in , ,

11-ാമത് രാജ്യാന്തര ഫാല്‍ക്കണ്‍ വേട്ട മത്സരങ്ങള്‍ സമാപിച്ചു

സീലൈനിലെ സബ്ഖത് മര്‍മിയില്‍ നടന്ന രാജ്യാന്തര ഫാല്‍ക്കണ്‍ വേട്ട മത്സരങ്ങളുടെ ഭാഗമായ പരിപാടിയില്‍ നിന്ന്‌

ദോഹ: 11-ാമത് മര്‍മി രാജ്യാന്തര ഫാല്‍ക്കണ്‍വേട്ട മത്സരങ്ങള്‍ സമാപിച്ചു. ഫെബ്രുവരി ഒന്നുവരെ സീലൈനിലെ സബ്ഖത് മര്‍മിയിലായിരുന്നു മത്സരങ്ങള്‍. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തരി സൊസൈറ്റി ഓഫ് അല്‍ഗന്നാസാണ് മേള സംഘടിപ്പിച്ചത്. ഖത്തറിലെയും കുവൈത്തിലെയും ഫാല്‍ക്കണേഴ്‌സിന്റെ വര്‍ധിച്ച പങ്കാളിത്തം ഇത്തവണയുണ്ടായിരുന്നു. കുവൈത്തില്‍ നിന്നും 40 ഫാല്‍ക്കണേഴ്‌സ് പങ്കെടുത്തു.
ഹുദുദ് അല്‍ തഹദ്ദീ എന്ന പേരിലറിയപ്പെടുന്ന മത്സരമാണ് മര്‍മി ഫെസ്റ്റിവലിലെ ഏറ്റവും ശ്രദ്ധേയ ഇനം. പ്രാവുകളുടെ വഴി മുടക്കുന്ന ഫാല്‍ക്കണുകളുടെ പ്രകടനമാണ് ഹുദുദ് അല്‍ തഹദ്ദീ മത്സരത്തില്‍ നടന്നത്. ഫാല്‍ക്കണുകളുടെ മികച്ച പ്രകടനം കാണാന്‍ സന്ദര്‍ശകരുടെ വലിയ പങ്കാളിത്തമാണ് ഇത്തവണയും അനുഭവപ്പെട്ടത്. ഫെസ്റ്റിവലിലെ ഏറ്റവും ജനപ്രിയ മത്സരഇനം ഹുദൂദ് അല്‍തഹദീയായിരുന്നു. ഫാല്‍ക്കണുകള്‍ക്കുള്ള സൗന്ദര്യമത്സരമായ അല്‍ മസായേനും ശ്രദ്ധേയമായി.
അല്‍മസായേന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ശൈഖുമാര്‍, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്രതലവന്‍മാര്‍, അല്‍ഗന്നാസ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫാല്‍ക്കണേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. അല്‍മസായേന്‍ മത്സരവിജയികള്‍ക്ക് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി സമ്മാനങ്ങള്‍ നല്‍കി. അറുപതിലധികം മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ശൈഖ് അഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ബിന്‍ സഊദ് അല്‍താനിക്കാണ് ഒന്നാംസ്ഥാനം. ഇത്തവണ ശക്തമായ മത്സരമായിരുന്നുവെങ്കിലും വിജയികളെ തെരഞ്ഞെടുക്കാന്‍ വിധികര്‍ത്താക്കള്‍ നന്നെ പ്രയാസപ്പെട്ടുവെന്നും സംഘാടകസമിതി മേധാവി അബ്ദുല്ല ഹമദ് അല്‍മഷാദി പറഞ്ഞു.
ഫാല്‍ക്കണിന്റെ നിറം, പിന്‍ഭാഗം, തലഭാഗം എന്നിവയെല്ലാം കണക്കിലെടുത്താണ് മാര്‍ക്ക് നിര്‍ണയിച്ചത്. മത്സരത്തിന്റ സംഘാടകമികവിനെ മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ പ്രശംസിച്ചു. 11-ാം എഡീഷന്‍ മികച്ച വിജയമായതായി കത്താറ ഡയറക്ടര്‍ ജനറല്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി പറഞ്ഞു. ആഗോളതലത്തില്‍തന്നെ ഏറ്റവും ശ്രദ്ധേയമായ ഫെസ്റ്റിവല്‍ മത്സരങ്ങളിലൊന്നാണിതെന്ന് മുന്‍നീതിന്യായ മന്ത്രി ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ഗാനിം പറഞ്ഞു.രാജ്യാന്തര വിഭാഗത്തില്‍ അല്‍ മസൈന്‍, അല്‍ ദാഉ, ഫ്രീ ഫാല്‍ക്കണ്‍, ദാഊ ഷഹീന്‍ ഗന്നാസ് എന്നീ മത്സരങ്ങളും പ്രാദേശികവിഭാഗത്തില്‍ അല്‍ തലഅ, ഹദാദ് ചാലഞ്ച്, ഹദാദ് അല്‍ സലൂക്കി, യങ് സാകര്‍, ഓള്‍ഡ് സാകര്‍ എന്നീ മത്സരങ്ങളാണ് പ്രധാനമായും നടക്കാറുള്ളത്. ഏറ്റവും നവീനമായ ക്യാമറകളാണ് മത്സരമേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഫലത്തില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണിത്. ഫാമിലി ഏരിയ, ആരോഗ്യ, വിനോദസൗകര്യങ്ങള്‍ എന്നിവ ഇത്തവണയുമുണ്ടായിരുന്നു. സന്ദര്‍ശകര്‍ക്ക് റാഫിള്‍ഡ്രോയിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരുന്നു. നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്ക ലെക്‌സസ് കാര്‍ സമ്മാനിച്ചു. കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ സഹകരണവും മത്സരങ്ങള്‍ക്കുണ്ടായിരുന്നു.
വന്യജീവി സംരക്ഷണം പ്രോത്സാഹിപ്പിക്കുക, ഫാല്‍ക്കണുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് മേളയുടെ ലക്ഷ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഓണ്‍ലൈന്‍ മുഖേന ഗ്രോസറി വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മാസ് ഖത്തര്‍ പതിനാറാം വാര്‍ഷികവും കുടുംബസംഗമവും