
ദോഹ: ലണ്ടനിലെ ഹീത്രു പണിമുടക്കിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് ഹീത്രു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തു.
ഹീത്രു വിമാനത്താവളത്തില്‍ ഗ്രൗണ്ട് ജീവനക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്ന പണിമുടക്ക് ഖത്തര്‍ എയര്വേയ്സിന്റേതുള്പ്പടെ 91 എയര്‍ലൈനുകളുടെ സര്‍വീസിനെയാണ് ബാധിച്ചിരിക്കുന്നത്.
നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഹീത്രൂയില്നിന്നും ദോഹയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ വിശദാംശങ്ങള്‍ സഹിതം എയര്‍ലൈന്‍ അവരുടെ ട്രാവല്‍ അലേര്‍ട്ട് പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പണിമുടക്കുമായി ബന്ധപ്പെട്ട തടസങ്ങളുടെ ഈ സമയത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി ക്യൂവില്‍ നില്ക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിന് കയ്യില്‍ കരുതാവുന്ന ലഗേജുകളുടെ അളവ് പരിമിതപ്പെടുത്തണമെന്നും പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യുന്നതിനായി എത്തിച്ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തിങ്കളാളഴ്ച ലണ്ടനിലെ ഹീത്രുവില്‍നിന്നും പുറപ്പെടേണ്ടിയിരുന്ന ക്യുആര്‍ 008 വിമാനം ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഹീത്രുവില്‍നിന്നും ഗാറ്റ്വിക്കിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സൗജന്യമായി ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും സാധ്യമെങ്കില്‍ യാത്രക്കാര്‍ നേരിട്ടു ഗാറ്റ്വിക്കിലേക്ക് എത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ചിട്ടുണ്ട്.
ഇന്ന് ദോഹയില്‍ നിന്നും ഹീത്രുവിലേക്കുള്ള ക്യുആര്‍ 003 വിമാനം കൃത്യസമയമായ 7.50ന് തന്നെ പുറപ്പെടുമെങ്കിലും ഹീത്രുവിലേക്കായിരിക്കില്ല ലണ്ടന്‍ ഗാറ്റ്വിക്കിലേക്കായിരിക്കും പോകുക. ഇന്ന് ഹീത്രുവില്‍ നിന്നും ദോഹയിലേക്കുള്ള ക്യുആര്‍ 004 വിമാനം ലണ്ടന്‍ ഗാറ്റ്വിക്കില് നിന്നായിരിക്കും പുറപ്പെടുക.
ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് യാത്രയിലെ മാറ്റങ്ങള്‍ അറിയിക്കും. യാത്രക്കാരെ ബന്ധപ്പെടേണ്ട വിശദാംശങ്ങള്‍ കാലികമാണെന്ന് ഉറപ്പാക്കാണം. അറാം തീയതിക്കുശേഷം കൂടുതല്‍ തടസങ്ങള്‍ ഹീത്രു വിമാനത്താവളത്തിലുണ്ടാകുമോയെന്ന് വ്യക്തമല്ല.
എന്നിരുന്നാലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ അപ്ഡേറ്റ് ചെയ്യുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. ഞായറാഴ്ചയിലെ ക്യുആര്‍ 005 ദോഹ- ഹീത്രു, തിങ്കളാഴ്ചയിലെ ക്യുആര്‍ 006 ഹീത്രു- ദോഹ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.