
ദോഹ: 2021ലെ ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ദോഹയില്‍ നടക്കും. 25-ാമത് ഏഷ്യന്‍ പുരുഷ, വനിതാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകള്‍ അടുത്തവര്‍ഷം സെപ്തംബറില്‍ നടക്കും. ഏഷ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയനാണ്(എടിടിയു) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എടിടിയു എക്‌സിക്യുട്ടീവ് ഓഫീസ് യോഗത്തോടനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്ന് ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ അറിയിച്ചു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയകോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം. ഇതിനുമുന്‍പ് 20 വര്‍ഷം മുന്‍പ് 2000ലായിരുന്നു ഖത്തര്‍ എഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചത്. 2021ലെ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയറിച്ചിരുന്ന ചൈനയും ഇന്ത്യയും പിന്‍മാറിയതോടെയാണ് മത്സരവേദി ഖത്തറിന് ലഭിച്ചത്. 2000നുശേഷം രണ്ടാം തവണയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് ഗള്‍ഫ് രാജ്യമെന്ന നേട്ടവും ഇതോടെ ഖത്തറിന് ലഭിക്കും. ഈ ചരിത്രപരമായ ആതിഥേയത്വത്തിലൂടെ ഖത്തരി ടേബിള്‍ ടെന്നീസിന് പ്രയോജനം ലഭിക്കുമെന്ന് ഖത്തരി അറബ് ടേബിള്‍ ടെന്നീസ് അസോസിയേഷന്‍സ് പ്രസിഡന്റും എടിടിയു, രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഫസ്റ്റ് വൈസ് പ്രസിഡന്റുമായ ഖലീല്‍ അല്‍മുഹന്നദി പറഞ്ഞു. ലോകോത്തര സൗകര്യങ്ങള്‍, സ്റ്റേഡിയങ്ങള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സ്‌പോര്‍ട്‌സ് ഹാളുകള്‍ എന്നിവ ഉപയോഗിച്ച് ഖത്തര്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമുള്ള ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.