in

സ്‌കേറ്റിംഗ് ഷൂ മോഹം വഴിയിലുപേക്ഷിച്ചു; 2 കുട്ടികള്‍ സ്വരൂക്കൂട്ടിയ പണവുമായി പോയത് കെ എം സി സി ആസ്ഥാനത്തേക്ക്

ഇസാനും ഫിസാനും ബഹ്‌റൈന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹബീബുര്‍റഹ്മാന് തുക കൈമാറുന്നു

അശ്‌റഫ് തൂണേരി/ദോഹ:

ഏറെ നാളായി സ്വരുക്കൂട്ടിയ തുകയത്രയും കാരുണ്യ പ്രവര്‍ത്തനത്തിനായി കൈമാറിയപ്പോള്‍ ആ രണ്ടു കുട്ടികളുടെ കണ്ണുകളില്‍ തിളക്കമേറി, ആഹ്ലാദം കൊണ്ട്. ബഹ്‌റൈനിലെ മനമായിലാണ് കെ എം സി സി സംസ്ഥാന കമ്മിറ്റിക്ക് സ്‌കേറ്റിംഗ് ഷൂ അണിയാന്‍ ആശിച്ച് നടന്ന കുട്ടികള്‍ രക്ഷിതാവിനൊപ്പമെത്തി പണം കൈമാറിയത്.
ബഹ്‌റൈന്‍ ഇബ്്‌നുഹൈതം സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഒമ്പതു വയസ്സുകാരനായ മുഹമ്മദ് ഇസാന്‍ ഇസ്ഹാഖും അനുജന്‍ അഞ്ചു വയസ്സുള്ള മുഹമ്മദ് ഫിസാന്‍ ഇസ്്ഹാഖും മാസങ്ങളായി സ്‌കേറ്റിംഗ് ഷൂ അണിയാനുള്ള മോഹവുമായി നടക്കുകയായിരുന്നു. അതിനവര്‍ ഒരു സൂത്രം കണ്ടു പിടിച്ചു. ഉപ്പയുടെ കീശയില്‍ ബാക്കി വരുന്ന ചില്ലറ സ്വരൂപിക്കുക. ഇരുവരും കാര്യം ഉമ്മ സീനത്തിനോട് പറഞ്ഞപ്പോള്‍ കുഞ്ഞു മനസ്സിലെ ആസൂത്രണത്തിന്റെ ഒന്നാം കടമ്പ കടന്നു. ഇവരുടെ ഉപ്പ കൂടി സമ്മതം മൂളിയതോടെ മാസങ്ങള്‍ക്ക് മുമ്പേ ദൗത്യത്തിന് തുടക്കമായി. അവര്‍ അങ്ങിനെ ബാക്കി വരുന്ന ചില്ലറകള്‍ കൂട്ടി വെച്ചുകൊണ്ടേയിരുന്നു. പക്ഷെ ദൗര്‍ഭാഗ്യകരമായി കൊറോണയെത്തുന്നത് അതിനിടയിലാണ്. എങ്കിലും അവര്‍ ശേഖരിക്കുന്നത് തുടര്‍ന്നു. ഏകദേശ സംഖ്യയായപ്പോള്‍ കൊറോണ വൈറസ് രോഗം വ്യാപനത്തിലേക്ക് കടന്നു. ബഹ്‌റൈന്‍ ഇസാ ടൗണിലെ ബൂനോ ബേക്കറിയില്‍ ജനറല്‍മാനേജരായി ജോലി നോക്കുന്ന ഇവരുടെ ഉപ്പയാവട്ടെ ജോലി സമയം കഴിഞ്ഞാല്‍ പിന്നീട് കെ എം സി സി പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സജീവവും. പലര്‍ക്കും പല സഹായങ്ങളുമായി ഓടിനടക്കുന്ന ഉപ്പയോട് ഇവര്‍ കഴിഞ്ഞ ദിവസം ചോദിച്ചു. ” ഉപ്പാ ഞാളെടുത്ത് വെച്ച പയിശ കെ എം സി സിയില്‍ കൊടുത്താലെന്താ…” അപ്പോള്‍ സ്‌കേറ്റിംഗ് ഷൂ…. സംശയമുന്നയിച്ച ഉമ്മയോട് ”അത് മാണ്ടുമ്മാ. ഏതെങ്കിലും പാവപ്പെട്ടോലിക്ക് കൊണം കിട്ടൂലേ..” എന്നായിരുന്നു കുട്ടികളുടെ മറുപടി.
കൊച്ചുമനസ്സിലെ ആര്‍ദ്രതയോട് ഐക്യപ്പെട്ട് ഇരുവരേയും കൂട്ടി പിതാവ് കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിംഗ് ജനറല്‍സെക്രട്ടറി കൂടിയായ ഇസ്ഹാഖ് വില്യാപ്പള്ളി കഴിഞ്ഞ ദിവസം മനാമയിലെ സംസ്ഥാന പ്രസിഡന്റ് ഹബീബുര്‍റഹ്്മാനെ കാണാനെത്തുകയായിരുന്നു. തുക അദ്ദേഹത്തെ ഏല്‍പ്പിച്ചു. അതോടെ ഇസാനും ഫിസാനും ഹാപ്പി. ”കുഞ്ഞു മനസ്സുകളില്‍ പോലും കെ എം സി സി ഉണ്ടാക്കിയ സ്വാധീനം വലുതാണെന്നതില്‍ ആഹ്ലാദമുണ്ട്” കുട്ടികളെ അഭിനന്ദിച്ച ശേഷം ഹബീബുര്‍റഹ്്മാന്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിത്വര്‍ സക്കാത്ത് 15 റിയാല്‍

1153 പേര്‍ക്കു കൂടി കോവിഡ്; 25,865 പേര്‍ ചികിത്സയില്‍