in ,

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത് 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍

ഇന്ത്യയിലേക്ക് 40 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അടങ്ങിയ രണ്ടു ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകളുമായി ഐഎന്‍എസ് ത്രികാന്ത് ഹമദ് തുറമുഖത്തുനിന്നും പുറപ്പെടുന്നതിനുള്ള തയാറെടുപ്പുകള്‍

ദോഹ: അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുക 1,200 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അടങ്ങിയ രണ്ടു ക്രയോജനിക് ഓക്‌സിജന്‍ ടാങ്കുകളുമായി ഇന്ത്യന്‍ നാവികസേനാ കപ്പലായ ഐഎന്‍എസ് ത്രികാന്ത് ഹമദ് തുറമുഖത്തുനിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ക്രയോജനിക് ടാങ്കുകള്‍.

ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍

ഖത്തറിലെ ഗസാല്‍ കമ്പനിയാണ് ഈ ടാങ്കുകളില്‍ ദ്രവീകൃത ഓക്‌സിജന്‍ നിറച്ചത്. ഖത്തര്‍ പെട്രോളിയത്തിന്റെ ഉപകമ്പനിയായ ഗസാല്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യയോടുള്ള ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് ഫ്രാന്‍സിന്റെയും ഖത്തറിന്റെയും പിന്തുണയോടെയുള്ള ക്രയോജനിക് ടാങ്കുകളുടെ പുറപ്പെടല്‍. ദ്രവീകൃത ഓക്‌സിജനുമായി ഇത്തരത്തില്‍ ഇന്ത്യയിലേക്കുള്ള ആദ്യ കയറ്റുമതിയാണിത്. വരും ആഴ്ചകളില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റുമതികള്‍ നടത്തുമെന്നും അംബാസഡര്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലണ്ടനില്‍ നിന്നും 4,100 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്. ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. ഖത്തറില്‍ നിന്നും വളരെ ശക്തമായ ലോജിസ്റ്റിക് പിന്തുണയാണ് ലഭിക്കുന്നത്. സഹായം ലഭ്യമാകുന്നിടങ്ങളില്‍നിന്നെല്ലാം ഇന്ത്യയെ പിന്തുണക്കുന്നതിനുള്ള സുപ്രധാന ലോജിസ്റ്റിക് ഹബ്ബുകളിലൊന്നാണ് ഖത്തര്‍. ഖത്തര്‍ എയര്‍വേയ്‌സാണ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഈ സംരംഭങ്ങളിലെ പ്രധാന ഗതാഗത കേന്ദ്രമായി ഖത്തര്‍ മാറിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യയെ സഹായിക്കുന്നതിന് അവശ്യവസ്തുക്കള്‍ സമാഹരിക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹം നടത്തുന്ന ശ്രമങ്ങളെ മിത്തല്‍ അഭിനന്ദിച്ചു. ഇതിനോടകം മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പടെയുള്ളവ സമാഹരിച്ചു. 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടങ്ങുന്ന സഹായവുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്.

അതില്‍ നൂറെണ്ണവുമായി ഇന്നലെ പുറപ്പെട്ടു. മറ്റൊരു നൂറു ഓക്‌സിജന്‍ സിലിണ്ടറുകളുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ മെയ് എട്ടിനോ ഒന്‍പതിനോ ഹമദ് തുറമുഖത്തുനിന്നും പുറപ്പെടും. ഈ സിലിണ്ടറുകളോരോന്നും 42 ലിറ്റര്‍ ശേഷി വീതമുള്ളവയാണ്. ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം ഈ ശ്രമങ്ങളെ ഏകോപിപ്പിക്കുകയാണ്. രണ്ട് ദിവസമായി ഇന്ത്യയില്‍ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തില്‍ നിന്ന് 3.68ലക്ഷമായി കുറഞ്ഞുവരികയാണെന്നും മരണനിരക്കിലും ഈ കുറവ് കാണാമെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് -19 രംഗത്തെക്കുറിച്ചും അതിന്റെ രണ്ടാം തരംഗം ജനസംഖ്യയെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. വൈറസിന്റെ പല വകഭേദങ്ങളും വൈറലായതിനാല്‍ ഓക്‌സിജന്റെ വലിയ ആവശ്യകത രാജ്യത്തുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം 1,100 മെട്രിക് ടണ്‍ ആയിരുന്നു. ഇപ്പോള്‍ ഒരു മാസത്തിനു ശേഷമുള്ള ആവശ്യം ഏകദേശം 8,000 മെട്രിക് ടണ്‍ ആണ്. ഓക്‌സിജന്‍ ചലഞ്ച് ഒരു പ്രധാന പ്രശ്‌നമാണ്.

കാരണം വൈറസിന്റെ മാരകമായ വകഭേദം രോഗബാധിതര്‍ക്ക് കൂടുതല്‍ ശ്വസന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യാവസായിക ഓക്‌സിജന്‍ നിലവില്‍ ഉപയോഗിക്കുന്നു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നുണ്ട്. ഓക്‌സിജന്റെ ഗതാഗതം ഇന്ത്യയ്ക്കുള്ളില്‍ മറ്റൊരു വെല്ലുവിളിയാണ്. ഇന്ത്യന്‍ റെയില്‍വേയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും സഹായത്തോടെ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഇന്ത്യയിലേക്ക് ആഗോള സഹായം എത്തിക്കുന്നതിനുള്ള പ്രധാന ലോജിസ്റ്റിക് കേന്ദ്രമായി ഖത്തര്‍