
ദോഹ: കഴിഞ്ഞവര്‍ഷം കത്താറ കള്‍ച്ചറല്‍ വില്ലേജ് സന്ദര്‍ശിച്ചത് 80ലക്ഷത്തിലധികം പേര്‍. നിരവധി ടൂറിസ്റ്റ് ഗ്രൂപ്പുകളാണ് പോയവര്‍ഷം കത്താറയിലെത്തിയത്. ഖത്തരി സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ലോക സംസ്‌കാരങ്ങള്‍ ഖത്തറിലെ നിവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് കത്താറ കഴിഞ്ഞവര്‍ഷം നടത്തിയത്. പരിശീലന കോഴ്‌സുകള്‍, പ്രദര്‍ശനങ്ങള്‍, ശില്‍പ്പശാലകള്‍, സംഗീത പ്രകടനങ്ങള്‍, അന്താരാഷ്ട്ര നാടകങ്ങള്‍, വിവിധ ഫെസ്റ്റിവലുകള്‍, ആഘോഷപരിപാടികള്‍ എന്നിവയെല്ലാം സംഘടിപ്പിച്ചത് സന്ദര്‍ശകത്തിരക്ക് വര്‍ധിക്കാനിടയാക്കി.
ഖത്തറിലെയും ഗള്‍ഫ് മേഖലയിലെയും കര, കടല്‍ നാടോടിക്കഥകള്‍, സംഗീതം, കല, നാടോടി പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രദര്‍ശനങ്ങളും ഫോറങ്ങളും നടത്തി. സംസ്‌കാരം, വിജ്ഞാന കൈമാറ്റം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണിലെ ഖത്തരി അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പിട്ടതാണ് പിന്നിട്ട വര്‍ഷത്തിലെ കത്താറയുടെ നേട്ടങ്ങളിലൊന്ന്.
വിവരങ്ങളും അനുഭവങ്ങളും കൈമാറുന്നതിനൊപ്പം പുസ്തകങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും ആനുകാലികമായി പ്രസിദ്ധീകരിക്കുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന സാംസ്‌കാരിക നയതന്ത്ര പരിപാടികള്‍ക്കായുള്ള പ്രായോഗിക ശില്‍പ്പശാലയിലും കത്താറ പങ്കെടുത്തു. ഖത്തരി ഗള്‍ഫ് സമുദ്ര പൈതൃകം സജീവമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒന്‍പതാമത് പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ 11 രാജ്യങ്ങള്‍ പങ്കെടുത്തു. അറബിക് നോവലിനായുള്ള കത്താറ പുരസ്‌കാരത്തിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. 1850 മത്സരാര്‍ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലെ വിശിഷ്ട പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഖുര്‍ആന്‍ പാരായണം സംബന്ധിച്ച കത്താറ പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പും വിജയകരമായി നടത്താനായി. പ്രവാചക കാവ്യപുരസ്‌കാരത്തിന്റെ മൂന്നാംപതിപ്പും സംഘടിപ്പിച്ചു.
യുവ വനിതാ എഴുത്തുകാര്‍ക്കായി പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തി. ഖത്തരി കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി മഹാസീല്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ക്കും കത്താറ സാക്ഷ്യം വഹിച്ചു. മൂന്നാമത് സാംസ്‌കാരിക വൈവിധ്യോത്സവം, കുന്തിരിക്ക മുത്തുകള്‍ ഉപയോഗിച്ചുള്ള വിവിധ തരം ഉത്പന്നങ്ങളുടെ പ്രദര്‍ശനമായ കഹ്‌റമന്‍ ആംബര്‍ എക്‌സിബിഷന്റെ ഒന്നാംപതിപ്പ്, കത്താറ രാജ്യാന്തര വേട്ട, ഫാല്‍ക്കണ്‍ പ്രദര്‍ശനം സുഹൈല്‍, എട്ടാമത് ഹലാല്‍ ഫെസ്റ്റിവല്‍, മൂന്നാമത് ഊദ് ഫെസ്റ്റിവല്‍, ആറാമത് കത്താറ യൂറോപ്യന്‍ ജാസ് ഫെസ്റ്റിവല്‍ എന്നിവയും 2019ല്‍ വിജയകരമായി സംഘടിപ്പിച്ചു.
ഖത്തര്‍ സൊസൈറ്റി ഫോര്‍ ഫോട്ടോഗ്രാഫി, വിഷ്വല്‍ ആര്‍ട്‌സ് വകുപ്പ്, കത്താറ സെന്റര്‍ ഫോര്‍ ആര്‍ട്ട്, കത്താറ സ്റ്റുഡിയോ എന്നിവ വിവിധ കലാ പ്രദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.ഖത്തരി, ഗള്‍ഫ്, വിദേശ കലാകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുടെ വര്‍ധിച്ച സാന്നിധ്യം ഈ പരിപാടികളിലുണ്ടായിരുന്നു. മുത്തുവാരല്‍ പേള്‍ ഡൈവിങ് മത്സ്യബന്ധന മത്സരമായ സെന്യാറിന്റെ എട്ടാം പതിപ്പ്, മൂന്നാമത് കത്താറ ജിസിസി അല്‍നഹ്മ പ്രൈസ്് തുടങ്ങി മത്്‌സരങ്ങള്‍ക്കും കത്താറ വേദിയായി. കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഫെസ്റ്റിവലിനും തുടക്കംകുറിച്ചു. രാജ്യാന്തര ഒപേറ ക്ലാസിക്കല്‍ മ്യൂസിക് പുരസ്‌കാരദാന ചടങ്ങിന്റെ ഏഴാം പതിപ്പ് നടന്നത് കത്താറയിലായിരുന്നു.
ഖത്തര്‍ ഇന്ത്യ സാംസ്‌കാരികവര്‍ഷം, ബംഗ്ലാദേശ് ഫെസ്റ്റിവല്‍ ഖത്തര്‍ എന്നിവയുടെ ഭാഗമായ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കത്താറ ഒപ്പേറ ഹൗസില്‍ നടന്നു. ഖത്തര്‍ ദേശീയ കായികദിനം, കത്താറ ലോക ബീച്ച് സോക്കര്‍ കപ്പ്് എന്നിവ ഉള്‍പ്പടെ 18 കായിക പരിപാടികള്‍, ഷോകള്‍, ലേലം, ബസാറുകള്‍ എന്നിവയുള്‍പ്പടെ 128 വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും 2019ല്‍ നടന്നു.