
ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനിനായി ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ വിശദീകരിച്ചു.ദോഹയിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും രണ്ടാഴ്ച തങ്ങളുടേതായ ചെലവില്‍ ഹോട്ടലില്‍ ക്വാറന്റൈനിന് വിധേയരാകണം. ഇളവുകള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടമായ ആഗസ്ത്് മുതല്‍ കോവിഡ് അപകടസാധ്യത കുറഞ്ഞരാജ്യങ്ങളില്നിന്നുള്ള മുന്‍ഗണനാ യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങിയെത്താന്‍ അനുമതിയുണ്ട്. മടങ്ങിവരുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി വിവിധ ഹോട്ടല്‍ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് വിഭാഗവും ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിയുമായ ഡിസ്കവര് ഖത്തര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വ്യക്തികള്‍ക്ക് ക്വാറന്റൈന് ചെലവാകുന്ന ഏറ്റവും കുറഞ്ഞ തുക 3758 ഖത്തര്‍ റിയാലാണ്. കുടുംബത്തിന് 5417 റിയാല്‍. ഇപ്പോള്‍ ക്വാറന്റൈന് ലഭ്യമായ ഹോട്ടലുകളുടെ വിശദാംശങ്ങള്‍- ടൈം റകോ ഹോട്ടല്‍(4 സ്റ്റാര്‍): വ്യക്തിഗത ബുക്കിങ് സിംഗിള്‍ റൂമിന് 4774 റിയാലും രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തിന് ഡബിള്‍ റൂമിന് 6623 ഖത്തര്‍ റിയാലും രണ്ടു മുതിര്‍ന്നവര്‍ക്ക് ഡബിള്റൂമിന് 6482 റിയാലുമാണ് നിരക്ക്. ഡ്യുസിത് ദോഹ ഹോട്ടലില്‍(ഫൈവ് സ്റ്റാര്‍) യഥാക്രമം 7890, 10,755, 10614 ഖത്തര്‍ റിയാല്‍ വീതമാണ് ഈ മൂന്നു വിഭാഗത്തിലെ നിരക്ക്. വെസ്റ്റിന് ദോഹ ഹോട്ടലില്‍(ഫൈവ് സ്റ്റാര്‍) യഥാക്രമം 10473, 14199, 14058 റിയാല്‍ വീതമാണ് നിരക്ക്. ഓഗസ്റ്റില്‍ ലഭ്യമാകുന്ന ഹോട്ടലുകളുടെ വിശദാംശങ്ങള്‍ ചുവടെ, കിങ്സ് ദോഹ ഹോട്ടല്‍(ത്രീ സ്റ്റാര്‍): 3758, 5417, 5276 റിയാല്‍ വീതം. മില്ലനിയം സെന്‍ട്രല്‍ ദോഹ(ഫോര്‍ സ്റ്റാര്‍): 4102, 5589, 5448 റിയാല്‍ വീതം. ദ്യുസിത് ഡി2 സല്‍വ ദോഹ ഹോട്ടല്‍(ഫൈവ് സ്റ്റാര്‍): 6685, 9378, 9237 റിയാല്‍ വീതമാണ് മൂന്നു വിഭാഗങ്ങളിലെയും നിരക്ക്. മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് ഏത് എയര്‍ലൈനിലും യാത്ര ചെയ്യാന്‍ കഴിയും.
പക്ഷേ അംഗീകൃത ക്വാറന്റൈന് ഹോട്ടലില്‍ താമസിക്കുന്നതിന് ഡിസ്കവര് ഖത്തറുമായി ചേര്‍ന്ന് നേരിട്ട് ഹോട്ടല്‍ ബുക്കിങ് നടത്തണം. യാത്രക്കാര്‍ക്ക് നേരിട്ട് ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.പൊതുജനാരോഗ്യ മന്ത്രാലയ ചട്ടമനുസരിച്ച് അംഗീകൃതവും നിയുക്തവുമായ ഒരു ഹോട്ടലില്‍ 14 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് അവരുടെ വീടുകളില്‍ സ്വയം ക്വാറന്റൈനിലേക്ക് മാറാനാവില്ലെന്ന് ഡിസ്കവര് ഖത്തര്‍ വിശദീകരിച്ചു. ഇതില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭക്ഷണം മുറിയുടെ വാതില്ക്കല് എത്തിക്കും. നേരിട്ടുള്ള ബന്ധുക്കളെ മാത്രമെ ഒരു മുറി പങ്കിടാന്‍ അനുവദിക്കൂ. മുറിക്കു പുറത്തുപോകുന്നതിനോ മുറി വിട്ട് മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനോ പുറത്തു നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനോ അനുവദിക്കില്ല.എല്ലാ ക്വാറന്റൈന് ഹോട്ടലുകളും ഖത്തര്‍ ക്ലീന്‍ പ്രോഗ്രാമിന് അനുസൃതമായി പ്രവര്‍ത്തിക്കും. ദേശീയ ടൂറിസം കൗണ്‍സില്‍, പൊതുജനാരോഗ്യ മന്ത്രാലയം, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളുടെ സഹകരണത്തോടെയാണ് ഖത്തര്‍ ക്ലീന്‍. കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ ക്ലീന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.