in ,

ഹ്യൂമന്‍ പാപ്പിലോമ വൈറസ് പ്രതിരോധ കുത്തിവെപ്പ് ഉടന്‍

ദോഹ: ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) പ്രതിരോധകുത്തിവെപ്പ് ഖത്തറിലെ രോഗപ്രതിരോധ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നു. ഇങ്ങനെ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യവും പ്രയോജനവും സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ നടപ്പാക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. പരമോന്നത രോഗപ്രതിരോധ സമിതിയുടെ(സുപ്രീം ഇമ്യുണൈസേഷന്‍ കമ്മിറ്റി) അനുമതി ലഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാക്‌സിനേഷന്‍ ചേര്‍ക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത് പറഞ്ഞു.
ചിലതരം അര്‍ബുദങ്ങളെ തടയുന്നതില്‍ ഈ പ്രതിരോധകുത്തിവെപ്പിന്റെ പ്രാധാന്യം ഡോ. അല്‍ ബയാത് ഊന്നിപ്പറഞ്ഞു, അതില്‍ ഏറ്റവും പ്രധാനം സെര്‍വിക്കല്‍ ക്യാന്‍സറും പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന മറ്റ് അര്‍ബുദങ്ങളുമാണ്. എച്ച്പിവി സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്നു. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ തരം കാന്‍സറാണിത്. രോഗപ്രതിരോധ ഷെഡ്യൂളില്‍ പാപ്പിലോമ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വാക്‌സിനേഷന്റെ അളവ് നിലവില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ ചില ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണെന്നും അല്‍ബയാത് പറഞ്ഞു.
രോഗപ്രതിരോധ ഷെഡ്യൂളില്‍ നിന്ന് ഹെപ്പറ്റൈറ്റിസ് എയ്ക്കെതിരായ വാക്‌സിനേഷന്‍ അടുത്തിടെ ഒഴിവാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ വ്യാപകമായിരിക്കുന്ന രാജ്യങ്ങളില്‍ ഖത്തര്‍ ഇല്ലാത്തതിനാല്‍ ഈ രോഗത്തിനെതിരായ കുത്തിവയ്പ്പ് ഇപ്പോള്‍ ചില കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതായും ഡോ.അല്‍ബയാത് പറഞ്ഞു. രോഗപ്രതിരോധ കുത്തിവയ്പ്പ നിരീക്ഷിക്കുന്നതിനായി ദേശീയ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുന്നുണ്ട്. ഈ സംവിധാനം ഹമാദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെയും സെര്‍നര്‍ പ്രോഗ്രാമുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് രാജ്യത്തെ അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

ദോഹ ബാങ്ക് അല്‍ദനാ സേവിങ് സ്‌കീം: വിജയികളെ പ്രഖ്യാപിച്ചു