Friday, January 22ESTD 1934
Shadow

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 184 പേര്‍ക്ക് മാത്രം
  • ഇന്നും കോവിഡ് മരണങ്ങളില്ല, 2643 പേര്‍ ചികിത്സയില്‍
  • പരിശോധിച്ചവരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 200ല്‍ താഴെയാകുന്നത്. പുതിയ രോഗികളില്‍ 150 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം 11ലക്ഷം കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,35,370 പേരാണ് രോഗമുക്തരായത്. നിലവില്‍ 2643 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 270 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 32 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നാലുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8411 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,00,989 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

error: Content is protected !!