in ,

ഹമദ് വിമാനത്താവളത്തില്‍ ‘സമ്മര്‍ ഇന്‍ ഖത്തര്‍’ ആസ്വദിക്കാന്‍ അവസരം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലും ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുമായി ചേര്‍ന്ന് സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷിക്കുന്നു.വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പ്രത്യേക സ്വീകരണവും സാംസ്‌ക്കാരിക പൈതൃകവും അനുഭവിച്ചറിയാനാവും.

ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്കും ദോഹയിലേക്ക് വന്നിറങ്ങുന്നവര്‍ക്കും പറന്നുയരുന്നവര്‍ക്കുമെല്ലാം സമ്മര്‍ ഇന്‍ ഖത്തറിന്റെ നിരവധി അനുഭവങ്ങള്‍ ടെര്‍മിനലിലുണ്ടാകും. ജൂലായ്, ആഗസ്ത് മാസങ്ങളിലെ സമ്മര്‍ കാലത്ത് ഏഴ് മില്ല്യനിലേറെ യാത്രക്കാര്‍ ഇതുവഴി കടന്നുപോകുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം രണ്ടാം പാദമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെയുള്ളതില്‍ വെച്ചേറ്റവും തിരക്കുള്ള രണ്ടാം പാദമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്കെല്ലാവര്‍ക്കും വിമാനത്താവളത്തിലെ സാംസ്‌ക്കാരിക പരിപാടികള്‍ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഇവ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു.

അഞ്ച് മണിക്കൂറിലേറെ സമയമുള്ള ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാനും സമ്മര്‍ ഇന്‍ ഖത്തറിന്റെ കൂടുതല്‍ പരിപാടികള്‍ ആസ്വദിക്കാനുമുള്ള അവസരവും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍കോഴ്‌സ് ബിയിലെ ഹെറിട്ടേജ് സോണിലാണ് കൂടുതല്‍ പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത തമ്പടിച്ച് അതിനകത്ത് കാലിഗ്രഫി രചനയും മൈലാഞ്ചിയിടലും തയ്യാറാക്കിയിട്ടുണ്ട്.

ജപമാലക്കുരു നിര്‍മിക്കുന്നവര്‍, കുട്ട മെടയുന്നവര്‍, മുത്തുകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിക്കുന്നവര്‍ തുടങ്ങി നിരവധി കൈത്തൊഴില്‍ ജീവിതങ്ങളെ യാത്രക്കാര്‍ക്ക് നേരില്‍ കാണാനാവും. കുതിരയുടെ ആകൃതിയില്‍ മുറിച്ച പെട്ടിയില്‍ നിറപ്പകിട്ടാര്‍ന്ന തുണികള്‍ ചേര്‍ത്തുവെച്ചുള്ള പരമ്പരാഗത കുതിരനൃത്തം, സംഗീത ഉപകരണമായ ഊദ് വായന തുടങ്ങിയ ലൈവ് അവതരണങ്ങളും കാണാന്‍ സാധിക്കും. 

വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ക്കായി വ്യത്യസ്തയിനം പരിപാടികളാണ് കോണ്‍കേഴ്‌സ് സിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുട്ടികളുടെ യോഗ, പട്ടവും കടലാസ് വിമാനവും നിര്‍മിക്കല്‍, കലാവാസനകള്‍ പ്രകടിപ്പിക്കാനുള്ള വലിയ മതില്‍ തുടങ്ങിയവയെല്ലാം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 60 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

1000 പേരില്‍ ആറു പേര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മോഹാലസ്യം

കെ.എം.സി.സി ആസ്ഥാനത്ത് ചന്ദ്രിക വായനശാലയുമായി നാദാപുരം മണ്ഡലം കമ്മിറ്റി