in , , , , ,

2019 ഖത്തറിന് നേട്ടങ്ങളുടെ വര്‍ഷം

ആര്‍ റിന്‍സ്
ദോഹ

ഖത്തറിന്റെ വികസനചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു വര്‍ഷമാണ് 2019. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുമ്പോഴും വികസനപാതയില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ് ഖത്തര്‍.
ഫിഫ ലോകകപ്പിനായി അല്‍ജനൂബ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം, ദോഹ മെേേട്രായുടെ ഒന്നാംഘട്ട സര്‍വീസ് പൂര്‍ണതോതില്‍ തുടങ്ങിയത്, ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ലോക അത്‌ലറ്റിക്‌സ്, ഗള്‍ഫ് കപ്പ്, ലോക ബീച്ച് ഗെയിംസ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവയുള്‍പ്പടെ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളുടെ സംഘാടനം തുടങ്ങി എണ്ണമറ്റ നേട്ടങ്ങളും അംഗീകാരങ്ങളുമായാണ് രാജ്യം 2020ലേക്ക് പ്രവേശിക്കുന്നത്. മേഖലയിലെ ഏറ്റവും തുറന്ന രാജ്യമായി ഖത്തര്‍ മാറി.
തൊഴില്‍ക്ഷേമ പരിഷ്‌കരണത്തിലും മാതൃകയാണ് ഈ രാജ്യം. വിവിധ ഭാഗങ്ങളില്‍ വിവിധ തലങ്ങളിലായി അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ പുതിയ റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്യപ്പെടുന്നു. 2022 ഫിഫ ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാനസൗകര്യവികസനപദ്ധതികളെല്ലാം പുരോഗതിയിലാണ്. കാര്‍ഷിക, ക്ഷീര മേഖലയിലുള്‍പ്പടെ കൂടുതല്‍ സ്വയംപര്യാപ്തമാകുന്നു. ലോകരാജ്യങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ശക്തമാകുന്നു. ഹമദ് തുറമുഖവും ഹമദ് രാജ്യാന്തര വിമാനത്താവളവും കൂടുതല്‍ നവീകരണത്തിന്റെ പാതയിലാണ്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഉള്‍പ്പടെ കായിക നേട്ടങ്ങളും മികവിന്റെ പട്ടികയിലുണ്ട്. വിദേശ- നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തവുമ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ലക്ഷ്യമിട്ട് ഖത്തറിന്റെ സഹായപ്രവാഹം തുടരുന്നു. യുഎന്‍ ഏജന്‍സികള്‍ക്ക് ഏറ്റവുമധികം സഹായം ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഫലസ്തീന്‍ വിഷയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിന്റെ നിലപാട് മാറ്റമില്ലാതെ ലോകവേദികളില്‍ അവതരിപ്പിച്ചു. രാജ്യാന്തരതലത്തില്‍ ഖത്തറിന്റെ പങ്കും പ്രാധാന്യവും വര്‍ധിക്കുന്നു. സാമ്പത്തികമേഖല വൈവിധ്യവത്കരണത്തിന്റെ ഭാഗമായി. കൂടുതല്‍ വിദേശകമ്പനികള്‍ ഖത്തറിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
എണ്ണ വാതകയിതര മേഖലകളില്‍ നിന്നും വരുമാനം കൂടുതല്‍ കണ്ടെത്തുന്നതിനായി ടൂറിസം, ക്രൂയിസ് ടൂറിസം, കായിക ടൂറിസം ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് രാജ്യം പ്രധാന്യം നല്‍കുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യം നടത്തുന്നത്.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ നടപടികളെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നു. 2022നുശേഷവും ടൂറിസം മേഖലയില്‍ രാജ്യം നിക്ഷേപം നടത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മിച്ച ബജറ്റിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഖത്തര്‍ 2020ലേക്ക് പോകുന്നത്.
ഈ വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളില്‍ ഏറ്റവും സുപ്രധാനം വിദേശ ബന്ധങ്ങളില്‍ കൈവരിച്ച പുരോഗതിയും അതുവഴി രാഷ്ട്രീയ, സാമ്പത്തിക, സൈനിക, പ്രതിരോധ നേട്ടങ്ങളും വിജയങ്ങളും കൈവരിക്കാനായതുമാണ്. പരസ്പര ബഹുമാനവും പൊതുതാല്‍പര്യങ്ങളും അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും തന്ത്രപരമായ സഖ്യങ്ങള്‍ തുറക്കാന്‍ ഈ വര്‍ഷം സാധിച്ചു. സജീവവും ശാന്തവുമായ നയതന്ത്രമാണ് ഇതു സാധ്യമാക്കിയത്. ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നതും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയതും ഈ വര്‍ഷമായിരുന്നു.
ആഗോള സാമ്പത്തിക സൂചികകളിലും ലോകത്തെ മികച്ച നിക്ഷേപകേന്ദ്രങ്ങള്‍ സംബന്ധിച്ച സൂചികയിലും സുരക്ഷ സംബന്ധിച്ച സൂചികയിലും മുന്നിലെത്താന്‍ രാജ്യത്തിനായി. കുറ്റകൃത്യങ്ങളും അഴിമതിയും ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍. തൊഴിലാളികള്‍ക്കായി മികച്ച ക്ഷേമപദ്ധതികളാണ് രാജ്യം നടപ്പാക്കുന്നത്. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങള്‍ ഈ വര്‍ഷം നടന്നു.

