
- 218 പേര് കൂടി രോഗമുക്തരായി
- 2779 പേര് ചികിത്സയില്‍, 401 പേര് ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. ചികിത്സയിലായിരുന്ന 46, 83 വയസ് വീതം പ്രായമുള്ള വ്യക്തികളാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 222 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 182 പേര് ഖത്തറിലുള്ളവരും 18 പേര് ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,28,803 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്ധനവുണ്ടാകുന്നുണ്ട്്. ഇതുവരെ 1,25,802 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2779 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 401 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 36 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 55 പേര് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ പുതുതായി എത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5416 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 8,55,154 പരിശോധനകളാണ് നടത്തിയത്.