
ദോഹ: ഹമദ് തുറമുഖത്തറില്‍ വന്‍തോതിലുള്ള ആയുധക്കടത്ത് കസ്റ്റംസ് പരാജയപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. തുറമുഖത്ത് വന്‍ തോതിലുള്ള ആയുധ കള്ളക്കടത്ത് പിടികൂടിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
തുമുഖത്ത് യന്ത്രത്തോക്കുകള്‍ നിരത്തിവെച്ചിരിക്കുന്ന തരത്തിലുള്ള ഫോട്ടോ സഹിതമായിരുന്നു സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വാര്‍ത്താപ്രചരണം. എന്നാല്‍ ഇവ യഥാര്‍ഥ ആയുധങ്ങളല്ലെന്നും കളിത്തോക്കുകളാണെന്നും കസ്റ്റംസ് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇവ യഥാര്‍ഥ ആയുധങ്ങളെപ്പോലെ തോന്നാമെങ്കിലും പെയിന്റ് ബോള്‍ ഗെയിമിനായി ഉപയോഗിക്കുന്ന കളിപ്പാട്ടത്തോക്കുകളാണ്.കൂടാതെ കളിയുടെ ആവശ്യത്തിനായി നിറമുള്ള ചായങ്ങള്‍ അടങ്ങിയ പന്തുകള്‍ നിറഞ്ഞ ഒരു ട്യൂബ് ഇതിന് ഉണ്ട്. അതുകൊണ്ടാണ് ഇവ യഥാര്‍ത്ഥ തോക്കുകളായി തോന്നുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമല്ലെന്നും യോഗ്യതയുള്ള അധികാരികളില്‍ നിന്ന് ആവശ്യമായ പെര്‍മിറ്റുകള്‍ എടുത്തതിനുശേഷം മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്നും കസ്റ്റംസ് വ്യക്തമാക്കി.
എന്നാല്‍ ആവശ്യമായ അനുമതി വാങ്ങാതെയും പെര്‍മിറ്റില്ലാതെയും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളായതിനാല്‍ തുറമുഖത്ത് തടഞ്ഞുവെക്കുകയായിരുന്നു. വസ്തുത ഇതായിരിക്കെയാണ് ഹമദ് തുറമുഖത്ത് ആയുധക്കടത്ത് പരാജയപ്പെടുത്തിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അതോറിറ്റി എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി സൂചിപ്പിച്ചു.
ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഹമദ് തുറമുഖത്ത് പിടിച്ചെടുത്ത ആയുധങ്ങളാണെന്ന് അവകാശപ്പെട്ട് നിരവധി ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍്ക്കൂടിയാണ് അധികൃതരുടെ വിശദീകരണം.