രാവല്‍കാര്‍ഡുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് പ്രതിരോധിക്കുക, ട്രാവല്കാര്ഡുകളുടെ കാലാവധിയും യോഗ്യതയും പരിശോധിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുക, ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തുക തുടങ്ങിയവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയെന്നതും ഇവരുടെ ചുമതലയാണ്. ഡ്രൈവര്‍ രഹിത സര്‍വീസിന്റെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററിലധികമാണ്. അല്‍ഖസര്‍ സ്റ്റേഷനില്‍ നിന്നും അല്‍വഖ്റ സ്റ്റേഷന് വരെയാണ് സര്‍വീസ്. റെഡ്ലൈന്‍ സൗത്തിലെ പതിമൂന്ന് സ്റ്റേഷനുകളെയാണ് ആദ്യഘട്ടത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ സ്റ്റേഷനുകള്‍ക്കിടയിലെ യാത്രാദൈര്‍ഘ്യം കേവലം മൂന്നുമിനുട്ടില് താഴെയാണ്. യാത്രയിലധികവും ഭൂമിക്കടിയിലൂടെയാണെന്നതാണ് മറ്റൊരു സവിശേഷത.
ദോഹ മെട്രോയിലെ യാത്ര ആസ്വദിക്കുന്നതിനായി നിരവധിപേരാണ് ആദ്യദിവസം വിവിധ സ്റ്റേഷനുകളിലേക്കെത്തിയത്. ഫോട്ടോകള്‍ പകര്‍ത്തിയും വീഡിയോ എടുത്തും യാത്രക്കാര്‍ സ്വപ്നയാത്ര ആഘോഷമാക്കി. സെല്‍ഫി കൊണ്ടുള്ള ആഘോഷമായിരുന്നു ട്രെയിനിനുള്ളില്‍. ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയാലും സ്റ്റേഷനു പുറത്തേക്കിറങ്ങണമെങ്കിലും ടിക്കറ്റ് സ്കാന്‍ ചെയ്താലെ സുരക്ഷാബാര് തുറക്കുകയുള്ളു. അതുകൊണ്ടുതന്നെ സ്റ്റേഷനു പുറത്തിറങ്ങുന്നതുവരെ ടിക്കറ്റ് സൂക്ഷിക്കണം.
ആകെ 110 ട്രെയിനുകളാണ് ദോഹ മെട്രോയില്‍ സര്‍വീസ് നടത്തുന്നത്. ഓരോ ട്രെയിനിലും മൂന്നു ബോഗി വീതം. ഒന്ന് ഗോള്‍ഡ്- ഫാമിലി ക്ലാസ്സിനുവേണ്ടിയും രണ്ടെണ്ണം സ്റ്റാന്റേര്‍ഡ് ക്ലാസിനായും. ഗോള്‍ഡില്‍ 16 സീറ്റുകള്‍, ഫാമിലിയില്‍ 26 സീറ്റുകള്‍. സ്റ്റാന്റേര്‍ഡില്‍ 88 സീറ്റുകള്‍. സ്റ്റേഷനുകളില്‍ യാത്രക്കാരെ വരവേല്ക്കുന്നതിനായിദോഹ മെട്രോയുടെ ലോഗോ പതിപ്പിച്ച പതാകകളും ഖത്തര്‍ പതാകകളും ഉയര്‍ത്തിയിരുന്നു.
അവിസ്മരണീയ അനുഭവം; വിപുലമായ ക്രമീകരണങ്ങള്‍

ദോഹ: മെട്രോയില്‍ ആദ്യ യാത്ര നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. ദോഹയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മെട്രോയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും പലരും പങ്കുവച്ചു. സ്റ്റേഷനുകളെല്ലാം മികച്ചതാണ്. വളരെ മനോഹരമായാണ് സംവിധാനിച്ചിരിക്കുന്നത്. ആകര്‍ഷണീയമാണ്. മികച്ച കാഴ്ചാനുഭവം പകരുന്നതാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു.
പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരണം. വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ്, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്നു നാഫി, ഇക്കോണമിക് സോണ്‍, റാസ് അബുഫന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്റയിലെത്തുന്നത്.
കേവലം മുപ്പത് മിനുട്ടില്‍ താഴെയാണ് യാത്രാസമയം. ഓരോ ആറുമിനിട്ടിലുമാണ് സര്‍വീസ്. വാരാന്ത്യങ്ങളില്‍ സര്‍വീസുണ്ടാകില്ല. കൂടുതല്‍ സ്റ്റേഷനുകളും ലൈനുകളും തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് വാരാന്ത്യങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്. യാത്രയ്ക്കായുള്ള സ്റ്റാന്റേര്‍ഡ് ട്രാവല്‍ കാര്‍ഡുകള്‍ അല്‍മീര, ലുലു, കാരിഫോര്‍, ജമ്പോ ഇലക്ട്രോണിക്സ് ഉള്‍പ്പടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