അമീറിന്റെ വിദേശസന്ദര്‍ശനങ്ങള്‍

വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ ഈ വര്‍ഷം അമീര്‍ സന്ദര്‍ശനം നടത്തി. കൊറിയ, ജപ്പാന്‍, ചൈന, കുവൈത്ത്, ഓസ്ട്രിയ, റുവാണ്ട, നൈജീരിയ, പാകിസ്താന്‍, യുഎസ്്, ഫ്രാന്‍സ്, ബ്രിട്ടന്‍, മലേഷ്യ രാജ്യങ്ങളാണ് അമീര്‍ സന്ദര്‍ശിച്ചത്. ഖത്തര്‍ സന്ദര്‍ശിച്ച ഇറാഖ്, സുഡാന്‍, സൊമാലിയ, ബള്‍ഗേറിയ, ബോട്‌സ്വാന, ഫലസ്തീന്‍, അംഗോള, ഗാംബിയ, ബ്രസീല്‍, റുവാണ്ട, അര്‍മേനിയ, തുര്‍ക്കി, മലേഷ്യ രാജ്യങ്ങളുടെ ഭരണത്തലവന്‍മാരെ അമീര്‍ സ്വീകരിച്ചു.
ബെയ്‌റൂത്തില്‍ നടന്ന അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയിലും ടുണീഷ്യയില്‍ നടന്ന അറബ് ഉച്ചകോടിയിലും മ്യൂണിച്ചില്‍ നടന്ന സുരക്ഷാസമ്മേളനത്തിലും കിര്‍ഗിസ്താനില്‍ നടന്ന ഉച്ചകോടിയിലും അമീര്‍ പങ്കെടുത്തു. ന്യുയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ 74-ാം സെഷനില്‍ പങ്കെടുത്ത് അമീര്‍ വിവിധ വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാടുകള്‍ വ്യക്തമാക്കി. യുഎന്‍ സംഘടനങ്ങള്‍ക്ക് നേരത്തെ നല്‍കിയതിനു പുറമെ 500 മില്യണ്‍ ഡോളറിന്റെ സഹായവും ഖത്തര്‍ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ കാലാവസ്ഥ ഉച്ചകോടിയിലും അമീര്‍ പങ്കെടുത്തു. സ്വിറ്റ്‌സര്‍ലന്റിലെ ലൗസന്നെയില്‍ നടന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ 134-ാമത് പൊതുസെഷനിലും അമീര്‍ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും അവയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളെയും കുറഞ്ഞ വികസിത രാജ്യങ്ങളെയും സഹായിക്കുന്നതിന് 100 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവനയും അമീര്‍ പ്രഖ്യാപിച്ചു. അമീറിന്റെ പേരിലുള്ള നാലാമത് അഴിമതി വിരുദ്ധ പുരസ്‌കാരങ്ങള്‍ റുവാണ്ടയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. നയതന്ത്രതലത്തില്‍ വലിയ മൂന്നേറ്റമാണ് രാജ്യം കൈവരിക്കുന്നത്. വര്‍ഷാവസാനത്തില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് നേരിയ അയവ് വരുന്നതിന്റെ സൂചനയും കണ്ടു. ഈ മേയില്‍ സഊദിയില്‍ നടന്ന മക്ക അറബ് ഗള്‍ഫ് ഇസ്‌ലാമിക ഉച്ചകോടിയിലും ഡിസംബറില്‍ നടന്ന ജിസിസി ഉച്ചകോടിയിലും ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു.
അഫ്ഗാന്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി താലിബാനും യുഎസും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഈ വര്‍ഷവും ദോഹയില്‍ തുടര്‍ന്നു.നിരവധി മേഖലാ, രാജ്യാന്തര ഉച്ചകോടികള്‍ക്കും സമ്മേളനങ്ങള്‍ക്കും ദോഹ വേദിയായി. ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സമ്മേളനം, വൈകല്യവും വികസനവും സംബന്ധിച്ച രാജ്യാന്തര സമ്മേളനം ഉള്‍പ്പടെയുള്ളവയും ഹെയ ഫാഷന്‍ പ്രദര്‍ശനം, ജ്വല്ലറി വാച്ചസ് പ്രദര്‍ശനം, ഖത്തര്‍ ഭക്ഷ്യമേള, കത്താറയിലെ വിവിധ ഫെസ്റ്റിവലുകള്‍ തുടങ്ങി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന വിവിധ മേഖലാരാജ്യാന്തര പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കാനായി.

