in ,

17 പേര്‍ കൂടി രോഗമുക്തരായി; 11 പുതിയ കേസുകള്‍

ദോഹ: ഖത്തറില്‍ കോവിഡ്-19 രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശനിയാഴ്ച മാത്രം പതിനേഴ് പേരാണ് കോവിഡ് മുക്തരായത്.
ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 27 ആയി. അതേസമയം 11 പേര്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 481 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിലധികവും രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിയവരാണ്.
രണ്ടു സ്വദേശികള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ഇതുവരെ 10,358 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കൊറോണയുമായി ബന്ധപ്പെട്ട് ഖത്തറില്‍ ഇതുവരെയും മരണങ്ങളൊന്നുമുണ്ടായിട്ടില്ല. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കംപുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.
രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിയ എല്ലാ സ്വദേശികളെയും വീടുകളിലോ ക്വാറന്റൈന്‍ സൗകര്യത്തിലോ നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തിവരികയും ചെയ്യുന്നുണ്്. ചികിത്സയിലുള്ളവരില്‍ ബഹുഭൂരിപക്ഷം പേരുടെയും നില സുസ്ഥിരമായി തുടരുന്നു. വളരെകുറച്ചുപേര്‍ മാത്രമാണ് ഇന്റന്‍സീവ് കെയറില്‍ ചികിത്സയിലുള്ളത്. കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം(മാര്‍ച്ച് 20ന്) പത്തുപേര്‍ക്കും 19ന് എട്ടു പേരിലും 18ന് പത്തു പേരിലും 16ന് മൂന്നു പേരിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു ഖത്തരി പൗരന്‍മാരില്‍ ഉള്‍പ്പടെ 38പേരിലാണ് മാര്‍ച്ച് 16ന് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് എട്ടിനാണ് മൂന്നു പ്രവാസികളില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.
തൊട്ടടുത്ത ദിവസം മൂന്നു പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഈ ആറുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരില്‍ പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ആദ്യം കോവിഡ് സ്ഥിരീകരിച്ച പ്രവാസികളുമായി ഒരേ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വാസസ്ഥലം പങ്കിട്ട 238 പ്രവാസികളില്‍ മാര്‍ച്ച് പതിനൊന്നിന് രോഗം കണ്ടെത്തി. തുടര്‍ന്ന് 13ന് 58 പേരിലും 14ന് 17 പേരിലും 15ന് 64 പേരിലും കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു.നേരത്തെ ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച ഖത്തരി സ്വദേശികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരിലും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 29ന് 36കാരനായ ഖത്തരി പൗരനിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അവശ്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം

സ്വകാര്യ ആസ്പത്രികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു