
ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) ഗസയില്‍ നടപ്പാക്കുന്ന ആരോഗ്യ പദ്ധതികള്‍ പാവപ്പെട്ട നിരവധി രോഗികള്‍ക്ക് ആശ്വാസമാകുന്നു. പ്രത്യേക ശസ്ത്രക്രിയാ പിന്തുണാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെയായി 182 സുപ്രധാന ശസ്ത്രക്രിയകള്‍ നടത്താനായി. നിരവധിപേരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ക്യുആര്‍സിഎസിന്റെ ഇടപെടല്‍ നിര്‍ണായകമായി. ഗസയിലെ അല്‍ഷിഫ മെഡിക്കല്‍ കോംപ്ലക്‌സ് കേന്ദ്രീകരിച്ചാണ് ചികിത്സയും പരിചരണവും ലഭ്യമാക്കുന്നത്. പദ്ധതിപ്രകാരം 1506 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കി.
ഒപി ക്ലിനിക്കുകളിലും യൂറോളജി വകുപ്പിലുമായാണ് ഇത്രയധികം പേര്‍ക്ക് പരിചരണം ഉറപ്പാക്കിയത്. കാര്‍ഡിയോതൊറാസിക്, കാര്‍ഡിയോ വാസ്‌കുലര്‍, ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. 14 ലക്ഷം ഡോളറാണ് ചെലവ്. പദ്ധതിക്ക് പൂര്‍ണമായ ധനസഹായം ലഭ്യമാക്കുന്നത് ക്യുആര്‍സിഎസാണ്. ഖത്തറിനു പുറത്ത് ഗസയിലെ ആരോഗ്യമേഖലയുടെ വികസനത്തിനും പുരോഗതിക്കും ക്യുആര്‍സിഎസ് പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നുണ്ട്. വിവിധ മേഖലകളിലായി 21 മാനുഷിക പദ്ധതികള്‍ ഗസയില്‍ നടപ്പാക്കി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. ജീവന്‍ രക്ഷിക്കുന്ന മെഡിക്കല്‍ ഇടപെടലുകള്‍, മെഡിക്കല്‍ സാമഗ്രികളുടെ വിതരണം, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയെല്ലാം നടപ്പാക്കുന്നുണ്ട്. ആത്യന്തികമായി ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പതിമൂന്ന് വര്‍ഷമായി തുടരുന്ന ഉപരോധത്തെത്തുടര്‍ന്ന് ഗസ നേരിടുന്ന മോശം മാനുഷികാവസ്ഥ മെച്ചപ്പെടുത്താന്‍ ക്യുആര്‍സിഎസിന്റെ പദ്ധതികള്‍ സഹായിക്കും. 2010 മുതല്‍ ക്യുആര്‍സിഎസ് 90ലധികം മാനുഷിക പദ്ധതികളാണ് നടപ്പാക്കിയത്. 110 ദശലക്ഷം ഡോളറാണ് ഈ പദ്ധതികള്‍ക്കായി ആകെ ചെലവഴിച്ചത്. പ്രത്യേക ശസ്ത്രക്രിയ, ഡയാലിസിസ്, കീമോതെറാപ്പി സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം അല്‍അമല്‍ ആസ്പത്രിയുടെ വികസനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളാല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ഗസയിലെ ആരോഗ്യമേഖലയെ പിന്തുണക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസയിലെ കാര്യങ്ങള്‍ കുറച്ചുകൂടി മികച്ചതാക്കാന്‍ അടിയന്തരസഹായമാണ് ക്യുആര്‍സിഎസ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ മറ്റൊരു വശം പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ്. ഡയാലിസിസ് സേവനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.