
ദോഹ: 17-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെ ദോഹ എക്സിബിഷന് ആന്റ്് കണ്വെന്ഷന് സെന്ററില്‍ നടക്കും. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ(ക്യുഎന്‍ടിസി) മുഖ്യകാര്‍മികത്വത്തില്‍ ക്യുഎന്‍ടിസിയുടെ ഉപകമ്പനിയായ ഖത്തര്‍ ബിസിനസ് ഇവന്റ്സ് കോര്‍പ്പറേഷനാണ്(ക്യുബിഇസി) ഹയ ഫാഷന്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ആഭ്യന്തര ടൂറിസത്തെ പിന്തുണക്കുന്നതിനും പ്രാദേശിക പരിപാടികളെ വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള ടൂറിസം കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രദര്‍ശനം. കോവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രദര്‍ശനം. ഡിഇസിസിയുടെ മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ക്കൊപ്പം കൗണ്‍സിലിന്റെ ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഹയ പ്രദര്‍ശനം.
ഖത്തരി, മേഖലാ, രാജ്യാന്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കൂടുതല്‍ പ്രാദേശിക ഡിസൈനര്‍മാരുടെ പങ്കാളിത്തമുണ്ടാകും. ഫാഷന്ഷോകളുമുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ അബായ, ഫാഷന്‍ ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും.വൈവിധ്യമാര്‍ന്ന ഫാഷന്‍ ഷോകളും ശില്‍പ്പശാലകളും ഫാഷന്‍ ഡിസൈനര്‍മാരുമായുള്ള സംവാദവുമുണ്ടാകും.
ഖത്തറിന്റെ സമൂഹവും സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഫാഷന്‍ പ്രദര്‍ശനം. പ്രാദേശിക വ്യവസായികള്‍ക്കും ഡിസൈനര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പാന്‍ അറബ്- രാജ്യാന്തര ഡിസൈനര്‍മാര്‍ തങ്ങളുടെ ഏറ്റവും പുതിയ ഫാഷനുകള്‍ ഷോയില്‍ അവതരിപ്പിക്കും. അത്യാധുനിക ഇസ് ലാമിക് ശൈലിയിലുള്ളള ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ആവശ്യകതയേറുന്നുണ്ട്.
പ്രമുഖരായ ഡിസൈനര്‍മാരുടെ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകത. പ്രാദേശിക പരിപാടികളുടെ കലണ്ടറിനെ പ്രത്യേകിച്ചും വ്യവസായ പരിപാടികലെ സമൃദ്ധമാക്കുന്ന ഊര്‍ജസ്വലമായ പ്രദര്‍ശനമാണ് ഹയ അറേബ്യന്‍ ഫാഷന്‍ എക്സ്പോ.