
ദോഹ: വിചാരണയോ ഔദ്യോഗിക ചാര്‍ജോ ശിക്ഷയോ കൂടാതെ ഈജിപ്ഷ്യന്‍ അധികൃതര്‍ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുന്ന അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെയും മറ്റു മാധ്യമപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മഹമൂദിനെ 1,400ലധികം ദിവസങ്ങളായി ഈജിപ്ഷ്യന്‍ അധികൃതര്‍ തടവിലാക്കിയിരിക്കുകയാണ്. ഈജിപ്ഷ്യന്‍, അന്തര്‍ദേശീയ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് മഹ്മൂദിന്റെ തടങ്കലെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ.മുസ്തഫ സൗആഗ് പറഞ്ഞു. ഈ നിന്ദ്യമായ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്ങിനിറഞ്ഞ ഈജിപ്ഷ്യന്‍ ജയിലുകള്‍ ശുചിത്വമില്ലാത്ത അവസ്ഥയ്ക്ക് പേരുകേട്ടവയാണ്. തടവറയില്‍ കോവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലുള്ളതിനാല്‍ തടവിലാക്കപ്പെട്ട എല്ലാ പത്രപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് ഈജിപ്ഷ്യന്‍ അധികാരികളോടു ആവശ്യപ്പെടുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഈജിപ്തിലും മറ്റു സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്താന്‍ രാജ്യാന്തര സമൂഹത്തോടു അഭ്യര്‍ഥിക്കുന്നതായും അല്‍ജസീറ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം തുടര്‍ച്ചയായി ലംഘിക്കുന്ന രാജ്യമായി ഈജിപ്ത് തുടരുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്ഷ്യന്‍ നിയമപ്രകാരം പോലും ഒരു വ്യക്തിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ചാര്‍ജില്ലാതെ തടവില്‍ വെക്കുന്നത് നിയമവിരുദ്ധമാണ്. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിട്ടശേഷം മറ്റൊരു സാങ്കല്‍പ്പിക കുറ്റത്തിന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. മഹ്മൂദിനെതിരായ എല്ലാ ആരോപണങ്ങളെയും തള്ളിക്കളയുന്നു. ഒരു പത്രപ്രവര്‍ത്തകനും തന്റെ കടമ നിര്‍വഹിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയോ പീഡിപ്പിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യരുത്. പത്രപ്രവര്‍ത്തനം കുറ്റകരമല്ല- അല്‍ജസീറ നിലപാട് വ്യക്തമാക്കി. മഹമൂദിനോടും തടവിലാക്കപ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരോടും ഒപ്പം നില്ക്കാന് അല്‍ജസീറ എല്ലാ മാധ്യമപ്രവര്‍ത്തകരോടും മനുഷ്യാവകാശ വാദികളോടും മനസാക്ഷിയുള്ള ജനവിഭാഗങ്ങളോടും ആഹ്വാനം ചെയ്തു. കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ രാജ്യാന്തര സംഘടനകള്‍ വീണ്ടും ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വിചാരണകൂടാതെ തടവിലിടാവുന്നതിന്റെ പരമാവധി പരിധിയും ഹുസൈന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. 2013 മുതല്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകരെ ഈജിപ്ഷ്യന്‍ അതോറിറ്റികള്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.