പ്രതിരോധമേഖല ശക്തം

ആദ്യ റഫാല്‍ യുദ്ധ വിമാനം ഖത്തര്‍ സ്വീകരിച്ചതും 2019ലാണ്. ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ദസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് ആദ്യ റഫാല്‍ വിമാനം ഖത്തര്‍ സ്വീകരിച്ചത്. 2015 മേയിലാണ് 24 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ ഓര്‍ഡര്‍ നല്‍കിയത്. പിന്നീട് പന്ത്രണ്ട് യുദ്ധവിമാനങ്ങള്‍ക്കു കൂടി ഓര്‍ഡര്‍ നല്‍കി. യോഗ്യരായ ഖത്തരി പൈലറ്റുമാരായിരിക്കും ഖത്തരി റാഫേല്‍ പറത്തുക. പൈലറ്റുമാരോടെയാണ് റാഫേല്‍ യുദ്ധവിമാനം ഖത്തറിലെത്തുക. ഖത്തരി റാഫേല്‍ സ്‌ക്വാഡ്രണ്‍(ക്യുആര്‍എസ്) പദ്ധതിയുടെ ഭാഗമായി ഏകദേശം 200ഓളം ഖത്തരി പൈലറ്റുമാര്‍, ടെക്‌നീഷ്യന്‍സ്, മെക്കാനിക്‌സ് തുടങ്ങിയവര്‍ ഫ്രാന്‍സില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളും ക്രമീകരണങ്ങളുമാണ് ഖത്തര്‍ വാങ്ങിയ യുദ്ധ വിമാനത്തിലുള്ളത്.
മിറാഷ് എഫ്1, ആല്‍ഫ ജെറ്റ്, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഖത്തറിന് നല്‍കിയിട്ടുണ്ട്. ആദ്യ റഫാല്‍ സേനാവിഭാഗത്തിനും റഫാല്‍ യുദ്ധവിമാനത്തിനും ഖത്തറില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സായുധ സേന കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തിരുന്നു. ഖത്തരി അമീരി വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധ വിമാന സേനാവിഭാഗത്തിലെ ഓഫീസര്‍മാര്‍, നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, സേനാവിഭാഗത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്കും ഖത്തര്‍ സ്വീകരിച്ച ആദ്യ റഫാല്‍ യുദ്ധവിമാനത്തിനുമാണ് ദുഖാന്‍ എയര്‍ബേസില്‍ സ്വീകരണമൊരുക്കിയിരുന്നത്. അല്‍അദിയാത് എന്നാണ് ഖത്തരി റാഫാല്‍ ഫൈറ്റര്‍ സ്‌ക്വാഡ്രണിന് നാമകരണം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ അരിസോണയിലെ ബോയിങ് ഡിഫന്‍സ് സ്ിസ്റ്റംസ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ അപ്പാഷെ ക്യുഎ എയര്‍ക്രാഫ്റ്റുകളുടെ ആദ്യ ബാച്ചും ഖത്തര്‍ സ്വീകരിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രതിരോധ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ്, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സായുധ ഉപകരണങ്ങള്‍ വാങ്ങുന്നത്. ഖത്തരി അമീരി നാവികസേനയും വ്യോമസേനയും നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളുടെ സേനയുമായി സംയുക്ത അഭ്യാസങ്ങളും ഈ വര്‍ഷം നടത്തി. പോലീസ് കോളേജിന്റെ ആദ്യബാച്ചിന്റെയും അല്‍സയീം എയര്‍കോളേജിന്റെ ആറാം ബാച്ചിന്റെയും അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജിന്റെ 14-ാം ബാച്ചിന്റെയും ബിരുദദാന ചടങ്ങും ഈ വര്‍ഷം നടന്നു. തീരദേശ അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പുതിയ കെട്ടിടം അല്‍ദായേന്‍ നാവികതാവളവും ഈ വര്‍ഷം തുറന്നു.

ആരോഗ്യ വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസമേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനായി. 12-ാമത് സയന്റിഫിക് എക്‌സലന്‍സ് പുരസ്‌കാര ജേതാക്കളെ അമീര്‍ ആദരിച്ചു. എജ്യൂക്കേഷന്‍ സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അമീറും വനിതാ വിദ്യാര്‍ഥികളുടെ ബിരുദദാനചടങ്ങില്‍ അമീറിന്റെ പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയും പങ്കെടുത്തു. ആരോഗ്യമേഖലയില്‍ പുതിയ സൗകര്യങ്ങള്‍ തുറന്നു. സിദ്ര മെഡിസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. പുതിയ ട്രോമ എമര്‍ജന്‍സി സെന്റര്‍ തുറന്നു. മേഖലയിലെ തന്നെ ഏറ്റവും വലിയ എമര്‍ജന്‍സി സെന്ററുകളിലൊന്നാണിത്. പത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തുറന്നു. ഇതില്‍ ഏഴെണ്ണം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കീഴിലാണ്. മൂന്നെണ്ണം പുരുഷന്‍മാരെ ലക്ഷ്യമിട്ട് ഖത്തര്‍ റെഡ്ക്രസന്റിന്റെ കീഴില്‍. ലണ്ടനിലെ ലെഗാറ്റം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആരോഗ്യ സൂചികയില്‍ ഖത്തര്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. ആരോഗ്യസംരക്ഷണ മേഖലയില്‍ മിഡില്‍ഈസ്റ്റില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്നത് ഖത്തറാണ്.

