1830 പുതിയ രോഗികള്‍; 7893 പേര് സുഖംപ്രാപിച്ചു

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) മരണനിരക്ക് ഉയരുന്നു. ഇന്ന് കോവിഡ് ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 50ഉം 43 ഉം വയസ് പ്രായമുള്ളവരാണ് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം പത്തൊന്‍പതായി. നേരത്തെ ഒരു സ്വദേശിയും പതിനാറ് പ്രവാസികളും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1830 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 40,481 ആയി വര്‍ധിച്ചു. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്ന്. ഇതിനു മുന്‍പ് ഏറ്റവുമധികം കേസുകള്‍ മെയ് പതിനാലിനായിരുന്നു, 1733 കേസുകള്‍.രോഗമുക്തരായവരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനയുണ്ടാകുന്നു. പുതിയതായി 605 പേര് കൂടി രോഗമുക്തരായി. ഇതുവരെ 7893 പേരാണ് കോവിഡ് മുക്തരായത്. തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തരുടെ എണ്ണം 500ലധികമാകുന്നത്. നിലവില്‍ 32,569 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1719 പേര് ആസ്പത്രിയിലാണ്, 175 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 294 പേരെ ആസ്പത്രിയിലും 13 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 1,80,642 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5160 പേരെ പരിശോധനക്ക് വിധേയരാക്കി.
തുടര്‍ച്ചയായ 15-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്. പുതിയ കേസുകളില്‍ മിക്കതും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവരില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ പൗരന്മാരിലും താമസക്കാരിലും രോഗം കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്.