
ദോഹ: അടുത്ത മൂന്നു വര്‍ഷത്തെ ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു ദോഹ വേദിയാകും. 2020, 2021, 2022 വര്‍ഷങ്ങളില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ വേദിയായി ദോഹയെ നിശ്ചയിച്ചു. ഇതുസംബന്ധിച്ച കരാറില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയും കോണ്‍ഫഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍(സിഎഎഫ്) പ്രസിഡന്റ് അഹമ്മദ് അഹമ്മദും ഒപ്പുവെച്ചു.
റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിന്റെ അടുത്ത എഡീഷന്‍ 2020 ഫെബ്രുവരി 14ന് ദോഹയില്‍ നടക്കും.
2019ലെ ആഫ്രിക്കന്‍ സൂപ്പര്‍കപ്പും ഈ വര്‍ഷം ആദ്യം ദോഹയിലാണ് നടന്നത്. മൊറോക്കോ കോണ്‍ഫഡറേഷന്‍ ജേതാക്കളായ രാജാ കാസാബ്ലാങ്ക ടുണീഷ്യയുടെ എസ്പരന്‍സിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് സൂപ്പര്‍കപ്പ് സ്വന്തമാക്കുകയായിരുന്നു.
ആദ്യമായിട്ടായിരുന്നു ആഫ്രിക്കന്‍ സൂപ്പര്‍കപ്പ് പുറത്തൊരു രാജ്യത്തുവെച്ച് നടക്കുന്നത്. രണ്ടു ഫുട്‌ബോള്‍ സംഘടനകളും തമ്മിലുള്ള സഹകരണ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് മത്സരത്തിന് ഖത്തര്‍ വേദിയാകുന്നത്.
ഖത്തറിന്റെ സംഘാടന ശേഷിയില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് അഹമ്മദ് അഹമ്മദ് പറഞ്ഞു. 2020 ഫെബ്രുവരി 14നു നടക്കുന്ന സൂപ്പര്‍കപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ടുണീഷ്യയുടെ എസ്പരന്‍സ് ഈജിപ്തിന്റെ സമാലെക്് ക്ലബ്ബിനെ നേരിടും. സിഎഎഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായാണ് എസ്പരന്‍സ് സൂപ്പര്‍കപ്പിന് യോഗ്യത നേടിയത്.
സിഎഎഫിന്റെ കോണ്‍ഫഡറേഷന്‍ കപ്പ് ജേതാക്കളാണ് സമാലെക്. ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിന്റെ അവസാന പതിപ്പ് ദോഹയില്‍ നടന്ന ശേഷം 2020 മുതല്‍ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഫ്രിക്കന്‍ യൂണിയനുമായി ധാരണയായിരുന്നതായി ക്യുഎഫ്എ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍അന്‍സാരി പറഞ്ഞു.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും പ്രാദേശിക സംഘാടക സമിതിക്കും പങ്കെടുക്കുന്ന ടീമുകളുമായി യാതൊരു ബന്ധവുമില്ലെന്നും ദോഹയില്‍ പങ്കെടുക്കാത്തതിനും കളിക്കാത്തതിനും ഏതെങ്കിലും ടീം മാപ്പ് ചോദിക്കുന്നതില്‍ ക്യുഎഫ്എക്ക് കാര്യമില്ല, അതൊക്കെയും ആഫ്രിക്കന്‍ യൂണിയനെ സംബന്ധിച്ചുള്ള കാര്യമാണെന്നും അല്‍മന്‍സൂരി പറഞ്ഞു.
പ്രധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ സൂപ്പര്‍ അവസാന പതിപ്പിന്റെ വിജയവും കോണ്ടിനെന്റല്‍ യൂണിയനുമായുള്ള നല്ല ബന്ധവും കരാര്‍ ഒപ്പിടാന്‍ തങ്ങളെ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് പോരാട്ടത്തിനും ഖത്തര്‍ വേദിയായിരുന്നു.