
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആറു മാസത്തിനുള്ളില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കും. വിമാനത്താവളത്തിന്റെ പ്രവേശന കവാടം മുതല്‍ വിമാനത്തിനുള്ളിലേക്കുള്ള പ്രവേശനം വരെയുള്ള നടപടികള്‍ സ്വയമേവ പൂര്‍ത്തിയാക്കാനാകുന്ന സ്മാര്‍ട് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. സ്മാര്‍ട്ട് സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍, ബോര്‍ഡിങ് പാസ് പ്രിന്റ് എടുക്കല്‍, ലഗേജുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കല്‍, ബാഗേജുകള്‍ യഥാസ്ഥാനങ്ങളില്‍ വെക്കല്‍ തുടങ്ങിയവയെല്ലാം സ്വയമേവ ചെയ്യാം. തുടര്‍ന്ന് ഇ-ഗേറ്റ് മുഖേന ബോര്‍ഡിങ് ഗേറ്റിലേക്കും എത്താം. പ്രതിദിനം ഇ-ഗേറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 15,000 മുതല്‍ 18,000 വരെയാണ്. നിലവില്‍ അറൈവല്‍, ഡിപ്പാര്‍ചര്‍ ഹാളുകളിലായി 20 വീതം ഇ-ഗേറ്റുകളാണുള്ളത്. ഇ-ഗേറ്റില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ കൗണ്ടറുകള്‍ മുഖേന നടപടികള്‍ പൂര്‍ത്തിയാക്കാം. 18 വയസ്സിന് മുകളിലുള്ള രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമാണ് ഇ-ഗേറ്റ് ഉപയോഗത്തിന് അനുമതി. ഖത്തര്‍ ഐഡി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. യാത്രക്കാരുടെ വിരലടയാളം, കണ്ണിന്റെ സ്‌കാന്‍, വ്യക്തിഗത യാത്രാ രേഖ എന്നിവ ഉപയോഗിച്ചാണ് ഇ-ഗേറ്റിന്റെ പ്രവര്‍ത്തനം. ഇ-ഗേറ്റിലെ ഇ-റീഡറില്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഐ.ഡി കാര്‍ഡ് വെക്കുമ്പോള്‍ തന്നെ ഗേറ്റിലേക്കുള്ള ആദ്യ ഗ്ലാസ് ബാരിയര്‍ തുറക്കും. ഗേറ്റിന്റെ മധ്യത്തില്‍ വിരലടയാളം ഉപയോഗിച്ചോ അല്ലെങ്കില്‍ കണ്ണ് സ്‌കാന്‍ ചെയ്തോ പുറത്ത് കടക്കാനുള്ള അനുമതി തേടാം. വിവരങ്ങള്‍ കൃത്യമെങ്കില്‍ ഇ-ഗേറ്റ് തുറക്കും. ഈ സേവനം സൗജന്യമാണ്. ഇ-ഗേറ്റിന്റെ സമീപത്തായി പ്രവര്‍ത്തിക്കുന്ന പാസ്പോര്‍ട്ട് വകുപ്പില്‍ ഖത്തര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇ-ഗേറ്റ് ഉപയോഗിക്കാനുള്ള സേവനം പ്രവര്‍ത്തനക്ഷമമാക്കാം. മുന്‍കൂര്‍ റജിസ്ട്രേഷനോ ഫീസോ ആവശ്യമില്ല.