
ഫോട്ടോ: ഷിറാസ് സിതാര
അശ്റഫ് തൂണേരി/ദോഹ:
ലോക കാല്‍പ്പന്തു മേളയ്ക്ക് ഇനി 18 നാള് മാത്രം ശേഷിക്കെ വരവേല്പ്പുത്സവ പ്രതീതിയില്‍ ദോഹയും പരിസരവും. പല തരം ആഘോഷ പരിപാടികള്‍, ഷൂട്ടൗട്ട് മത്സരങ്ങള്‍, സംഗീതവിരുന്ന്, രാവും പകലും സജീവമായ സൂഖുകള്‍.. ഖത്തര്‍ സര്‍വ്വത്ര സജീവം.
ദോഹ ഹമദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ആരാധകര്‍ക്ക് സ്വാഗതമോതുന്ന പ്രത്യേക പരിപാടിയാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഖത്തര്‍ എയര്‍വെയിസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍ എന്നിവര്‍ ഒത്തുചേരല്‍ ചടങ്ങില്‍ പങ്കെടുത്തു. ഖത്തറിലെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത അങ്ങാടി സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങി. സൂഖ് വാഖിഫിന്റെ എതിര്‍വശത്തുള്ള മുശൈരിബ് ഡൗണ്‍ ടൗണും അര്‍ധരാത്രി 2 വരെ സജീവമാണ്. കൂടാതെ വിവിധ ഷോപ്പിംഗ് മാളുകളും അര്‍ധരാത്രി വരെ പ്രവര്‍ത്തനനിരതമാണ്. ഫിഫ ലോകകപ്പിന്റെ ട്രയല്‍ എന്ന രൂപത്തില്‍ എണ്‍പതിനായിരം കാണികളെ പ്രതീക്ഷിച്ച് നടത്തുന്ന വന്‍ ബോളിവുഡ് സംഗീത നിശ നവംബര്‍ 4 വെള്ളിയാഴ്ച അരങ്ങേറും. റാഹത്ത് ഫത്തേഹ് അലിഖാന്, സുനീധീ ചൗഹാന്, സാലിം സുലൈമാന്‍ എന്നിവരാണ് ശ്രോതാക്കളെ ആവേശഭരിതരാക്കുക. ഫൈനല്‍ പോരാട്ടത്തിന് വേദിയാവാനിരിക്കുന്ന ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തിലാണ് ഫിഫയുടെ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മാച്ച് പാസ്സോടെയുള്ള ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് ഫിഫ ടിക്കറ്റിംഗ് ചാനലിലൂടെ പ്രവേശന ടിക്കറ്റ് കൈവശമാക്കി സംഗീത വിരുന്നിനെത്താനാവുക. വൈകീട്ട് 7 മണിക്കുള്ള പരിപാടിക്ക് 3 മണിക്കൂര്‍ മുമ്പെങ്കിലും എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറമെ അറബ് സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടിയും ദര്‍ബ് ലുസൈല്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യങ്ങളുടെ ഫാന്‍സ് ഗ്രൂപ്പുകളുടെ ഒത്തുചേരലുകള്‍, ലോകകപ്പിനും ഖത്തറിനും അഭിവാദ്യം നേര്‍ന്ന് വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന സംഗീത ആല്‍ബങ്ങള്‍ എന്നിവയെല്ലാം സജീവമാണിപ്പോള്‍. പ്രമുഖ ഇന്ത്യന്‍ സിനിമാ താരം മോഹന്‍ലാല്‍ മലപ്പുറം സെവന്‍സ് ഫുട്ബോള്‍ അടിസ്ഥാനമാക്കി ടി.കെ രാജീവ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ ‘മോഹന്‍ലാല്‍ സല്യൂട്ടേഷന് ടു ഖത്തര്‍’ സംഗീത ആല്‍ബം ഗ്ലോബല്‍ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നിരുന്നു. അറബ്, ഇംഗ്ലീഷ്, മലയാള ഭാഷകളിലുള്ള വിവിധ സംഗീത ആല്‍ബങ്ങളും ഖത്തറിലെ മലയാളികളുടെ മുന്‍കൈയ്യാല്‍ പുറത്തിറങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളുടെ ഷൂട്ടൗട്ട് മത്സരങ്ങളും സജീവമായിരുന്നു.
അതിനിടെ ഒരേ നഗരത്തില്‍ താമസിച്ച് ഒന്നിലധികം മാച്ചുകള്‍ കാണാനാവസരം ലഭിക്കുന്ന അപൂര്‍വ്വ ലോകകപ്പിന് സാന്നിധ്യമറിയിക്കാന്‍ നവംബര്‍ 1 മുതല്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ ഖത്തറിലെത്തിത്തുടങ്ങി.

നേരത്തെയുള്ള കോവിഡ് സുരക്ഷാ നിബന്ധനകളില്‍ പോലും ഇളവു വരുത്തിയാണ് ദോഹ ഹമദ് അന്താരാഷ്ട്രാ വിമാനത്താവളവും കര അതിര്‍ത്തിയായ അബൂസംറയും ആരാധകരെ വരവേല്‍ക്കുന്നത്. യാത്രക്ക് മുമ്പ് നിലവിലുണ്ടായിരുന്ന പി.സി.ആര് പരിശോധനയും ആന്റിജന്‍ ടെസ്റ്റും ഇഹ്തിറാസ് പ്രീ രജിസ്ട്രേഷനും ഇപ്പോള്‍ ആവശ്യമില്ല. ഹയ്യ കാര്‍ഡ് മാത്രം മതി. നവംബര്‍ 1 മുതല്‍ ലോക കപ്പിന്റെ ഭാഗമാവുന്ന 31 രാജ്യങ്ങളും ഇന്ത്യയുള്പ്പെടേയുമടങ്ങിയ 40 രാജ്യങ്ങള്‍ ചേര്‍ന്ന ഇന്‍ര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വ്വീസ് സെന്ററിനും ദോഹയില്‍ തുടക്കമായിട്ടുണ്ട്. ഫിഫയുടെ ഹയ്യ സേവനകേന്ദ്രങ്ങളും വളണ്ടിയര്‍മാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും സേവനകേന്ദ്രങ്ങളും ഇതിനകം സജീവമാണ്. അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകര്‍ക്കും ആതിഥേയ രാജ്യത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രത്യേകം കേന്ദ്രങ്ങളുണ്ട്. ഖത്തറിലെത്തുന്നവര്‍ക്ക് വിപുലമായ ഗതാതഗ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചികിത്സാ സേവനവും 24 മണിക്കൂര്‍ ലഭ്യം. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 20 വരെ ദോഹ മെട്രോ കാലത്ത് 6 മുതല്‍ അര്‍ധരാത്രി പിന്നിട്ട് 3 വരെ സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ച മാത്രം കാലത്ത്് 9 മുതല്‍ ഓട്ടം തുടങ്ങും. ദോഹയുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ കോര്‍ണിഷ് നവംബര്‍ 1 മുതല്‍ കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി മാറി. കോര്‍ണിഷിലുള്ള അല്‍ബിദ പാര്‍ക്കിലാണ് ഫിഫയുടെ മുഖ്യഫാന്ഫെസ്റ്റിവല് നടക്കുക. സെന്‍ട്രല്‍ ദോഹയിലെ 1,2 റിംഗ് റോഡുകളിലും വാഹനഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.