
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ നാലാമത് അടിയന്തര പരിശീലനം ‘ഒറിക്‌സ് ഗോള്‍ഫ് 2019’ സംഘടിപ്പിച്ചു. രാജ്യാന്തര സിവില്‍ വ്യോമയാന സംഘടനയുടെ നിര്‍ദേശാനുസരണമായിരുന്നു പരിശീലനം.ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ലൈന്‍ ഓപറേറ്റേഴ്‌സ് കമ്മിറ്റി, എയര്‍പോര്‍ട്ട് കസ്റ്റംസ്, പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ആഭ്യന്തര മന്ത്രാലയം, പ്രതിരോധമന്ത്രാലയം, സിവില്‍ ഡിഫന്‍സ് വകുപ്പ്, നാഷനല്‍ കമാന്‍ഡ് സെന്റര്‍, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ വിവിധ മേഖലകളിലെ അടിയന്തര സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുകയും നവീകരിക്കുകയും ചെയ്യുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. യാത്രക്കാരുടെ ആരോഗ്യവുമായി ബന്ധപ്പട്ട അടിയന്തര സാഹചര്യം എങ്ങനെ നേരിടാനാകും എന്നതിലൂന്നിയായിരുന്നു ഇത്തവണത്തെ പരിശീലനം. ഖത്തറിലെ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ശേഷിയും മികവും മനസിലാക്കാനും അടയാളപ്പെടുത്താനും ഈ പരിശീലനം സഹായകമായി. ലക്ഷക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന തന്ത്രപ്രധാനമായ സ്ഥലമെന്നിരിക്കെ യാത്രക്കാരുടെ അടിയന്തര വൈദ്യസഹായം പോലുള്ള സഹാചര്യങ്ങള്‍ സുപ്രധാനമാണ്.
എബോള വൈറസ് ബാധിതനായ യാത്രക്കാരനുമായി എത്തുന്ന വിമാനത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന രൂപത്തിലായിരുന്നു പരിശീലനം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം എബോള വൈറസ് ബാധിത രാജ്യത്ത് നിന്ന് വരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ഒരു യാത്രക്കാരന് എബോള വൈറസ് ബാധയുണ്ടെന്ന് ഹമദ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രം അടിയന്തര സന്ദേശം ലഭിക്കുകയും തുടര്‍ന്നുള്ള നടപടിക്രമങ്ങളുമാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്. വിമാനം വന്നയുടന്‍ തന്നെ എല്ലാ യാത്രക്കാര്‍ക്കും കൃത്യമായ ആരോഗ്യ സംരക്ഷണ ചികിത്സാസേവനം വിമാനത്താവളത്തിലെ ആരോഗ്യ സംഘം പരിശീലനത്തിന്റെ ഭാഗമായി നല്‍കി.
ഏത് അടിയന്തര ഘട്ടത്തിലും യാത്രക്കാര്‍ക്ക് ഏത് രൂപത്തിലുള്ള ആരോഗ്യസഹായവും നല്‍കാന്‍ സജ്ജമാണെന്ന് വ്യക്തമാക്കാന്‍ ഈ ഡെമോയിലൂടെ അധികൃതര്‍ക്ക് സാധിച്ചു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ യോജിച്ചുള്ള സഹകരണവും പ്രവര്‍ത്തനവും ദ്രുതഗതിയില്‍ സാധ്യമാകുമെന്ന് തെളിയിക്കാനും കഴിഞ്ഞു. ഹമദിന്റെ ആംബുലന്‍സ് സൗകര്യങ്ങള്‍, പൊതുജനാേരാഗ്യമന്ത്രാലയത്തിലെ അടിയന്തര സേവനവിഭാഗം തുടങ്ങിയവയും പരിശീലനത്തില്‍ പങ്കെടുത്ത് തങ്ങളുടെ പങ്ക് വിജയകരമായി പൂര്‍ത്തീകരിച്ചു. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനമാണ് ലഭ്യമാക്കുന്നതെന്നും അതിന്റെ തെളിവാണ് വിജയകരമായ പരിശീലനത്തില്‍ പ്രതിഫലിച്ചതെന്നും വിമാനത്താവളം ഓപറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാന്‍ മെറ്റ്‌സോവിറ്റ്‌സ് പറഞ്ഞു.