in ,

ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണം 2022നകം പൂര്‍ത്തിയാകും

ഹമദ് രാജ്യാന്തര വിമാനത്താവളം സെന്റ് റെജിസ് ഹോട്ടലില്‍ സംഘടിപ്പിച്ച സുഹൂറില്‍ നിന്ന്‌

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മൂന്നാം ഘട്ട വികസനം 2022നകം പൂര്‍ത്തിയാകും. മൂന്നാംഘട്ട വികസനത്തിന്റെ ടെണ്ടറുകള്‍ നല്‍കിക്കഴിഞ്ഞു. കരാറുകാരില്‍ ചിലര്‍ ഈ വര്‍ഷം രണ്ടാം പാഗത്തിലും മൂന്നാംപാദത്തിലുമായി പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങുമെന്ന് ഹമദ് വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. വിശുദ്ധ റമദാനില്‍ ഹമദ് വിമാനത്താവളം സംഘടിപ്പിച്ച സുഹൂറിനോടനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന്റെ വിപുലീകരണം 2022 ഫിഫ ലോകകപ്പിനു മുമ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ഒന്നാം സുപ്രധാന ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായതായി വിമാനത്താവളം മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍അസീസ് അല്‍ മാസ്സ്. സുഹൂറില്‍ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷമെന്ന കുറഞ്ഞ കാലയളവിലാണ് ഈ നേട്ടം കൈവരിക്കാനായത്.

ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഹമദില്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരില്‍ 25ശതമാനത്തിലധികം പേരും സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ്പ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. യാത്രക്കാര്‍ക്ക് ക്യൂവില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കാതെ സ്വന്തമായി ചെക്ക് ഇന്‍ ചെയത് ബോര്‍ഡിംഗ് പാസുകള്‍ പ്രിന്റ് എടുക്കുന്നതിന് സഹായിക്കുന്നതാണ് കിയോസ്‌കുകള്‍.

സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സ് 2019ല്‍ ലോകത്തെ നാലാമത്തെ മികച്ച വിമാനത്താവളം, മിഡില്‍ഈസ്റ്റിലെ മികച്ച വിമാനത്താവളം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വിമാനത്താവളത്തിന്റ ബഹുനില വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങിയിട്ടുണ്ട്. ലോകനിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിപുലീകരണം നടപ്പാകുന്നതോടെ 2022ല്‍ 5.3കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തിനുശേഷിയുണ്ടാകും. സ്ഥലവും ശേഷിയും മികച്ച രീതിയില്‍ വര്‍ധിക്കും. എയര്‍പോര്‍ട്ട് നഗരത്തിന്റെ നിര്‍മാണത്തിലൂടെ ഭാവി നിക്ഷേപ അവസരങ്ങളും ലഭ്യമാകും. സ്വതന്ത്ര വ്യാപാര മേഖല, ഓഫീസ് ബിസിനസ് കോംപ്ലക്‌സ്, ഹോട്ടലുകള്‍ എന്നിവയെല്ലാം നഗരത്തിന്റെ ഭാഗമാകും.

പുതിയ കാര്‍ഗോ ടെര്‍മിനലും നിര്‍മിക്കുന്നുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടണ്ണായി ഉയരും. വര്‍ധിച്ചുവരുന്ന ചരക്കുഗതാഗതത്തെ സുഗമമായി ഉള്‍ക്കൊള്ളാനാകും. വിമാനത്താവളത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കോര്‍പ്പറേറ്റ് വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. സെന്റ് റജിസ് ഹോട്ടലില്‍ സംഘടിപ്പിച്ച സുഹൂറില്‍ ഓഹരിപങ്കാളികള്‍, വ്യവസായ പങ്കാളികള്‍, മാധ്യമവ്യക്തിത്വങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുആര്‍സിഎസ് അല്‍ഖുദ്‌സില്‍ റമദാന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യമേഖലാ നിക്ഷേപം നേരിടുന്ന തടസങ്ങള്‍ ചര്‍ച്ച ചെയ്തു