in , ,

ഹേ റാം; സമകാല ഇന്ത്യയുടെ നേര് 5 മിനുട്ടില്‍

യശ്വര്‍ധന്‍ ഗോസ്വാമി

അശ്‌റഫ് തൂണേരി
ദോഹ

മതവും ജാതിയും ആള്‍ക്കൂട്ടാക്രമണത്തിന് കാരണമാവുന്ന സാമൂഹിക സാഹചര്യത്തേയും ദാരിദ്ര്യത്തിന്റെ നോവ് പേറി വേലക്ക് നിര്‍ബന്ധിതരാവുന്ന ഇന്ത്യയിലെ ചേരിപ്രദേശങ്ങളിലെ കുട്ടികളേയും അഞ്ചു മിനുട്ടില്‍ ദൃശ്യവത്കരിക്കുമ്പോള്‍ ഇന്ത്യയുടെ സമകാല നേര് നമുക്ക് മുമ്പില്‍ തെളിയുകയാണ്. ഏഴാമത് അജ്‌യാല്‍ യുവചലച്ചിത്രമേളയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ വിഭാഗത്തില്‍ അവതരിപ്പിക്കപ്പെട്ട എട്ടു ഹൃസ്വചിത്രങ്ങളും ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക കുടുംബ സാഹചര്യങ്ങളെ പല നിലകളില്‍ പ്രതിഫലിപ്പിക്കുകയാണ്.
ഭാവനാ ശില്‍പ്പങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളെ മറയില്ലാതെ അവതരിപ്പിക്കപ്പെട്ട സിനിമകളില്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ യശ്വര്‍ധന്‍ ഗോസ്വാമി സംവിധാനം ചെയ്ത ഹേ റാം മികച്ചു നിന്നു. ഒരു ഓട്ടോ തൊഴിലാളിയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. രാമനുള്‍പ്പെടെയുള്ള ദൈവ ചിത്രങ്ങള്‍ക്കു മുമ്പില്‍ കൈകൂപ്പി മാത്രമേ ഓട്ടോതൊഴിലാളിയായ മധ്യവയസ്‌കന്‍ തന്റെ ഒരു ദിവസത്തെ യാത്ര ആരംഭിക്കാറുള്ളൂ. ഒരു യാത്രക്കാരന്‍ തന്റെ ഓട്ടോയില്‍ കയറുന്നു. ഓട്ടോയില്‍ ഫ്രെയിമിട്ടു വെച്ച ദൈവചിത്രങ്ങള്‍ക്ക് മുമ്പില്‍ കൈകൂപ്പി അയാള്‍ വാഹനമോടിക്കാന്‍ തുടങ്ങുകയും യാത്രക്കാരനോട് മൊബൈല്‍ കാലത്ത് ആശയവിനിമയം കുറഞ്ഞതിനെക്കുറിച്ച് പരിഭവിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ മൊബൈല്‍ നോക്കുകയായിരുന്നു യാത്രക്കാരന്‍. പിന്നീട് ഓട്ടോഡ്രൈവര്‍ക്ക് ചെവികൊടുക്കുന്ന ആ യാത്രക്കാരനോട് തന്റെ വിശ്വാസവും കുടുംബ സാഹചര്യവുമെല്ലാം പറയുന്നുണ്ട് ഓട്ടോ ഡ്രൈവര്‍. ഡോക്ടറായ മകനെക്കുറിച്ച് ആവേശംകൊള്ളുകയും ചെയ്യുന്നു. സൗഹൃദ സംഭാഷണം തുടര്‍ന്ന് ഓട്ടോ മുന്നോട്ടുപോകവെ ഒരു ട്രാഫിക് കുരുക്കിലകപ്പെട്ടതിനെത്തുടര്‍ന്ന് സായുധരായ ഒരാള്‍ക്കൂട്ടം മുന്‍പിലേക്ക് ചാടിവീഴുകയാണ്. ആദ്യം പേരു ചോദിക്കുന്നത് ഓട്ടോ ഡ്രൈവറോട്. അദ്ദേഹം ഒരു ഹൈന്ദവ പേര് പറയുന്നതോടെ അവര്‍ സംതൃപ്തര്‍. അടുത്ത ഊഴം യാത്രക്കാരനോട്. അയാള്‍ ഒരു മുസ്ലിം നാമധാരിയായതോടെ അവര്‍ അയാളെ പിടിച്ചുവലിച്ച് പുറത്തേക്കിടുന്നു. ഹേ റാം എന്ന് വിളിക്കാന്‍ ആജ്ഞാപിക്കുന്നു. ആദ്യം അയാള്‍ വഴങ്ങിയില്ല. തുടരെത്തുടരെ മര്‍ദ്ദിച്ചു. ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതോടെ അയാള്‍ ഹേ റാം എന്ന് വിളിക്കുന്നു. ഇതോടെ സംതൃപ്തരായ ആക്രമികള്‍ അയാളെ മര്‍ദ്ദിച്ചവശനാക്കി സ്ഥലം വിടുകയാണ്. മര്‍ദ്ദനം പേടിച്ച് ഓടിപ്പോവേണ്ടി വന്ന ഡ്രൈവര്‍ സ്ഥിതി ശാന്തമെന്ന് തോന്നി തിരിച്ചെത്തുമ്പോള്‍ കാണുന്നത് നിലത്തുവീണു കിടക്കുന്ന യാത്രക്കാരനേയാണ്. അവശനായ അയാളെ എടുത്ത് ആശപുത്രിയിലെത്തിക്കുന്നു.
