in ,

ഖത്തറില്‍ അഞ്ചു കോവിഡ് മരണം കൂടി, 1582 പേര്‍ കൂടി രോഗമുക്തരായി

  • 1199 പുതിയ രോഗികള്‍
  • കോവിഡ് മരണസംഖ്യ നൂറു പിന്നിട്ടു
  • 17,591 പേര്‍ ചികിത്സയില്‍, 1068 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു. 57, 58, 77, 85, 93 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഖത്തറില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 104 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോവിഡ് രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. ഇന്ന് 1582 പേര്‍ക്കു കൂടി രോഗം മാറി. ഇന്നും പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 73,083 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേര്‍ക്കാണ് രോഗം മാറിയത്.

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1199 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,778 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും സുഖം പ്രാപിക്കുന്നവരുടെ എണ്ണം കൂടുന്നതും കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ കുറവും ആശ്വാസകരമാണ്. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 30നായിരുന്നു. 2355 പേരിലാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 17,591 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1068 പേര്‍ ആസ്പത്രിയിലാണ്, 219 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 100 പേരെ ആസ്പത്രിയിലും ഏഴു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 3,33,172 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4231 പേരെ പരിശോധനക്ക് വിധേയരാക്കി.

നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഓട്ടിസം ബാധിതര്‍ക്കായി ഇ-ലേണിങ് പ്ലാറ്റ്‌ഫോമിന് തുടക്കംകുറിച്ചു

നാട്ടിലേക്കു പോകുന്ന ഖത്തര്‍ പ്രവാസികളേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക….