in ,

ചരിത്രം രചിച്ചും വെല്ലുവിളികൾ അതിജീവിച്ചും ശൈഖ് തമീന്റെ 10 വർഷങ്ങൾ

ദോഹ: ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ അമീറായി പത്തു വർഷങ്ങൾ പിന്നിടുമ്പോൾ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും. 2013 ജൂൺ 25 നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അധികാരമേറ്റത്. 2022-ൽ അറബ് മേഖലയിൽ ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു സംഘാടനം അവിസ്മരണീയമാക്കിയ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്ക് ഖത്തറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങൾ വികസിപ്പിച്ചത് പുതിയൊരു മുന്നേറ്റമായി. അറബ് മേഖലയേയും മധ്യപൂർവ്വ ഏഷ്യയേയും ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഗൾഫ് ഉപരോധം, കോവിഡ് മഹാമാരി എന്നിയെല്ലാം സധൈര്യം നേരിട്ട അമീർ രാജ്യത്തെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു.

2017 ൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധമായിരുന്നു അമീർ എന്ന നിലയിൽ നേരിട്ട പ്രധാന വെല്ലുവിളി. ഒരു നിലക്കും സ്വദേശികളും വിദേശികളുമായ ജനങ്ങളെ ബാധിക്കാതെ ഉപരോധം നേരിട്ട് ശൈഖ് തമീം ജനനായകൻ ആയി മാറി. ഭക്ഷ്യ മേഖലയിൽ ഉൾപ്പെടെ പ്രാദേശിക ഉത്പാദനവും കൃഷിയും വർധിപ്പിച്ചു. ലോക രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി സാധ്യമാക്കാൻ പുതിയ ഹമദ് തുറമുഖം സർവ്വ സജ്ജമാക്കി. പല മേഖലകളിലും ഖത്തർ സ്വയംപര്യാപ്തത കൈവരിച്ചു.

ഉപരോധം ഉണ്ടായിട്ടുപോലും നയതന്ത്ര നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ആവർത്തിച്ചു.
കോവിഡ് ചികിത്സയും വാക്സിനും സൗജന്യമായി നൽകിയ ഖത്തർ ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി. രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയമായി സമയ ബന്ധിത കർമ്മ പരിപാടികൾ നടത്തി.

അറബ് അസഹിഷ്ണുത മാധ്യമ വിമർശനങ്ങളായി ലോക കപ്പിന് മുമ്പും മത്സര സന്ദര്ഭങ്ങളിലും പുറത്തുവന്നപ്പോൾ അവയും തികഞ്ഞ പക്വതയോടെയാണ് ഖത്തർ നേരിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി റാങ്കിംഗിൽ ഇപ്പോഴുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2014-ൽ ഔദ്യോഗികമായി തുടങ്ങി. പിന്നീട് അത് വിപുലീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ “ഗ്രീൻഫീൽഡ്” തുറമുഖ-വികസന പദ്ധതിയായ ഹമദ് തുറമുഖം 2016-ൽ ഉദ്ഘാടനം ചെയ്തു. 2019-ൽ,അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദോഹ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, 1,800,000 സോളാർ പാനലുകൾ ഉപയോഗിച്ച് നിർമ്മിച്ച അൽഖർസ സോളാർ പവർ പ്ലാന്റ് 2020 ൽ തുടക്കമിട്ടു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ മുമ്പനായ ഖത്തർ സമ്പത്തിലും ലോക മേൽക്കോയ്മ നിലനിർത്തിയിരുന്നു. ഉപരോധ കാലത്ത് പോലും സാമ്പത്തിക വളർച്ച കൈവരിച്ച ഖത്തർ 2017-ൽ ഏകദേശം 43 ബില്യൺ ഡോളറാണ് ബാങ്കുകളിലേക്ക് നിക്ഷേപിച്ചത്.

ഇതിനകം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) സുരക്ഷിത കേന്ദ്രമായി മാറിയ ഖത്തർ 2019 നും 2022 നും ഇടയിൽ 70 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
2021-ൽ ആദ്യമായി ഷൂറ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തിന് ശക്തി പകർന്ന അമീർ ആഫ്രിക്കയിലെ ഉൾപ്പെടെ പല ലോക രാജ്യങ്ങളിലും നയതന്ത്ര പരിഹാരത്തിന് ശ്രമങ്ങൾ നടത്തി. അഫ്‌ഘാൻ പ്രതിസന്ധി ഉടലെടുത്തപ്പോൾ അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ ആയിരക്കണക്കിന് പേരെ പ്രത്യേക വിമാനങ്ങൾ വഴി രക്ഷപെടുത്തി. ഇത്തരം ഏറെ ദൗത്യങ്ങൾക്കും വികസന മുന്നേറ്റങ്ങൾക്കും നേതൃത്വം വഹിച്ച 10 വർഷങ്ങളാണ് ഖത്തർ അമീർ ശൈഖ് തമീം പിന്നിട്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

നിയമ സഹായത്തിന് പ്രത്യേക സംവിധാനം, ഹെല്‍പ് ഡെസ്‌കും മറ്റ് പുതിയ പദ്ധതികളുമായി കെ.ബി.എഫ്

ഇപ്പോഴും മനാമയിൽ തന്നെ; ചങ്ങാട പുസ്തകമേളയുടെ കപ്പൽ ദോഹ യാത്ര റദ്ദാക്കി