
ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പരിശോധന ശക്തമാക്കി. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ വ്യാവസായിക പരിശോധന, മലിനീകരണ നിയന്ത്രണ വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വ്യവസായ സൗകര്യങ്ങള്‍ പരിസ്ഥിതി ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പരിമിതപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് പരിശോധന. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 92ലധികം ഫാക്ടറികള്‍ പരിശോധിച്ചതില്‍ 17 പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി. മൂന്ന് ഫാക്ടറികള്‍ അവരുടെ വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിനുള്ള പദ്ധതികള്‍ സമര്‍പ്പിച്ചതിനാല്‍ അവരുടെ പാരിസ്ഥിതിക അവസ്ഥ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. അല്‍ശമാല്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിരീക്ഷണവിഭാഗം ഭക്ഷ്യവസ്തുക്കള്‍, മാംസം, മത്സ്യം എന്നിവ വില്‍ക്കുന്ന ഷോപ്പുകളില്‍ 32 പരിശോധനാ കാമ്പയിനുകള്‍ നടത്തി.