in ,

ഹമദ് വിമാനത്താവളത്തിലേക്കുള്ള ദോഹ മെട്രോ ലിങ്ക് ഉടന്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക്(എച്ച്‌ഐഎ) ദോഹ മെട്രോയുടെ റെഡ്‌ലൈന്‍ സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദോഹ മെട്രോയുടെ റെഡ്‌ലൈന്‍ മുഖേന ഹമദ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാകും.

റെഡ്‌ലൈനില്‍ ഹമദ് വിമാനത്താവളത്തിലേക്കും തിരിച്ചും ദോഹ മെട്രോ പരീക്ഷണ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്. ഹമദ് വിമാനത്തവളത്തിലേക്ക് ഉടന്‍ മെട്രോ ലിങ്ക് തുറക്കുമെന്ന് ഖത്തര്‍ റെയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖത്തര്‍ റെയിലില്‍നിന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

എച്ച്‌ഐഎ സ്റ്റേഷനിലേതുപോലെ ലുസൈലിലേക്കും തിരിച്ചും നിലവില്‍ ദോഹ മെട്രോ പരീക്ഷണ സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സ്റ്റേഷനുകളുടെയും റെഡ്‌ലൈനിലെ ഇതുവരെ തുറക്കാത്ത മറ്റുസ്റ്റേഷനുകളുടെയും സേവനം സമീപഭാവിയില്‍തന്നെ യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉടന്‍തന്നെ റെഡ്‌ലൈനിലെ എല്ലാ സ്റ്റേഷനുകളും ഗതാഗതത്തിനായി തുറക്കും. ദോഹ മെട്രോ റെഡ്‌ലൈനില്‍ അല്‍വഖ്‌റയിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ മതാര്‍ അല്‍ഖദീം സ്റ്റേഷനുശേഷവും ലുസൈലിലേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ ഫ്രീ സോണ്‍ സ്‌റ്റേഷനുശേഷവും ഉഖ്ബ ബിന്‍ നാഫീ സ്റ്റേഷന്‍ മുഖേന ഹമദ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാകും. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പോകാനായി ഉഖ്ബ ഇബ്‌നു നാഫി സ്റ്റേഷനില്‍ ട്രെയിനുകള്‍ മാറാനാകും.

റെഡ്‌ലൈനിലെ പതിനെട്ട് സ്റ്റേഷനുകളില്‍ പതിമൂന്നെണ്ണവും മെയ് എട്ടിന് ഗതാഗതത്തിനായി തുറന്നിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതവും വിശ്വസനീയവും പരിസ്ഥിതിസൗഹൃദവുമായ ഗതാഗതമാണ് ദോഹ മെട്രോ ഉറപ്പുനല്‍കുന്നത്. അല്‍മതാര്‍ അല്‍ഖദീം സ്റ്റേഷനില്‍ നിന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കെത്താന്‍ പത്തു മിനുട്ടില്‍ താഴെ സമയം മാത്രമെ ആവശ്യമായിവരികയുള്ളു.

എച്ച്‌ഐഎ മെട്രോ ലിങ്ക് തുറന്നുകഴിഞ്ഞാല്‍ ടാക്‌സി സേവനം പരമാവധി കുറക്കാനാകും. യാത്രാചെലവില്‍ വലിയതോതില്‍ കുറവുണ്ടാകുകയും ചെയ്യും. ഒരു യാത്രക്ക് രണ്ടു റിയാല്‍ മാത്രമാണ് യാത്രച്ചെലവ്. ഖത്തര്‍ റെയിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഓരോ യാത്രക്കാരനും ചെറിയ ബാഗുകള്‍ക്കു പുറമെ രണ്ടു വലിയ ലഗേജുകള്‍ കൊണ്ടുപോകാനാകും. ഈ ലഗേജുകള്‍ വെയ്ക്കുന്നതിന് ട്രെയിനില്‍ പ്രത്യേക സൗകര്യമുണ്ട്.

ഞായര്‍ മുതല്‍ വ്യാഴം വരെ ദോഹ മെട്രോയുടെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ നിന്നും രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും. ഈ ചുറ്റളവില്‍ സ്റ്റേഷനുകളിലേക്കും തിരിച്ചും രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നുവരെയാണ് സര്‍വീസ്.

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ദോഹ മെട്രോ കുതിപ്പ് തുടരുകയാണ്. റെഡ്‌ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസ്സര്‍ മുതല്‍ അല്‍വഖ്‌റ വരെ പതിമൂന്ന് സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്‌ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഉഖ്ബ ഇബ്‌നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്‌റയിലെത്തുന്നത്.

35 മിനുട്ടില്‍ താഴെയാണ് യാത്രാസമയം. ഖത്തറിലെ താമസക്കാരും സന്ദര്‍ശകരും ദോഹ മെട്രോയുടെ ഗ്രീന്‍ലൈനിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്.

മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ(സെന്‍ട്രല്‍ സ്‌റ്റേഷന്‍), വെറ്റ്പാലസ്, ഹമദ് ആസ്പത്രി, അല്‍മെസ്സില, അല്‍റയ്യാന്‍ അല്‍ഖദീം, അല്‍ശഖബ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജ്യൂക്കേഷന്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍ (അല്‍റിഫ സ്റ്റേഷന്‍ മുഖേന) എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഗ്രീന്‍ലൈന്‍ സ്റ്റേഷന്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫുവൈരിത്ത് ബീച്ച് ആഗസ്ത് ഒന്നു മുതല്‍ വീണ്ടും തുറക്കും

മൂന്ന് ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ ഓഫീസ് ഒരു കുടക്കീഴില്‍; നാളെ മുതല്‍ തുടക്കം