Tuesday, December 10

ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Spread the love

ഹമദിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മാസമായി ആഗസ്ത്

ദോഹ: ഹമദ് വിമാനത്താവളത്തില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യാത്രാഗതാഗത്തില്‍ എക്കാലത്തെയും തിരക്കേറിയ പാദമായിരുന്നു ഇത്തവണത്തേത്. 10.7 മില്യണ്‍ യാത്രക്കാരെയാണ് ഈ വര്‍ഷം മൂന്നാംപാദത്തില്‍ വിമാനത്താവളം കൈകാര്യം ചെയ്തത്. ഹമദില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഭേദിക്കാനായി. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയശേഷം ഏറ്റവും തിരക്കേറിയ സമ്മര്‍ സീസണായിരുന്നു ഇത്തവണത്തേത്.

കഴിഞ്ഞവര്‍ഷം ഇതേപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10.71ശതമാനമാണ് വര്‍ധന. ജൂലൈയില്‍ 37,00,729, ആഗസ്തില്‍ 38,63,013, സെപ്തംബറില്‍ 31,57,086 യാത്രക്കാരെ വീതമാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. ഹമദ് വിമാനത്താവളം മുഖേന പുറപ്പെടല്‍, എത്തിച്ചേരല്‍, കടന്നുപോകല്‍ ഉള്‍പ്പടെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്രയധികം യാത്രക്കാരെ കൈകാര്യം ചെയ്തത്. ഹമദ് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മാസം ഈ ആഗസ്തായിരുന്നു. ഹമദിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ മാസം ഈ ജൂലൈ ആയിരുന്നു.

ഖത്തറിന്റെ അത്യാധുനിക ടെര്‍മിനലില്‍ ഈ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 60,135 വിമാനനീക്കങ്ങളാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 5.44 ശതമാനം വര്‍ധന.
ജൂലൈയില്‍ 20,094 വിമാനനീക്കങ്ങള്‍, ആഗസ്തില്‍ 20,361, സെപ്തംബറില്‍ 19,680 വിമാനനീക്കങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. എയര്‍ക്രാഫ്റ്റ് ടേക്ക് ഓഫ്, ലാന്‍ഡിങ് ഉള്‍പ്പടെയാണ് ഇത്രയധികം വിമാനനീക്കങ്ങളുണ്ടായത്. വിമാനനീക്കത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഏറ്റവും തിരക്കേറിയ മാസം ആഗസ്തായിരുന്നു.

യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വിമാനത്താവളം പ്രതിജ്ഞാബദ്ധമാണ്. വിമാനത്താവളത്തിന് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ എച്ച്‌ഐഎയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് യാത്രക്കാരുടെ എണ്ണത്തിലെ ഈ വളര്‍ച്ചാവേഗത. ഖത്തര്‍ എയര്‍വേയ്‌സ് ഈ വര്‍ഷം 11 പുതിയ സ്ഥലങ്ങളിലേക്കുള്ള കൂടി സര്‍വീസ് തുടങ്ങിയിട്ടുണ്ട്. എയര്‍ലൈനിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ തെളിവുകൂടിയാണിത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ 250ലധികം എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 160ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

ലോകത്തെ ജനസംഖ്യയുടെ 80ശതമാനം പേരിലേക്കും ഹമദില്‍ നിന്നും ആറുമണിക്കൂര്‍ വിമാനയാത്ര ദൈര്‍ഘ്യം മാത്രമാണുള്ളത്. പ്രതിവര്‍ം ലോകത്തിന്റെ എല്ലാ മൂലകളിലുമായി 35 മില്യണിലധികം യാത്രക്കാരെയാണ് വിമാനത്താവളം ബന്ധിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ കര്‍മ്മപദ്ധതിയുടെ കേന്ദ്രഭാഗമെന്ന നിലയില്‍ സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം നടപ്പാക്കിവരുകയാണ്. യാത്രക്കാരുടെ ആവേശകരമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് തുടക്കമിടുന്നതാണ് പ്രോഗ്രാം. എല്ലാ സുപ്രധാന പാസഞ്ചര്‍ ടച്ച് പോയിന്റുകളിലും ഫേഷ്യല്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുന്നുണ്ട്.