
ദോഹ: ആയിരത്തില്‍ ആറു പേര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മോഹാലസ്യമുണ്ടാവുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ.അമല്‍ അല്‍ഹവാരി. മോഹാലസ്യം എന്നത് സാധാരണയായി കണ്ടുവരുന്നതാണെന്നും മൊത്തം ജനസംഖ്യയുടെ 40ശതമാനത്തിലധികം ആളുകളെ ബാധിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. മോഹാലസ്യം, കണ്ണില്‍ ഇരുട്ട് കേറല്‍, തളര്‍ന്ന് വീഴല്‍ എന്നിവയുണ്ടാകുമ്പോള്‍ ബോധം നഷ്ടപ്പെടുകയും എന്നാല്‍ പെട്ടന്ന് തന്നെ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായുമാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
ശരീരത്തിലെ രക്തക്കുഴലുകള്‍ പെട്ടന്ന് വലുതാകുകയും ഹൃദയമിടിപ്പ് കുറയുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമാണ് മോഹാലസ്യത്തിന് കാരണമാകുന്നത്. സാധാരണയായി 10 മുതല്‍ 30 വരെ പ്രായമായവരിലാണ് ഇതു കണ്ടുവരുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ മൂന്നു ശതമാനം മോഹാലസ്യവുമായി ബന്ധപ്പെട്ടവയാണ്.
ഇവയില്‍ അധികവും വളരെ ചെറിയതരത്തിലുള്ള വീഴ്ചകളാണെന്നും ഡോ.അമല്‍ പറഞ്ഞു. ഭീതിതമായ സാഹചര്യത്തില്‍പ്പെടുക, രക്തം കാണുക, മാസമുറ കാലത്തെ ശക്തമായ വേദന, ജനത്തിരക്കും ചൂടേറിയതുമായ സ്ഥലങ്ങളില്‍ പെട്ടുപോകുക, രക്തസമ്മര്‍ദ്ദം കുറയുക എന്നിവയാണ് രക്തക്കുഴലുകള്‍ വലുതാകാന്‍ കാരണമാകുന്നത്.
ഓക്കാനം, കാഴ്ച മങ്ങല്‍, കേള്‍വി കുറയല്‍ എന്നിവ അനുഭവപ്പെടുകയും പൊടുന്നനെ വീഴുകയുമാണുണ്ടാകുന്നത്. ചുറ്റുപാടില്‍ ഒരു പരിധിവരെ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയാന്‍ കഴിയും. സാധാരണത്തിലുള്ള മോഹാലസ്യമാണെങ്കില്‍ ഒരു മിനിറ്റിനകമോ, അതില്‍ കൂടുതലോ സമയത്തിനുള്ളില്‍ ബോധം തിരിച്ചുപിടിക്കുകയും ചെയ്യും. ശകത്മായ തളര്‍ന്നുവീഴ്ചയാണെങ്കില്‍ അത്തരം ആളുകള്‍ക്ക് സംഭവിച്ചത് ഒന്നും ഓര്‍മ്മയുണ്ടാവില്ല. തളര്‍ന്ന് വീണ ഒരാളെ കിടത്തുകയും കാലുകള്‍ ഉയര്‍ത്തുകയും ചെയ്താണ് പ്രഥമ സുശ്രൂശ നല്‍കേണ്ടതെന്നും തലച്ചോറിലേക്ക് രക്തം പെട്ടന്ന് എത്തുന്നതിലൂടെ രോഗിക്ക് ബോധം തിരിച്ചുകിട്ടുകയും ചെയ്യുമെന്നും ഡോ.അമല്‍ വിശദീകരിച്ചു.
40 വയസ്സിന് മുകളിലുള്ളവര്‍ മോഹാലസ്യപ്പെടുന്നത് ഉത്കണ്ഠക്ക് വകയുള്ളതാണെന്നും വ്യായാമം ചെയ്യുന്നതിനിടെയാണ് വീഴ്ച സംഭവിക്കുന്നതെങ്കില്‍ ഹൃദ്രോഗവുമായും കിതപ്പുമായും ബന്ധപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.