ദോഹ മെട്രോ സര്‍വീസ് തുടങ്ങുന്നതിനു മുമ്പ് സുരക്ഷാക്രമീകരണങ്ങളും മറ്റു തയാറെടുപ്പുകളുമെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഖത്തര്‍ റെയിലിന്റെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകളിലുണ്ടായിരുന്നു. തിരക്കുനിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളുമുണ്ടായിരുന്നു. മെട്രോ സ്റ്റേഷനുകളെയും സമീപ പ്രദേശങ്ങളെയും ബന്ധപ്പെടുത്തി സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സേവനത്തെക്കുറിച്ചും ബസ് സ്റ്റോപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഖത്തര്‍ റെയില്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. കര്‍വ ടാക്സികളും നിശ്ചിത നിരക്കില്‍ പ്രത്യേക സര്‍വീസ് നടത്തും. കുറഞ്ഞ ചെലവില്‍ ഗതാഗതം സാധ്യമാക്കുന്നതിനായി മറ്റു സേവനാദാതാക്കളുമായും കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വകാര്യ കാറുകളെ ജനങ്ങള്‍ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേഷനുകളില്‍ കാര്‍പാര്‍ക്കിങ് പരിമിതമാക്കിയിട്ടുണ്ട്.
എല്ലാ സ്റ്റേഷനുകളിലും ഡ്രോപ്പ് ഓഫ്, പിക്ക് അപ്പ് പാര്‍ക്കിങ് സൗകര്യമുണ്ട്. അല്‍വഖ്റ, അല്‍ഖസര്‍ ഉള്‍പ്പടെയുള്ള ചില സ്റ്റേഷനുകളില്‍ പരിമിതമായ പാര്്ക്കിങ് സൗകര്യമുണ്ട്. സ്റ്റേഷനുകളെല്ലാം എയര്‍കണ്ടീഷന്‍ഡ് ഇന്‍ഡോര്‍ സ്റ്റേഷനുകളാണ്. ഓരോ സ്റ്റേഷനിലും കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ഗോള്‍ഡ് ക്ലബ്ബ് ഓഫീസ്, പോലീസ് ബൂത്ത്, പുരുഷന്മാര്ക്കും വനിതകള്‍ക്കും വെവ്വേറെ പ്രാര്‍ഥനാ സ്ഥലം, അംഗപരിമിതര്‍ക്കായുള്ള റെസ്റ്റ് റൂം എന്നിവയുണ്ട്.
യാത്രാ അറിയിപ്പുകളും ട്രെയിന്‍ സര്‍വീസുകളും സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മോണിറ്ററുകള്‍ സ്റ്റേഷനിലുണ്ട്. സുരക്ഷാക്യാമറകളുടെ നിരീക്ഷണ വലയത്തിലാണ് എല്ലാ സ്റ്റേഷനുകളും. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ക്രമീകരണങ്ങളുമുണ്ട്. ഫസ്റ്റ് എയ്ഡ് റൂമുമുണ്ട്.
ദോഹ മെട്രോ പുതിയ ഘട്ടത്തിലേക്ക്

റെഡ് ലൈന്‍ സൗത്തില്‍ പ്രിവ്യു സര്‍വീസിന് ഇന്നലെ തുടക്കംകുറിച്ചതോടെ ദോഹമെട്രൊ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മെട്രോ സംവിധാനത്തില്‍ യാത്രക്കാരെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആദ്യ പരീക്ഷണമാണ് ഇപ്പോള്‍ വിജയകരമായി നിറവേറ്റിയിരിക്കുന്നത്.
നെറ്റ് വര്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പ് വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവസരമാണിത്. ഇന്നലെ സര്‍വീസ് തുടങ്ങിയത് സുപ്രധാനമായ വഴിത്തിരിവാണെന്നും പദ്ധതി വികസനഘടത്തില് നിന്നും പ്രവര്‍ത്തനഘട്ടത്തിലേക്ക് മാറിയതായി ഖത്തര്‍ റെയില്‍ സര്‍വീസ് ഡെലിവറി ചീഫ് എന്‍ജിനിയര്‍ അബ്ദുല്ല സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു.
കാര്യക്ഷമതയും സേവനവും അളക്കുന്നതിനുള്ള സുപ്രധാന അവസരമാണ് പ്രിവ്യുസര്വീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച തയാറെടുപ്പുകള്‍ നടത്താനാകുമെന്നതിനാലും പ്രിവ്യുസര്വീസിന്റെ ഫലം തങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.