in ,

ഹെപ്പറ്റൈറ്റിസ് സിക്കെതിരായ പോരാട്ടം: മികച്ച പത്ത് രാജ്യങ്ങളില്‍ ഖത്തറും

ഡോ.മുന അല്‍മസ്‌ലമാനി

ദോഹ: ഹെപ്പറ്റൈറ്റിസ് സി വൈറസ് വിമുക്തമാക്കുന്നതിനുള്ള പാതയില്‍ മുന്നേറുന്ന ലോകത്തെ പത്ത് മികച്ച രാജ്യങ്ങളിലൊന്ന് ഖത്തര്‍. ലോകാരോഗ്യസംഘടനയുടെ പട്ടികയിലാണ് ഖത്തറും ഇടംനേടിയത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍മസ്‌ലമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹെപ്പറ്റൈറ്റിസ് നിയന്ത്രണത്തിനായി എച്ച്എംസിയുടെയും പൊതുജനാരോഗ്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെ 2014 ഡിസംബറില്‍ ഒരു പദ്ധതിക്ക് തുടക്കമിട്ടിരുുന്നു. അതിനുശേഷം ഹൈപ്പറ്റൈറ്റിസ് നിയന്ത്രണത്തിനായുള്ള ദേശീയ കര്‍മ്മപദ്ധതി 2018-200ന് തുടക്കംകുറിച്ചു- അവര്‍ ചൂണ്ടിക്കാട്ടി. ഈ പദ്ധതി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തില്‍ കൊണ്ടുവന്നു.

സംഘടനയുടെ സമീപകാല പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട് പ്രകാരം ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ഉന്‍മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന മികച്ച പത്ത് രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എച്ച്എംസിയുടെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തില്‍ ഇതിനകം തന്നെ സ്റ്റാന്റഡൈസ്ഡ് ഹെപ്പറ്റൈറ്റിസ് കെയര്‍ പ്രോഗ്രാം നിലവിലുണ്ട്.

ഹെപ്പറ്റൈറ്റിസ് സി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനായത് ശ്രദ്ധേയമായ നേട്ടമാണ്. പൊതുജനാരോഗ്യമന്ത്രിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് 23,000ലധികം പേര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണ്.

ഇതില്‍ 1445 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മികച്ച പരിശീലന ചികിത്സാ അനുഭവങ്ങള്‍ക്കും അനുസൃതമായി തുടര്‍ച്ചയായി ഫോളോഅപ് പരിചരണം ലഭ്യമാക്കിവരുന്നു. രാജ്യത്ത് 4200ലധികം പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് സി രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1700 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഹെപ്പറ്റൈറ്റിസ് സി വൈറസ് നിര്‍മാര്‍ജനം ചെയ്യുന്നതിനു മുന്‍നിരയിലുള്ള പത്ത് രാജ്യങ്ങള്‍ ഇവയാണ്- ഓസ്‌ട്രേലിയ, ബ്രസീല്‍, ജര്‍മനി, ഐസ്‌ലന്‍ഡ്, ജപ്പാന്‍, നെതര്‍ലന്റ്, ഖത്തര്‍, ഇറ്റലി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ്, യുകെ, മംഗോളിയ, ഇറാന്‍.

കരളിന്റെ വീക്കം ആണ് ഹെപ്പറ്റൈറ്റിസ്. ഈ അവസ്ഥ സ്വയം പരിമിതപ്പെടുത്താം. അല്ലെങ്കില്‍ ഫൈബ്രോസിസ്, സിറോസിസ്, അതല്ലെങ്കില്‍ കരള്‍ അര്‍ബുദം എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന്റെ ഏറ്റവും സാധാരണ കാരണം.

എന്നാല്‍ മറ്റു അണുബാധകള്‍, വിഷപദാര്‍ഥങ്ങള്‍, സ്വയംരോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയും ഹെപ്പറ്റൈറ്റിസിനു കാരണമായേക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. രോഗത്തിന്റെയും മരണത്തിന്റെയും ഭാരം, രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത, പകര്‍ച്ചവ്യാധിപടരല്‍ എന്നിവ കാരണം ഈ അഞ്ചിനങ്ങള്‍ വളരെയധികം ആശങ്കയുണര്‍ത്തുന്നതാണ്.

പ്രത്യേകിച്ചും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വിട്ടുമാറാത്ത രോഗത്തിലേക്ക് നയിച്ചേക്കാം. കരള്‍ സിറോസിസിനും ക്യാന്‍സറിനും ഏറ്റവും സാധാരണമായ കാരണം കൂടിയാണ്. യുഎസില്‍ അടുത്തിടെയുണ്ടായ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയെക്കുറിച്ച് പരാമര്‍ശിക്കവെ ഖത്തറില്‍ അടുത്തിടെ യാതൊരു വ്യാപനവുമില്ലെന്ന് ഡോ. അല്‍മസ്‌ലമാനി പറഞ്ഞു.

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ശുപാര്‍ശ ചെയ്യുന്ന പതിവ് ഹെപ്പറ്റൈറ്റിസ് എ വാക്‌സിനേഷന്‍ കര്‍ശനമായി നടപ്പാക്കുന്നതാണ് ഇതിനു കാരണമെന്നും അവര്‍ പറഞ്ഞു. വൈറല്‍ ഹെപ്പറ്റൈറ്റിസ് പകര്‍ച്ചവ്യാധികളെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ രാജ്യത്തിനാകുന്നുണ്ടെന്നും മേഖലയിലുടനീളം പ്രതികരണ സംവിധാനം യാഥാര്‍ഥ്യമാക്കിയിട്ടുണ്ടെന്നും എച്ച്എംസിയുടെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഹെപ്പറ്റൈറ്റിസ് കെയര്‍ പ്രോഗ്രാം ലീഡുമായ ഡോ.മൗതാസ് ദെര്‍ബാല പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുന്നതിനുള്ള ശരിയായ പാതയിലാണ് ഖത്തര്‍. രോഗത്തിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി ഇതിനകം വികസിപ്പിച്ചെടുത്ത കര്‍മ്മപദ്ധതിയുടെ തുടര്‍ച്ചയാണ് ഈ തന്ത്രപരമായ ചട്ടക്കൂട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദുല്‍ഹജ്ജ് ഒന്ന് ആഗസ്ത് രണ്ടിനായിരിക്കുമെന്ന് ക്യുസിഎച്ച്

ആസ്പയര്‍ സോണ്‍ സമ്മര്‍ ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തം