ദോഹ മെട്രോ, ഹമദ് തുറമുഖം,
വിമാനത്താവളം

ദോഹ മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി. 36 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ദോഹ മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 36 സ്റ്റേഷനുകളിലൂടെ സര്‍വീസ് തുടരുന്നു. മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
രാജ്യത്തെ സുപ്രധാന സ്ഥലങ്ങളിലേക്കും ഷോപ്പിങ് മാളുകളിലേക്കും വിനോദ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും മെട്രോയിലൂടെ എളുപ്പത്തില്‍ എത്താനാകും. കുവൈത്ത് അമീറിന്റെ പേരിലുള്ള സബാഹ് അല്‍അഹമ്മദ് ഇടനാഴി ഉള്‍പ്പടെ സുപ്രധാന റോഡ് വികസനപദ്ധതികളെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ വികസനപദ്ധതികളിലൊന്നാണ് സബാഹ് അല്‍അഹമ്മദ് ഇടനാഴി. അമീറിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേരിട്ടത്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് ഖത്തര്‍ എയര്‍വേയ്‌സ് മുഖ്യപങ്ക് വഹിക്കുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളം മുഖേന 160ലധികം ലക്ഷ്യസ്ഥാനങ്ങളെ ഖത്തറുമായി ബന്ധിപ്പിക്കുന്നുണ്ട.് ഈ വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങി.
250ലധികം എയര്‍ക്രാഫ്റ്റുകളാണ് സര്‍വീസ് നടത്തുന്നത്. മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖമായ ഹമദ് തുറമുഖം ലോകത്തെ 40ലധികം തുറമുഖങ്ങളുമായി ഖത്തറിനെ ബന്ധിപ്പിക്കുന്നു. ഹമദ് വിമാനത്താവളത്തില്‍ ഈ വര്‍ഷം മൂന്നാംപാദത്തില്‍ മാത്രം 10.7ദശലക്ഷം യാത്രക്കാരെത്തി. ഏറ്റവും തിരക്കേറിയ സീസണ്‍. ഹമദ് തുറമുഖത്തില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 3700ലധികം കപ്പലുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും ആഴത്തിലുള്ള കൃത്രിമ തടം എന്ന നിലയില്‍ ഹമദ് തുറമുഖം ഈ വര്‍ഷം ഗിന്നസ് റെക്കോര്‍ഡിലും ഇടംനേടി.

പ്രധാന വികസനനേട്ടങ്ങള്‍

റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. കൃത്യമായ ആസൂത്രണവും വികസനപദ്ധതിയുമാണ് ഇതിന് സഹായകമായത്. അടിച്ചേല്‍പ്പിക്കപ്പെട്ട അന്യായ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും മറികടക്കാനായി. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സവിശേഷ പദ്ധതികള്‍. ലോജിസ്റ്റിക്‌സ് മേഖലകളും സ്വതന്ത്ര മേഖലകളും വികസിപ്പിക്കുന്നു. ഗതാഗതമേഖലയിലെ സ്വപ്‌നപദ്ധതിയെന്ന് കരുതപ്പെടുന്ന ശര്‍ഖ് പദ്ധതിക്ക് അംഗീകാരം. വാതക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാനാകുന്നവിധത്തില്‍ ഫിഫ ലോകകപ്പ് അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ ഉള്‍പ്പടെ വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. ഉപരോധത്തിന്റെ പ്രതിഫലനങ്ങളില്‍ നിന്നും ശക്തമായി വീണ്ടെടുക്കാന്‍ ഖത്തറിനായിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനം ശക്തമായി തുടരുന്നുവെന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മുന്നേറ്റം കൈവരിക്കാനായി. 2021ഓടെ ഖത്തരി സമ്പദ് വ്യവസ്ഥ 3.4ശതമാനമായി ഉയരുമെന്ന പ്രതീക്ഷ ലോകബാങ്ക് തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഖത്തരി സമ്പദ്വ്യവസ്ഥയെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും കൂടുതല്‍ തുറന്നിടാനായതും പിന്നിട്ടവര്‍ഷത്തെ നേട്ടമാണ്. ഉത്പാദന നിര്‍മാണമേഖലയില്‍ പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. എണ്ണ വാതക വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം എണ്ണയിതര മേഖലയില്‍ ആകര്‍ഷകമായ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യം പ്രത്യേക പ്രാധാന്യം നല്‍കുന്നു. കൂടുതല്‍ സ്വാശ്രയത്വം കൈവരിക്കാനായി.
സ്വതന്ത്ര, സാമ്പത്തിക, വ്യാവസായിക, ലോജിസ്റ്റിക് മേഖലകളില്‍ അടിസ്ഥാന സൗകര്യവികസനം നടന്നു. കൂടാതെ ഭക്ഷ്യ, സേവന, ഉല്‍പാദന വ്യവസായമേഖലകളിലായി 800ലധികം ഖത്തരി കമ്പനികള്‍ ആരംഭിച്ചതോടെ ദേശീയ സമ്പദ്വ്യവസ്ഥ വലിയ വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചു. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്നതിന് വിവിധ വ്യവസായ നഗരങ്ങളുടെ വിപുലീകരണം, വിവിധ മേഖലകളില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ദ്രവീകൃത പ്രകൃതിവാതക ഉത്പാദനം

