in , , , , ,

ഹമദ് വിമാനത്താവളത്തിലെത്തിയത് 38.78 മില്യണ്‍ യാത്രക്കാര്‍

ദോഹ: 2019ല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് 38.78 മില്യണ്‍ യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. 2014ല്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം വിമാനത്താവളത്തില്‍ ഏറ്റവുമധികം യാത്രക്കാരെ കൈകാര്യം ചെയ്തത് 2019ലായിരുന്നു.
വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വര്‍ഷമായിരുന്നു പിന്നിട്ടത്. 2018ല്‍ മുപ്പതു മില്യണിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. ആ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം 12.44 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുന്നുണ്ട്.
വിമാനത്താവളം ഉപരോധത്തിനു മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് തിരിച്ചെത്തിയെന്നാണ് യാത്രക്കാരുടെ വളര്‍ച്ചാ നിരക്ക് വ്യക്തമാക്കുന്നത്. 2019ല്‍ എട്ടു പുതിയ സ്ഥലങ്ങളിലേക്കു കൂടി സര്‍വീസ് തുടങ്ങി. ഫിലിപ്പൈന്‍സിലെ ദാവോ, മൊറോക്കോയിലെ റാബത്ത്, തുര്‍ക്കിയിലെ ഇസ്മിര്‍, ബോട്‌സ്വാനയിലെ ഗബോറോണ്‍, മലേഷ്യയിലെ ലങ്കാവി, സൊമാലിയയിലെ മൊഗാദിഷു, മാള്‍ട്ട, പോര്‍ച്ചുഗലിലെ ലിസ്ബണ്‍ എന്നിവയാണ് എട്ട് പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍. ഇസ്താംബുള്‍, ന്യൂയോര്‍ക്ക്, അല്‍മാറ്റി എന്നിവിടങ്ങളിലേക്ക് പുതിയതായി കാര്‍ഗോ സര്‍വീസും തുടങ്ങി. എച്ച്ഐഎയില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് എയര്‍വെയ്‌സ്, സലാം എയര്‍, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള പതിനഞ്ച് എയര്‍ലൈനുകള്‍ പ്രതിവാര വിമാനസര്‍വീസുകള്‍ വര്‍ധിപ്പിച്ചു. എയര്‍ ഇന്ത്യ, ടാര്‍കോ ഏവിയേഷന്‍ എന്നീ രണ്ട് പുതിയ എയര്‍ലൈന്‍ പങ്കാളികളെയും എച്ച്‌ഐഎ സ്വാഗതം ചെയ്തു. 2019ല്‍ ആകെ 232,917 വിമാന നീക്കങ്ങളാണുണ്ടായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.57 ശതമാനം കൂടുതലാണ്.
2019 വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമാണെന്നും യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായെന്നും എച്ച്‌ഐഎ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളായ ഐഎഎഎഫ് ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി.
വിമാനത്താവള വിപുലീകരണ പദ്ധതിയും 2022 ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങളും അതിനമപ്പുറത്തേക്കുള്ള തയാറെടുപ്പുകളും യാത്രക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനശേഷിയിലും വര്‍ധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്ഐഎയുടെ വിപുലീകരണ പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇന്‍ഡോര്‍ ഉഷ്ണമേഖലാ ഉദ്യാനവും 268 ചതുരശ്ര മീറ്റര്‍ ജല സവിശേഷതകളുമാണ് മുഖ്യ ആകര്‍ഷണം. 2020ന്റെ തുടക്കത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 2022 ഓടെ പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ശേഷി വര്‍ധിപ്പിക്കും. 2022നുശേഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ശേഷി 70 ദശലക്ഷത്തിലധികമായി ഉയര്‍ത്തും.
ഇതിനായി അന്തിമ വിപുലീകരണം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. വിപുലീകരണപദ്ധതിയില്‍ 11,720 ചതുരശ്രമീറ്റര്‍ ലാന്‍ഡ്‌സ്‌കേപ്പ്, റീട്ടെയ്ല്‍, ഭക്ഷ്യ പാനീയ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
ലോകോത്തരനിലവാരമുള്ള അല്‍മുര്‍ജാന്‍ ലോഞ്ചും വിപുലീകരിക്കും. അധിക സ്പാകള്‍, ജിംനേഷ്യങ്ങള്‍, റസ്റ്റോറന്റുകള്‍, മറ്റു ബിസിനസ് കേന്ദ്രങ്ങള്‍, യാത്രാസൗകര്യങ്ങള്‍ എന്നിവ ഈ ലോഞ്ചില്‍ വികസിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാലാമത് ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന് ഇന്ന് തുടക്കം

പ്രഥമ ട്രാവല്‍ ആന്റ് ടൂറിസം എക്‌സ്‌പോ നവംബറില്‍