in ,

സ്‌കൂള്‍ മേഖലയിലെ സുരക്ഷാപ്രോഗ്രാം ശക്തിപ്പെടുത്താന്‍ നടപടികളുമായി അശ്ഗാല്‍

375 സ്്കൂളുകളില്‍ റോഡുസുരക്ഷാപദ്ധതി നടപ്പാക്കി

സ്‌കൂളുകള്‍ക്കു ചുറ്റുമായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ നടപ്പാക്കിയ റോഡുസുരക്ഷാ പദ്ധതിയില്‍ നിന്ന്

ദോഹ: രാജ്യത്തെ സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ നടപ്പാക്കിവരുന്ന കര്‍മ്മപദ്ധതിക്ക് മികച്ച പ്രതികരണം. വിവിധ ഭാഗങ്ങളിലായി 375 സ്‌കൂളുകള്‍ക്ക് ചുറ്റുമായും അവയുടെ സമീപത്തുമുള്ള റോഡുകളുടെയും സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളുകളിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍ക്കു ചുറ്റുമുള്ള റോഡുസുരക്ഷാ പ്രവര്‍ത്തികള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കി. സുരക്ഷിത റോഡുകളുടെ നിര്‍മാണം, വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കല്‍, ചെറിയ റൗണ്ട്എബൗട്ടുകളുടെ നിര്‍മാണം, സ്‌കൂളുകള്‍ക്ക് സമീപം റോഡ് അടയാളങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ ഗതാഗതസുരക്ഷാതന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. റോഡ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷ പരമാവധി വര്‍ധിപ്പിക്കുകയും ഗതാഗതക്കുരുക്ക് കുറക്കുകയുമാണ് ലക്ഷ്യം. കാല്‍നടയാത്രക്കാരെയും വാഹനഗതാഗതത്തെയും വേര്‍തിരിക്കല്‍, താല്‍ക്കാലിക ടാറിങില്ലാത്ത റോഡുകള്‍ കാര്യക്ഷമമാക്കല്‍, സ്‌കൂളിലേക്ക് എത്തുമ്പോഴും പുറപ്പെടുമ്പോഴും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അശ്ഗാല്‍ കര്‍മ്മപദ്ധതി നടപ്പാക്കുന്നത്.

വികസനം ആവശ്യമുള്ള സ്‌കൂള്‍ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെയും ദേശീയ റോഡു സുരക്ഷാസമിതിയുടെയും ഏകോപനത്തോടെ ഖത്തറിലുടനീളമായി 504 സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഇതില്‍ 375 സ്‌കൂളുകള്‍ക്കു ചുറ്റും റോഡുസുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആകെ സ്‌കൂളുകളുടെ 74.4 ശതമാനം വരുമിത്. 23 സ്‌കൂളുകളുടെ ചുറ്റുമുള്ള റോഡുകളുടെ സുരക്ഷാ രൂപകല്‍പ്പനക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും അനുമതി ലഭിച്ചാലുടന്‍ നടപ്പാക്കല്‍ഘട്ടത്തിലേക്ക് പ്രവേശിക്കും.

മറ്റു 40 സ്‌കൂളുകള്‍ക്കു ചുറ്റുമുള്ള റോഡുപ്ലാനുകളുടെ രൂപകല്‍പ്പനാ നടപടികള്‍ പുരോഗമിക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ട ആകെ 504 സ്‌കൂളുകളില്‍ 503 സ്‌കൂളുകള്‍ അഥവാ 99.9 ശതമാനം വിവിധ നടപ്പാക്കല്‍ ഘട്ടത്തിലാണ്. പാര്‍ക്കിങ് സ്ഥലങ്ങള്‍, നടപ്പാതകള്‍, ഫുട്പാത്തുകള്‍ എന്നിവയുടെ അഭാവം മൂലം ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

അശ്ഗാലിലെ റോഡ് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് വകുപ്പിന്റെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഡിസൈനുകള്‍ രൂപപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ മേഖലകളില്‍ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നത്. പഠനഫലങ്ങള്‍ അനുസരിച്ച് സജ്ജമാക്കുകയും സ്‌കൂള്‍ ഭരണനിര്‍വഹണ ശുപാര്‍ശകള്‍ അനുസരിച്ച് അവ ക്രമീകരിക്കുകയും ചെയ്യും.

ഈ മേഖലകളില്‍ ഗതാഗത ഒഴുക്ക് നിയന്ത്രിക്കുന്നതിന് സ്‌കൂള്‍ സോണുകളില്‍ സുരക്ഷിത റോഡുകള്‍ സ്ഥാപിക്കുകയും കാര്‍പാര്‍ക്കിങ് സൗകര്യം വികസിപ്പിക്കുകയും ചെയ്യും. കൂടാതെ മീഡിയനുകളും ചെറിയ റൗണ്ട്എബൗട്ടുകളും നിര്‍മിക്കും.സ്‌കൂളുകള്‍ക്കു സമീപം ദിശാസൂചന അടയാളങ്ങളും റോഡ് അടയാളങ്ങളുമുണ്ടാകും.

സ്‌കൂള്‍ സോണുകളില്‍ വേഗപരിധി മണിക്കൂറില്‍ മുപ്പത് കിലോമീറ്ററായി നിശ്ചയിക്കുകയും വേഗത കുറക്കുന്നതിന് സ്പീഡ് ബമ്പുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അശ്ഗാലിലെ റോഡ് മെയിന്റനന്‍സ് ടീം അവര്‍ക്കും പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കും സുരക്ഷിതമായ കാല്‍നടപ്പാതയും വികസിപ്പിക്കുന്നുണ്ട്.

ഈ നടപ്പാതകളുടെ നവീകരണവും പരിപാലനവും ഉറപ്പാക്കുകയും ചെയ്യും. സ്‌കൂളിലേക്കു എത്തുമ്പോഴും പുറപ്പെടുമ്പോഴും ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുന്നതിനായി കടുത്ത നിറമുള്ള റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുകയും സ്‌കൂളുകളിലേക്കു പോകുന്ന റോഡുകളില്‍ വ്യക്തമായ മുന്നറിയിപ്പ് സിഗ്നലുകള്‍ സ്ഥാപിക്കുകയും ചെയ്യും.

ഓരോ സ്‌കൂളിനുമുള്ള സംയോജിത വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നുമാസം ആവശ്യമാണ്. സ്‌കൂളുകള്‍ക്കു ചുറ്റുമുള്ള ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌കൂളുകളുടെ പട്ടിക പ്രതിമാസ, വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിക്കുന്നു. 2012ല്‍ പദ്ധതിയുടെ തുടക്കത്തില്‍ 274 സ്‌കൂളുകളായിരുന്നുവെങ്കില്‍ ഈ വര്‍ഷം 504 സ്‌കൂളുകളായി ഉയര്‍ത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റാര്‍സ് ലീഗ്: ഗരാഫക്ക് ജയം, സെയ്‌ലിയ- ഖോര്‍ മത്സരം സമനിലയില്‍

സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ല