
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 169 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 145 പേര്‍ രോഗ മുക്തരായിട്ടുമുണ്ട്. രോഗം സുഖപ്പെട്ടവര്‍ ഇതോടെ 1,40,687 ആയി ഉയര്‍ന്നു. പുതുതായി കോവിഡ് ബാധിച്ചവരില്‍ 110 പേര്‍ സാമൂഹിക വ്യാപനത്തിലൂടെ പകര്‍ന്നവരാണ്. 59 ആളുകളാവട്ടെ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും. രോഗം ബാധിച്ചവര്‍ക്ക് ഐസൊലേഷന്‍സൗകര്യമൊരുക്കുകയും ആരോഗ്യ പരിചരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഖത്തറില്‍ 244 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കോവിഡ് സുരക്ഷാ നടപടികള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിനാല്‍ജാഗ്രതയോടെ ജീവിക്കണമെന്നും മറ്റുള്ളവരുമായി അടുത്ത ഇടപെടല്‍ ഒഴിവാക്കാനും അകലം പാലിക്കാനും ജനനിബിഡമാകുന്ന അവസ്ഥ ഇല്ലാതാക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മാസ്‌ക് ധരിച്ചും കൈ കഴുകിയും സൂക്ഷ്മത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.