Tuesday, December 10

16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍

Spread the love

ദോഹ: 16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍ 29വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ പിന്തുണയോടെ ഖത്തരി കമ്പനിയായ ഡിസൈന്‍ ക്രിയേഷന്‍സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 250ലധികം ഖത്തരി, മേഖലാ, രാജ്യാന്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കഴിഞ്ഞ എഡീഷനെ അപേക്ഷിച്ച് ഇത്തവണ പ്രാദേശിക ഡിസൈനര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരില്‍ 75ശതമാനം ഖത്തരി ബ്രാന്‍ഡുകളായിരിക്കും. ഇത്രയധികം പ്രാദേശിക പങ്കാളിത്തം ഇതാദ്യമാണ്. 20ലധികം ഫാഷന്‍ഷോകളുമുണ്ടാകും. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കുവൈത്ത്, ഒമാന്‍, ഇന്ത്യ, തുര്‍ക്കി, ലബനാന്‍, മൊറോക്കോ, ചൈന, ഇന്തോനേഷ്യ, ഇറ്റലി, ജോര്‍ജിയ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുടെ പങ്കാളിത്തമുണ്ടാകും. വിവിധ രാജ്യങ്ങളിലെ അബായ, ഫാഷന്‍ ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും.വൈവിധ്യമാര്‍ന്ന ഫാഷന്‍ ഷോകളും ശില്‍പ്പശാലകളും ഫാഷന്‍ ഡിസൈനര്‍മാരുമായുള്ള സംവാദവും ഒരുക്കുന്നുണ്ട്. ഖത്തറിന്റെ സമൂഹവും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഫാഷന്‍ പ്രദര്‍ശനം. പ്രാദേശിക വ്യവസായികള്‍ക്കും ഡിസൈനര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

പാന്‍ അറബ്- രാജ്യാന്തര ഡിസൈനര്‍മാര്‍ തങ്ങളുടെ ഏറ്റവും പുതിയ ഫാഷനുകള്‍ ഷോയില്‍ അവതരിപ്പിക്കും. അത്യാധുനിക ഇസ് ലാമിക് ശൈലിയിലുള്ളള ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ആവശ്യകതയേറുന്നുണ്ട്. ഏറ്റവും വൈവിധ്യമാര്‍ന്ന ഷോയായിരിക്കും ഇത്തവണത്തേതെന്ന സംഘാടകര്‍ ചൂണ്ടിക്കാട്ടി. പ്രമുഖരായ ഡിസൈനര്‍മാരുടെ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകത. ഖത്തരി പ്രതിഭകള്‍ക്കായി പ്രദര്‍ശനത്തില്‍ വലിയ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. പ്രാദേശിക പരിപാടികളുടെ കലണ്ടറിനെ പ്രത്യേകിച്ചും വ്യവസായ പരിപാടികലെ സമൃദ്ധമാക്കുന്ന ഊര്‍ജസ്വലമായ പ്രദര്‍ശനമാണ് ഹയ അറേബ്യന്‍ ഫാഷന്‍ എക്‌സ്‌പോയെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ ജവഹര്‍ അല്‍കുബൈസി പറഞ്ഞു.
പ്രാദേശിക സംരംഭകര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിപണികളില്‍ സ്വയം പരിചയപ്പെടുത്തുന്നതിനും ഇത് ഒരു മികച്ച വേദിയാണെന്നും അല്‍കുബൈസി പറഞ്ഞു.