
- 23,094 പേര്‍ ചികിത്സയില്‍, 1243 പേര്‍ ആസ്പത്രിയില്‍
- 13 ദിനങ്ങള്‍ക്ക് ശേഷം ഇന്ന് കോവിഡ് മരണമില്ല
ദോഹ: ഖത്തറില്‍ 1828 പേരില്‍ കൂടി കൊറോണ വൈറസ്(കോവിഡ്-19) രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 78,416 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങള്‍ക്കുശേഷം രാജ്യത്ത് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും ആശ്വാസമായി. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തിലെ കുറവ് തുടരുന്നു. രോഗമുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നുണ്ട്. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 30നായിരുന്നു. 2355 പേരിലാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നും പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. 1956 പേര്‍ക്കാണ് രോഗം മാറിയത്. ഇതുവരെ 55,252 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 23,094 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1243 പേര്‍ ആസ്പത്രിയിലാണ്, 232 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 138 പേരെ ആസ്പത്രിയിലും 13 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 2,86,830 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6165 പേരെ പരിശോധിച്ചു. ഏറ്റവും കൂടുതല്‍ പേരെ പരിശോധന വിധേയമാക്കിയ ദിവസം കൂടിയാണിന്ന്.