in ,

2022 ഫിഫ ലോകകപ്പ് തയാറെടുപ്പുകളില്‍ സുസ്ഥിരതക്ക് ഊന്നല്‍: സുപ്രീംകമ്മിറ്റി

സിംഗപ്പൂരില്‍ മില്‍ക്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയില്‍ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പങ്കെടുത്തപ്പോള്‍

ദോഹ: 2022 ഫിഫ ലോകകപ്പിന്റെ തയാറെടുപ്പുകളില്‍ സുസ്ഥിരതക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് ലോകകപ്പ് സംഘാടനചുമതലയുള്ള സുപ്രീംമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലെഗസി. ജനങ്ങളെ കൂട്ടിയിണക്കുന്നതില്‍ ഫിഫ ലോകകപ്പിന്റെ ഏകീകൃക ശക്തി പ്രശംസനീയമാണ്. ലോകകപ്പ് ഒരുക്കങ്ങളുടെ ഹൃദയഭാഗത്ത് സുസ്ഥിരതയാണെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.

സിംഗപ്പൂരില്‍ മില്‍ക്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ പ്ലേയിംഗ് ദ ലോംഗ് ഗെയിം- ഏഷ്യയിലെ കായികരംഗത്തെ ഭാവി’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ അവതാരക മാനിഷ ടാങ്കറായിരുന്നു പാനല്‍ സെഷന്റെ മോഡറേറ്റര്‍.

ഫോര്‍മുല 1 എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ ചേസ് കാരി, എന്‍ബിഎ ചൈന സിഇഒ ഡെറിക് ചാങ്, വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ചത്രി സിത്യോഡ് ടോംഗ് എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. 2022 നവംബര്‍ 21ന് ഖത്തറില്‍ തുടങ്ങുന്ന ലോകകപ്പിന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അല്‍തവാദി പറഞ്ഞു.

ലോകകപ്പ് അദ്വിതീയമായി ഏകീകരിക്കുന്ന ഒരു പരിപാടിയാണ്. ലോകജനസംഖ്യയുടെ പകുതിയിലധികം 2018ലെ ഫൈനല്‍ കാണുന്നതിലേക്കെത്തിയിരുന്നു. പങ്കിട്ട ഓര്‍മ്മകള്‍ സൃഷ്ടിക്കാനും മാനവികതയെ ഒന്നിപ്പിക്കാനും സമാനമായ കഴിവ് മറ്റൊരു ഈവന്റിനുമില്ല. ലോകകപ്പിന്റെ അടിസ്ഥാനസൗകര്യങ്ങളിലുള്‍പ്പടെ സുസ്ഥിര പാരമ്പര്യം നല്‍കുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.

എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തര്‍ 2022 മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഫിഫ ലോകകപ്പ് ചരിത്രത്തിലെ പൂര്‍ണമായും ഇളക്കിമാറ്റാവുന്ന ആദ്യ സ്റ്റേഡിയമായ , റാസ് അബുഅബൂദ് ഉള്‍പ്പടെയുള്ളവയാണ് സജ്ജമാകുന്നത്. മറ്റ് പല ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളും മോഡുലാര്‍ രീതിയിലുള്ളവയാണ്. ടൂര്‍ണമെന്റിന് ശേഷം അവയുടെ ഇരിപ്പിട ശേഷി കുറക്കാനാകും. നീക്കിമാറ്റുന്ന അധികസീറ്റുകള്‍ ഖത്തറിലും വിദേശത്തും സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംഭാവന ചെയ്യും.

എല്ലാ സ്റ്റേഡിയങ്ങളും വര്‍ഷം മുഴുവനും ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തുന്നതിനായി അത്യാധുനിക കൂളിംഗ് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുന്നത്. സുസ്ഥിരമായ ഒരു പാരമ്പര്യം സൃഷ്ടിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യത്തിന്റെ കാതല്‍. ഇത് സ്റ്റേഡിയങ്ങളുടെ നിര്‍മാണണത്തില്‍ തന്നെ തുടങ്ങുന്നു. ആവശ്യമില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. അതേസമയം മോഡുലാര്‍ സീറ്റുകള്‍ സംഭാവന ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ വികസനത്തിന് സംഭാവന നല്‍കാനുമാകും- ഹസന്‍ അല്‍തവാദി വിശദീകരിച്ചു.

ശീതീകരണ സാങ്കേതികവിദ്യകള്‍ സ്റ്റേഡിയങ്ങള്‍ ഏതുസമയത്തും ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കും. ദോഹയിലെ ഔട്ട്‌ഡോര്‍ പൊതു സ്ഥലങ്ങളില്‍ ഈ സാങ്കേതികവിദ്യ ഇതിനകം പ്രയോഗിച്ചുവരുന്നുണ്ട്. ഖത്തറിന്റേതിന് സമാനമായ കാലാവസ്ഥയുള്ള രാജ്യങ്ങള്‍ക്ക് ഈ മേഖലയിലെ വികസനത്തിന് ഇതില്‍നിന്നും പ്രയോജനം ലഭിക്കും. ഈ സംവിധാനം ഊര്‍ജ കാര്യക്ഷമതയിലും മുന്നിലാണ്.

2010ലാണ് ഖത്തറിന് ലോകകപ്പ് ആതിഥേയത്വം അനുവദിക്കുന്നത്. തുടര്‍ന്നുള്ള ടൂര്‍ണമെന്റുകളില്‍ നിന്നും ധാരാളം മെഗാ പരിപാടികളില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചതായി അല്‍തവാദി പറഞ്ഞു. 2018 ലെ ലോകകപ്പ് വേളയില്‍ റഷ്യയുടെ ഫാന്‍ ഐഡി സംവിധാനം വളരെ വിജയകരമായ സംരംഭമായിരുന്നു.

2022 ലോകകപ്പിലും ഈ സംവിധാനം നടപ്പാക്കാന്‍ ഉറ്റുനോക്കുന്നുണ്ട്. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, പൊതുഗതാഗതം, ആസ്വാദകരുടെ യാത്രയിലെ മറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് പരിഗണിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ്- കാസ് യൂപെന്‍ സഹകരണം പ്രഖ്യാപിച്ചു

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: സ്‌റ്റെഫാന്‍ ഹോം അംബാസഡര്‍