ശേഷം ആശുപത്രിക്ക് മുമ്പില്‍ ഓട്ടോയില്‍ കയറിയിരുന്ന് തന്റെ അനുഭവത്തിന്റെ ആഘാതമാലോചിച്ചിരിക്കവെ മറ്റൊരു യാത്രക്കാരന്‍ വന്ന് ഓട്ടോപോവില്ലേ എന്ന് ചോദിക്കുമ്പോള്‍ ഞെട്ടിയുണര്‍ന്ന് വാഹനമെടുക്കാന്‍ തുനിയുകയാണ്. അയാള്‍ രാമന്റെ ഫോട്ടോയിലേക്ക് നോക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അയാളിലുണ്ടാവുന്ന പരിഭ്രമത്തോടെ സിനിമ അവസാനിക്കുന്നു.
വെവിധ്യ വിശ്വാസങ്ങളുടേയും സംസ്‌കാരങ്ങളുടേയും ഇന്ത്യയെ ഹൈന്ദവ ഭീകരതയുടെ ഏകശിലാ രൂപമാക്കാനുള്ള നിരന്തര ശ്രമങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഈ സിനിമ. സ്‌കൂളില്‍ പോവുന്നതിനു മുമ്പ് മുംബൈയിലെ ട്രെയിനുകളിലൂടെ യാത്ര ചെയ്ത് മാഗസിനുകളും കളിക്കോപ്പുകളും വിറ്റ് കുടുംബത്തിനുള്ള അന്നത്തിനു വക കണ്ടെത്തുന്ന രണ്ടു ബാലന്മാരുടെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ബാട്ടി എന്ന സിനിമയിലൂടെ അക്ഷയ് ദന്‍വാലേ. ബി ബി സിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ അഹ്മദ് റോയ് സംവിധാനം ചെയ്ത് പ്രമുഖ ഫ്രഞ്ച് ഇന്ത്യന്‍ നടി കല്‍ക്കി കേക്ലാന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ‘ദി തോട്ട് ഓഫ് യു’ എന്ന ചലച്ചിത്രം ഭാര്യാ ഭര്‍തൃ ബന്ധത്തിനിടയിലെ പൊസസ്സീവ്‌നെസ്സിനെക്കുറിച്ചാണ് സംവദിക്കുന്നത്.
ഉമശങ്കര്‍ നായരും ഗൈഥി സിദ്ധീഖിയും സംവിധാനം ചെയ്ത വല്യച്ഛന്റേയും കുഞ്ഞുപെണ്‍കുട്ടിയുടേയും കഥപറയുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന 11 മിനുട്ട് സിനിമ അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അവിശങ്കര്‍ ഭരദ്വാജ് സംവിധാനം ചെയ്ത അപ്‌നാ അപ്‌നാ അന്‍ദാസ് എന്ന ഹൃസ്വചിത്രം തങ്ങളേറെ ആഗ്രഹിച്ചെടുത്ത സിനിമാ ടിക്കറ്റ് കളവ് പോയതിനെത്തുടര്‍ന്ന് പ്രാദേശിക പൊലീസിനെ സമീപിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളുടെ കഥയാണ് പറഞ്ഞത്.
സ്റ്റീം (ഹര്‍ഷ് ഹുദ്ദ), മദര്‍ പ്രോമിസ് (ഗൗതം വാസി) വേക്കന്‍സി (അനുരാഗ് ബി വോര്‍ലിക്കാര്‍) എന്നീ ചിത്രങ്ങളും മികവുറ്റതായി. മുംബൈ ഹൃസ്വ ചലച്ചിത്രമേളയില്‍ ശ്രദ്ധേ നേടിയ 5 മിനുട്ടു മുതല്‍ 15 മിനുട്ട് വരെ നീളുന്ന സിനിമകള്‍ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ തെരെഞ്ഞെടുത്തുവെന്നതാണ് ക്യുറേറ്റ് ചെയ്ത മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ പ്രോഗ്രാം കോഡിനേറ്റര്‍ കല്‍പ്പന നായരെ ശ്രദ്ധേയയാക്കുന്നത്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജസു (മാമി)മായി സഹകരിച്ച് നടത്തിയ പ്രദര്‍ശനം ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗം കൂടിയായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി ഖത്തര്‍ ഐ ടി വിങ് ജോബ് വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

ബറാഹ സൂഖില്‍ ആദ്യദിനം മികച്ച സന്ദര്‍ശക പങ്കാളിത്തം