in ,

2022 ലോകകപ്പ്: പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്‌ബോളിനായുള്ള പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കുന്നു. ഖത്തറിന്റെ ലെഗസി മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പരിശീലനമൈതാനങ്ങള്‍. ഖത്തര്‍ ലോകകപ്പിന്റെ കോംപാക്റ്റ് കോണ്‍ഫിഗറേഷന്‍ ടീമുകള്‍ക്ക് നൂതന താമസവും പരിശീലന ആശയവും അവതരിപ്പിക്കാന്‍ സഹായകമാണ്. താമസസൗകര്യങ്ങളും പരിശീലനവേദികളും അടുത്തടുത്തുതന്നെയായിരിക്കും.

ഇത്തരം ലക്ഷ്യത്തോടെയാണ് ടീം ബേസ് ക്യാമ്പുകള്‍(ടിബിസി) നിര്‍മിക്കുന്നത്. ഓരോ ടീമിനുമായി സമര്‍പ്പിത പരിശീലന സൈറ്റുകളാണ് ഇവിടെയുള്ളത്. ഉനൈസ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ദോഹ ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളിലെല്ലാം പരിശീലന മൈതാനങ്ങള്‍ ഒരുക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളോടെയാണ് ഇവ പൂര്‍ത്തിയാകുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി 41 പരിശീലന സൈറ്റുകളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.

പരിശീലന മൈതാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പുതന്നെ നടന്നുവരുന്നു. നിരവധി ദേശീയ ടീമുകള്‍ ഇതിനോടകം ഈ പരിശീലന മൈതാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് വിജയികളായ അള്‍ജീരിയന്‍ ടീം. ഡിസംബറില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനു മുന്‍പും ഈ പരിശീലന മൈതാനങ്ങള്‍ ഉപയോഗിക്കും.

ഫിഫ ലോകകപ്പിനുള്ള ഓരോ പരിശീലനസൗകര്യത്തിലും രണ്ടു ഫ്‌ളഡ്‌ലിറ്റ് അധിഷ്ടിത സ്വാഭാവിക പ്രകൃതിദത്ത പുല്ല് പിച്ചുകളുണ്ടാകും. അനുബന്ധ ടീം സൗകര്യങ്ങള്‍, ടീം പാര്‍ക്കിങ്, പൊതുപരിശീലന സെഷനുകളില്‍ കാഴ്ചക്കാര്‍ക്കുള്ള ഏരിയ, ഡ്രെസ്സിങ് റൂമുകള്‍, വാര്‍ത്താസമ്മേളന ഏരിയ, കാറ്ററിങ് ലോഞ്ച് ഏരിയ, മാധ്യമ സൗകര്യങ്ങള്‍, സംപ്രേഷണ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. പിച്ചുകള്‍ക്കിടയില്‍ അഞ്ചുമീറ്റര്‍ വിടവുമുണ്ടാകും.

ഇത് കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു- സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ട്രെയ്‌നിങ് സൈറ്റ്‌സ് പ്രൊജക്റ്റ് മാനേജര്‍ അഹമ്മദ് അല്‍ഉബൈദ്‌ലി പറഞ്ഞു. പരിശീലന സൈറ്റുകളിലെ പിച്ചുകള്‍ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ പിച്ചുകളോടു സാമ്യമുള്ളതാണ്.

പരിശീലന പിച്ചുകളുടെ ഉപരിതലം, പ്രൊഫൈല്‍, ജലസേചനം, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം ലോകകപ്പ് പിച്ചുകള്‍ക്ക് സമാനമാണ്. ടൂര്‍ണമെന്റിന്റെ ദിവസത്തിലെ ഏതുസമയത്തും ഇവ ഉപയോഗിക്കാം. സൈറ്റ് മുഴുവന്‍ തുല്യമായി പ്രകാശിപ്പിക്കുന്നതിന് ഫ്‌ളഡ്‌ലൈറ്റിങ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ടീം ബേസ് ക്യാമ്പുകളുടെ പ്രധാന കേന്ദ്രമാണ് പരിശീലനസൗകര്യങ്ങള്‍. ഖത്തര്‍ ദേശീയടീമിനുപുറമെ ചൈനീസ് തായ്‌പേയി, ഇറാന്‍, ഫലസ്തീന്‍, കസാകിസ്താന്‍, ഖത്തര്‍ റഗ്ബി ഫെഡറേഷന്‍, അല്‍ഫുഹൂദ് സ്‌പോര്‍ട്‌സ് അക്കാഡമി ഒമാന്‍ എന്നിവ ഇതിനോടകം പരിശീലന പിച്ചുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ടീമുകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഖത്തറിലെ ക്രമീകരണങ്ങള്‍. ഇവിടെ മല്‍സര സ്‌റ്റേഡിയങ്ങള്‍ തമ്മില്‍ പരമാവധി 55 കിലോമീറ്റര്‍ അകലമേയുള്ളൂ. അതിനാല്‍ ടീമുകള്‍ക്ക് യാത്രാബുദ്ധിമുട്ടുകളൊ വൈഷമ്യങ്ങളോ ഉണ്ടാകില്ല. ഒരു സ്റ്റേഡിയത്തില്‍ നിന്നും മറ്റൊന്നിലേക്ക് യാതൊരു തടസവുമില്ലാതെ സുഗമമായി എത്താനാകും.

മല്‍സരത്തിനായി ദോഹയിലേക്കെത്താനും മല്‍സരശേഷം മടങ്ങാനും എന്ന നിലയില്‍ ഓരോ ടീമിനും രണ്ടു വിമാനയാത്ര മതിയാകും. ഖത്തറില്‍ യാത്രാസമയം കുറക്കാനാകുമെന്നതിനാല്‍ അവര്‍ക്കു പരിശീലനത്തിനു കൂടുതല്‍ സമയം ലഭിക്കും. വിശ്രമത്തിനുംഏറെ സമയം കിട്ടും. അതിനാല്‍ ഓരോ ടീമിനും മികച്ച മല്‍സരം പുറത്തെടുക്കാനാവും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉം ഗാനില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

സ്റ്റാര്‍സ് ഓഫ് സയന്‍സ് റിയാലിറ്റി ഷോ 11-ാം സീസണ്‍ ഇന്നു മുതല്‍