ഖത്തറിന്റെ വരുമാനം പ്രധാനമായും കേന്ദ്രീകരിക്കുന്നത് എല്‍എന്‍ജിയിലാണ്. 2027ല്‍ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉത്പാദനം 126 മില്യണ്‍ ടണ്ണായി ഉയര്‍ത്തുന്നതിനുള്ള പദ്ധതി ഈ വര്‍ഷം പ്രഖ്യാപിച്ചു.
നിലവില്‍ ദ്രവീകൃത പ്രകൃതിവാതക(എല്‍എന്‍ജി) ഉത്പാദനം പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണാണ്. ഇതില്‍ നിന്നും 64ശതമാനം വര്‍ധനവാണ് 2027ല്‍ പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ വടക്ക് ഭാഗത്ത് ഒരു പുതിയ എല്‍എന്‍ജി ഉല്‍പാദന പദ്ധതിക്ക് വഴിയൊരുക്കി വടക്കന്‍ പാടത്തിന്റെ ഉത്പാദന പാളികള്‍ റാസ് ലഫാനിലെ ഖത്തരി ഭൂമിയിലേക്ക് വ്യാപിക്കുന്നുവെന്ന് പുതിയ പഠനങ്ങളിലൂടെ വെളിപ്പെട്ടത് ഖത്തറിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാനമാണ്.
വടക്കന്‍ പാടത്തിന്റെ ഈ പുതിയ മേഖലയില്‍ നിന്ന് വലിയ അളവില്‍ വാതകം ഉത്പാദിപ്പിക്കാനാകുമെന്ന് പഠനങ്ങളിലൂടെയും പരിശോധനകളിലൂടെയും ഉറപ്പായിട്ടുണ്ട്. വടക്കന്‍ പാടത്തിന്റെ സ്ഥിരീകരിച്ച വാതകശേഖരം 1760 ട്രില്യണ്‍ ഘനയടി(ക്യുബിക്ഫീറ്റ്)യിലധികമാണ്. 70ബില്യണിലധികം ബാരല്‍ കണ്ടന്‍സേറ്റിന്റെയും വലിയ അളവില്‍ എല്‍പിജി, ഈഥെയ്ന്‍, ഹീലിയം എന്നിവയുടെ ശേഖരവുമുണ്ട്. ഖത്തറിന്റെ വാതകവ്യവസായത്തെ വളരെയധികം സ്വാധീനീക്കാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകളാണിത്. വലുതും വിശാലവുമായ ചക്രവാളങ്ങളിലേക്ക് ഖത്തറിന്റെ വാതക വ്യവസായത്തെ കൊണ്ടുപോകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ല്‍ ഖത്തറിന്റെ മൊത്തത്തിലുള്ള ഹൈഡ്രോകാര്‍ബണ്‍ ഉല്‍പാദനം പ്രതിദിനം ഏകദേശം 6.7 ദശലക്ഷം ബാരല്‍ എണ്ണയ്ക്ക് തുല്യമാകും. ഖത്തറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് ഈ കണ്ടെത്തല്‍. ഖത്തര്‍ പെട്രോളിയം കൂടുതല്‍ രാജ്യങ്ങളില്‍ സാന്നിധ്യം ശക്തമാക്കുകയും പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. രണ്ട് അറബ് രാജ്യങ്ങളില്‍ ഉള്‍പ്പടെ പത്ത് ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പര്യവേക്ഷണത്തിലും ഉത്പാദനത്തിലും ഖത്തര്‍ പെട്രോളിയം പങ്കാളിത്തം ഏറ്റെടുത്തത്. ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 100 ലധികം എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മ്മിക്കാന്‍ ലേലം വിളിച്ചിട്ടുണ്ട്.

