Tuesday, July 7ESTD 1934

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി; 1523 പുതിയ രോഗികള്‍

  • മരണസംഖ്യ നാല്‍പ്പതായി, 3147 പേര്‍ കൂടി രോഗമുക്തരായി
  • 24,956 പേര്‍ ചികിത്സയില്‍, 1493 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 50ഉം 58ഉം വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 40 ആയി. നേരത്തെ ഒരു സ്വദേശി ഉള്‍പ്പടെ 38 പേര്‍ മരണപ്പെട്ടിരുന്നു. പുതിയതായി 1523 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 58,433 ആയി വര്‍ധിച്ചു. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 30നായിരുന്നു. 2355 പേരിലാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇന്ന് 3147 പേരാണ് രോഗമുക്തരായത്. ഇതുവരെ 33,437 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവു കൂടുതല്‍ പേര്‍ രോഗമുക്തരായത്. മെയ് 30നായിരുന്നു. അന്ന് 5235 പേരാണ് സുഖംപ്രാപിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പുതിയ ഡിസ്ചാര്‍ജ് നയം നടപ്പാക്കിയതോടെയാണ് കഴിഞ്ഞദിവസങ്ങളിലായി രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നത്.

നിലവില്‍ 24,956 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1493 പേര്‍ ആസ്പത്രിയിലാണ്, 240 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 202 പേരെ ആസ്പത്രിയിലും 22 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 2,25,919 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3850 പേരെ പരിശോധനക്ക് വിധേയരാക്കി. തുടര്‍ച്ചയായ 25-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്.

വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസി തൊഴിലാളികളില്‍ രോഗബാധയുണ്ടായതിനു പുറമെയാണിത്. ജോലിസ്ഥലങ്ങളിലെ സമ്പര്‍ക്കത്തിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും കുടുംബ സംഗമങ്ങളിലൂടെയും രോഗബാധിതരായ കുടുംബാംഗങ്ങളുമായുള്ള ഇടപഴകലിലൂടെയും പൗരന്മാരിലും താമസക്കാരിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.

error: Content is protected !!