in ,

ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയാ സേവനങ്ങള്‍ തുടങ്ങി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ ആസ്പത്രികളിലൊന്നായ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയാ സേവനങ്ങള്‍ക്ക് തുടക്കമായി. പ്രതികൂലമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഈ ആസ്പത്രി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ശസ്ത്രക്രിയാസേവന നടപ്പാക്കല്‍ പ്രോഗ്രാമിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു.

ഇലക്ടീവ് ജനറല്‍ സര്‍ജറി, യൂറോളജി നടപടിക്രമങ്ങള്‍ക്കായി രണ്ടു ഓപ്പറേറ്റിങ് തീയറ്ററുകള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. പുതിയ സേവനം നടപ്പാക്കുന്നതിന്റെ പ്രാരഭഘട്ടത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പതിനഞ്ച് ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സേവനം തുടങ്ങാനായത് ശ്രദ്ധേയമായ നേട്ടമാണെന്ന് ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹാനി കിലാനി പറഞ്ഞു.

ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കുമാണ് കൂടുതല്‍ വിപുലമായ സേവനങ്ങളുടെ പ്രയോജനം ലഭിക്കുന്നത്. ഹസം മബൈരീഖിലെ ശസ്ത്രക്രിയാ സേവനങ്ങളിലൂടെ എച്ച്എംസിയുടെ മറ്റു ആസ്പത്രികളുടെ ഓപ്പറേറ്റിങ് തീയറ്റര്‍ ശേഷി കൂടുതല്‍ സ്വതന്ത്രവും കാര്യക്ഷമവുമാക്കാന്‍ സഹായകമാകും.

പുതിയ ഓപ്പറേറ്റിങ് തീയറ്ററുകള്‍ തുറന്നതോടെ അത്യാധുനിക സൗകര്യത്തില്‍ കൂടുതല്‍ വിപുലമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഒരേ സ്ഥലത്ത് ക്ലിനിക്കല്‍, ശസ്ത്രക്രിയാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ശസ്ത്രക്രിയാ ചികിത്സ, തുടര്‍ന്നുള്ള പരിചരണം എന്നിവയ്ക്കായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യംവരുന്നില്ല. ശസ്ത്രക്രിയാ സേവന നടപ്പാക്കല്‍ പ്രോഗ്രാമിന്റെ രണ്ടാംഘട്ടം വരുംമാസങ്ങളില്‍ തന്നെ നടപ്പാക്കും.

ഈ ഘട്ടത്തില്‍ അധിക ഓപ്പറേറ്റിങ് തീയറ്ററുകള്‍ തുറക്കും. ഇലക്ടീവ് ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. അടിയന്തര ശസ്ത്രക്രിയയും മറ്റു സ്‌പെഷ്യാലിറ്റികളും ലഭ്യമാക്കും. ഓര്‍ത്തോപീഡിക്‌സ്, ഹാന്‍ഡ് സര്‍ജറി എന്നിവയെല്ലാം നടപ്പാക്കും.

കമ്യൂണിറ്റി അധിഷ്ഠിത ആസ്പത്രിയായ ഹസം മുബൈരീഖ് കഴിഞ്ഞവര്‍ഷമാണ് പ്രവര്‍ത്തനംതുടങ്ങിയത്. തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനൊപ്പം എച്ച്എംസിയുടെ മറ്റ് ആസ്പത്രികളിലെയും ക്ലിനിക്കുകളിലെയും തിരക്കു കുറയ്ക്കാനും സഹായകമായിട്ടുണ്ട്.

പ്രത്യേകിച്ചും ഹമദ് ജനറല്‍ ആസ്പത്രിയിലെയും അല്‍വഖ്‌റ ആസ്പത്രിയിലെയും അടിയന്തര സേവന വിഭാഗത്തില്‍ തിരക്ക കുറയ്ക്കാനായി. തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ സജ്ജമാക്കുകയെന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കര്‍മപദ്ധതിയുടെ ഭാഗമായാണ് പുതിയ ആസ്പത്രി.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്യൂണിറ്റികള്‍ക്ക് അത്യാധുനിക മെഡിക്കല്‍ സേവനങ്ങള്‍, ചികിത്സ, പരിചരണം എന്നിവ ലഭ്യമാക്കുകയാണ് ആസ്പത്രിയുടെ ലക്ഷ്യം.സമീപപ്രദേശങ്ങളിലെയും പുരുഷന്‍മാര്‍ക്ക് ഇവിടെ പ്രവേശനമുണ്ടാകും. ഔട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ് പരിചരണങ്ങള്‍ക്കൊപ്പം അടിയന്തര ചികിത്സാസൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

ക്ലിനിക്കല്‍ ഇമേജിങ്, ലബോറട്ടറി, ഫാര്‍മസി സേവനങ്ങളോടെയാണ് പുതിയ ആസ്പത്രി സജ്ജമാക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ ലാന്‍ഡിങ് പാഡ് സൗകര്യം ആസ്പത്രിയിലുണ്ട്. സങ്കീര്‍ണാവസ്ഥയിലുള്ള രോഗിയെ ഏഴുമിനിട്ടനകം ഹെലികോപ്റ്റര്‍ മുഖേന ഹമദ് ജനറല്‍ ആസ്പത്രിയിലെത്തിക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഭക്ഷ്യസുരക്ഷ: ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട്

ബീജിങ് എക്‌സ്‌പോയിലെ ഖത്തര്‍ പവലിയനില്‍ സന്ദര്‍ശകത്തിരക്കേറുന്നു