കായികതലസ്ഥാനം

കായികതലസ്ഥാനമെന്ന പേര് അന്വര്‍ഥമാക്കാനും 2019ല്‍ രാജ്യത്തിനായി. ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ലോക അത്‌ലറ്റിക്‌സ്, ഗള്‍ഫ് കപ്പ്, ലോക ബീച്ച് ഗെയിംസ്, ഫിഫ ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവക്കുപുറമെ സ്ഥിരമായി നടക്കുന്ന ടെന്നീസ് ഉള്‍പ്പടെയുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ക്കും ഖത്തര്‍ വേദിയായി. ഫിഫ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2017ല്‍ നവീകരിച്ച ഖലീഫ സ്റ്റേഡിയം തുറന്നതിനു പുറമെ ഈ വര്‍ഷം അല്‍വഖ്‌റ അല്‍ജനൂബ് സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യപ്പെട്ടു. അമീര്‍ കപ്പ് ഫൈനലും സ്റ്റേഡിയത്തില്‍ നടന്നു. എജ്യൂക്കേഷന്‍ സിറ്റി, അല്‍ഖോര്‍ ബയ്ത്ത്, റയ്യാന്‍, തുമാമ സ്റ്റേഡിയങ്ങള്‍ 2020ല്‍ തുറക്കും. അവശേഷിക്കുന്നവയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഫിഫ ക്ലബ്ബ് ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാനായി. ക്ലബ്ബ് ലോകകപ്പിലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ജേതാക്കളായി. ഗള്‍ഫ് കപ്പില്‍ ബഹ്‌റൈന്‍ കിരീടം നേടി. ലോക അത്‌ലറ്റിക്‌സില്‍ ഹൈജമ്പില്‍ മുതാസ് ബര്‍ഷിം ലോകകിരീടം നിലനിര്‍ത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അബ്ദുറഹ്മാന്‍ സാംബ വെങ്കലം നേടി. വനിതകളുടെ 400മീറ്ററില്‍ മത്സരിച്ച കെന്‍സ സൊസ്സെ ലോക അത്‌ലറ്റിക്‌സില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന ആദ്യവനിതയായി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഖത്തര്‍ നേടി 400മീറ്റര്‍ ഹര്‍ഡില്‍സില്‍ സാംബയും 800മീറ്ററില്‍ അബൂബക്കര്‍ ഹൈദറുമാണ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ കിരീടം നേടിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹാഷിഷ് വേട്ട; 100 കിലോ ഹാഷിഷ് പിടിച്ചെടുത്തു, അഞ്ചു പേര്‍ അറസ്റ്റില്‍

സഫാരി വിന്‍ 20 ടയോട്ട കൊറോള രണ്ടാം നറുക്കെടുപ്പ്‌