in ,

ഖത്തറില്‍ ഇന്നും കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു; മരണസംഖ്യ 28ആയി, 1742 പുതിയ രോഗികള്‍

ഏഴു ദിവസത്തിനിടെ മരിച്ചത് പതിമൂന്നു പേര്‍
രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു, 11,844 പേര്‍ സുഖംപ്രാപിച്ചു

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി. 58, 60 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. വിട്ടുമാറാത്ത അസുഖങ്ങളെത്തുടര്‍ന്ന് പ്രയാസം നേരിട്ടിരുന്ന രണ്ടുപേരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 28 ആയി. നേരത്തെ ഒരു സ്വദേശി ഉള്‍പ്പടെ 26 പേര്‍ മരണപ്പെട്ടിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1742 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 47,207 ആയി വര്‍ധിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. 1481 പേരാണ് ഇന്ന് രോഗമുക്തരായത്. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായ ദിവസം കൂടിയാണിന്ന്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ആയിരത്തിലധികം പേര്‍ രോഗമുക്തരാകുന്നത്. ഇന്നലെ 1193 പേര്‍ കോവിഡ് മുക്തരായിരുന്നു. ഇതുവരെ 11,844 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 35,335 പേരാണ് ചികിത്സയിലുള്ളത്.

ഇതില്‍ 1859 പേര്‍ ആസ്പത്രിയിലാണ്, 205 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 257 പേരെ ആസ്പത്രിയിലും 19 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 1,96,411 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3927 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 22നായിരുന്നു, 1830 പേര്‍ക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ 19-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്. പുതിയ കേസുകളില്‍ മിക്കതും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവരില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗം കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

12 വര്‍ഷം നോമ്പെടുത്ത അഷ്ടമിക്ക് ഇത്തവണ നഷ്ടമായത് കൂട്ടുകാര്‍ക്കൊപ്പമുള്ള പെരുന്നാള്‍

ഇന്നത്തെ (2020 മെയ് 26) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…