
ദോഹ: സ്‌പെയിനും ഖത്തറിനുമിടയിലെ ഉഭയകക്ഷി വ്യാപാരത്തില്‍ സമീപവര്‍ഷങ്ങളില്‍ കാര്യമായ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യകൈമാറ്റം 5.09ബില്യണ്‍ റിയാലി(1.4ബില്യണ്‍ യുഎസ് ഡോളര്‍)ലേക്കെത്തി. തൊട്ടുമുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ അഞ്ചുശതമാനം വര്‍ധന.
ഖത്തറിലെ സ്പാനിഷ് അംബാസഡര്‍ ബെലെന്‍ അല്‍ഫാരോയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമ്പത്തിക വ്യാപാര കാര്യങ്ങള്‍ക്കായുള്ള സംയുക്ത കമ്മിറ്റിയുടെ യോഗം സംഘടിപ്പിക്കുന്നതിനായി ഇരു കൂട്ടരും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ വര്‍ഷം രണ്ടാംപകുതിയില്‍ മാഡ്രിഡില്‍ ഖത്തര്‍ സ്‌പെയിന്‍ ബിസിനസ് ഫോറം യോഗം ചേരും.
വരുംവര്‍ഷങ്ങളില്‍ ഖത്തര്‍- സ്‌പെയിന്‍ ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക ബന്ധങ്ങളിലും വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനായി രണ്ടുകൂട്ടരും അടുത്തുപ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌പെയിനില്‍ ഖത്തര്‍ സുപ്രധാനമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഊര്‍ജമേഖലയിലുള്‍പ്പടെയാണ് നിക്ഷേപം. ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്‌പെയിനില്‍ പ്രധാനപ്പെട്ട നിക്ഷേപം നടത്തിയിട്ടുണ്ട്.
ബില്‍ബ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പബ്ലിക് മള്‍ട്ടി നാഷണല്‍ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയായ ഇബെര്‍ദ്രോലയില്‍ ഖത്തറിന് നിക്ഷേപമുണ്ട്. മാഡ്രിഡ്, ബാര്‍സലോണ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഖത്തരി കമ്പനികളുടെ ഉടമസ്ഥതയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു. തുറമുഖങ്ങളിലും യാച്ചുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. മറ്റു മേഖലകളില്‍ സ്വകാര്യ നിക്ഷേപവുമുണ്ട്.