
ദോഹ: 2016ല്‍ ഖത്തറില്‍ പുതിയതായി കണ്ടെത്തിയത് 1566 അര്‍ബുദ കേസുകള്‍. ഇതില്‍ 21ശതമാനം പേര്‍ ഖത്തരികളാണ്. പുതിയ അര്‍ബുദ കേസുകളില്‍ 42ശതമാനം പേര് വനിതകളും 58ശതമാനം പേര്‍ പുരുഷന്‍മാരുമാണ്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. എല്ലാ അര്‍ബുദ കേസുകളിലും 17ശതമാനം സതനാര്‍ബുദമാണ്. വന്‍കുടലിനുണ്ടാകുന്ന അര്‍ബുദം പത്ത് ശതമാനമാണ്.
ഒരുലക്ഷം പേരില്‍ 59.8പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ദേശീയ കാന്‍സര്‍ പ്രോഗ്രാമിന്റെ ഭാഗമായ ഖത്തര്‍ ദേശീയ ക്യാന്‍സര്‍ രജിസ്ട്രി(ക്യുഎന്‍സിആര്‍) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം 2016ലെ അര്‍ബുദ രോഗ വിവരങ്ങള്‍ പൊതുജനാരോഗ്യമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു. അതിലാണ് ഈ വിശദാംശങ്ങളുള്ളത്.
അര്‍ബുദത്തിന്റെ ഭാരം മനസിലാക്കുന്നതിനും രോഗത്തെ നേരിടാന്‍ ആവശ്യമായ വിഭവങ്ങള്‍ തിരിച്ചറിയുന്നതിനും പ്രതിരോധ സേവനങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനും ഈ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കുന്നു. നയ, കര്‍മ്മപദ്ധതി രൂപീകരണവിദഗ്ദ്ധര്‍ക്കുള്ള സുപ്രധാന വിവരസ്രോതസ്സെന്ന നിലയില്‍ ക്യുഎന്‍സിആര്‍ നല്‍കുന്ന ഡാറ്റയുടെ പ്രാധാന്യം ആരോഗ്യകാര്യസഹമന്ത്രി ഡോ.സാലിഹ് അല്‍മര്‍റി ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ ഭാരം മനസിലാക്കുന്നതിനൊപ്പം പൊതുജനാരോഗ്യ പരിപാടികളുടെയും ദേശീയ കാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാം പോലുള്ള സംരംഭങ്ങളുടെയും കാര്യക്ഷമതയും അളക്കുന്നത് തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ദേശീയ പദ്ധതികളും പരിപാടികളും വികസിപ്പിക്കുന്നതിലും അതിന്റെ പ്രകടനം നിരീക്ഷിക്കുന്നതിലും ഡാറ്റയുടെ പ്രാധാന്യവും രോഗികളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിലും പ്രതികരിക്കുന്നതിലും ഡാറ്റയുടെ പങ്കും ദേശീയ കാന്‍സര്‍ പ്രോഗ്രാം(എന്‍സിപി) ഡയറക്ടര്‍ കാതറിന്‍ ഗില്ലസ്പി ഊന്നിപ്പറഞ്ഞു. 2014ല്‍ സ്ഥാപിതമായതുമുതല്‍, എല്ലാ പൊതു, സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ നിന്നും ക്യുഎന്‍സിആര്‍ നിര്‍ബന്ധിതമായി ഇന്‍പുട്ടുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ക്യുഎന്‍സിആര്‍ മാനേജര്‍ അമിദ് അബു ഹമൈദാന്‍ അഭിപ്രായപ്പെട്ടു.
ക്യുഎന്‍സിആറിന് മൂന്ന് ഡാറ്റാബേസുകളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു: കാന്‍സര്‍ രോഗം, കാന്‍സര്‍ പരിശോധന, കാന്‍സര്‍ കാത്തിരിപ്പ് സമയം എന്നിവയാണവ. അബു-ഹമൈദാന്‍ ഏറ്റവും പുതിയ കാന്‍സര്‍ രോഗ സ്ഥിതിവിവരക്കണക്കുകള്‍ എടുത്തുകാട്ടി. ഏറ്റവും സര്‍വസാധാരണമായ അര്‍ബുദം സ്തനാര്‍ബുദമാണ്. ആകെ കേസുകളില്‍ 20.66ശതമാനം പേര്‍ക്കാണ് സ്തനാര്‍ബുദം.
അര്‍ബുദരോഗികളില്‍ പന്ത്രണ്ടു ശതമാനം പേര്‍ക്കും വന്‍കുടലിലെ അര്‍ബുദമാണ്. ഖത്തരി പുരുഷ•ാരെ സംബന്ധിച്ചിടത്തോളം, വന്‍കുടല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സറുകളാണ് ഏറ്റവും സാധാരണമായത്, മൊത്തത്തിലുള്ള കേസുകളില്‍ 12 ശതമാനത്തിലധികം വരുമിത്. എട്ടു ശതമാനം പേര്‍ക്ക് രക്താര്‍ബുദം. ഖത്തരി സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റഴും സാധാരണമായത് സ്തനാര്‍ബുദമാണ്.
ആകെ രോഗികളില്‍ 35ശതമാനം പേര്‍ക്കും സ്തനാര്‍ബുദം. 12ശതമാനം പേര്‍ക്ക വന്‍കുടലിലെ അര്‍ബുദവും എട്ടുശതമാനം പേര്‍ക്ക് തൈറോയ്ഡ് അര്‍ബുദവുമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറിലെ നിരക്കുകള്‍ താരതമ്യേന കുറവാണ്.
ഖത്തരികള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലുള്ളവരിലുമായി 0-14 വയസ് പ്രായമുള്ളവരില്‍ 42 പുതിയ കാന്‍സര്‍ കേസുകള്‍ 2016ല്‍ കണ്ടെത്തി. ഇതില്‍ 38ശതമാനം പേര്‍ ഖത്തരികളും 62ശതമാനം പേര്‍ താമസക്കാരുമാണ്. ഇതില്‍തന്നെ 38ശതമാനം പേര്‍ പെണ്‍തകുട്ടികളും 62 ശതമാനം ആണ്‍കുട്ടികളുമാണ്. ഇവരില്‍ ഏറ്റവും സാധാരണമായി കാണപ്പെട്ടത് രക്താര്‍ബുദമായിരുന്നു. 43 ശതമാനം പേരിലും രക്താര്‍ബുദമായിരുന്നു. 12പേര്‍ക്ക് മസ്തിഷ്‌കാര്‍ബുദം. 2016 ലെ കാന്‍സര്‍ രോഗികളുടെ നിരക്ക് 2015 നെ അപേക്ഷിച്ച് 7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അബു ഹമൈദാന്‍ അഭിപ്രായപ്പെട്ടു.
ഖത്തരികളില്‍ സ്തനാര്‍ബുദ അതിജീവിന നിരക്ക് 89 ശതമാനവും വന്‍കുടല്‍ അര്‍ബുദത്തിന് 69 ശതമാനവും രക്താര്‍ബുദത്തിന് 67 ശതമാനവും തൈറോയ്ഡ് അര്‍ബുദത്തിന് 90ശതമാനവുമാണ് അതിജീവന നിരക്ക്.