in ,

2022 ലോകകപ്പ് യോഗ്യത: ബംഗ്ലാദേശിനെതിരെ ഖത്തറിന് ജയം

ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഖത്തര്‍ ബംഗ്ലാദേശ് മത്സരത്തില്‍ നിന്ന്

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഖത്തറിന് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോള്‍ വീതം ഖത്തര്‍ സ്‌കോര്‍ ചെയ്തു. എവേ മത്സരത്തില്‍ ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു മത്സരം. ആദ്യ പകുതിയുടെ 29-ാം മിനുട്ടില്‍ ഖത്തറിന്റെ 18-ാം നമ്പര്‍ താരമാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ഇഞ്ച്വറി ടൈമില്‍ കരീം ബുദിയാഫ് ഖത്തറിന്റെ ലീഡുയര്‍ത്തി.

ആദ്യപകുതിയിലെ അവസാന നിമിഷങ്ങളിലെ ചില ബംഗ്ലാ മുന്നേറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരത്തില്‍ പൂര്‍ണമായും ഖത്തര്‍ ആധിപത്യമായിരുന്നു. രണ്ടാംപകുതിയില്‍ ബംഗ്ലാദേശ് കുറച്ചുകൂടി ആക്രമണാത്മക ശൈലി സ്വീകരിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മഴ പെയത് സ്റ്റേഡിയം ചെളിനിറഞ്ഞതിനാല്‍ സൂക്ഷിച്ചാണ് ഖത്തര്‍ ടീം കളിച്ചത്. ഒമാന്‍, അഫ്ഗാനിസ്താന്‍, ഇന്ത്യ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍. രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് ഖത്തര്‍.

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറുഗോളുകള്‍ക്കു പരാജയപ്പെടുത്തിയ ഖത്തറിനു പക്ഷെ രണ്ടാംമത്സരത്തില്‍ ഇന്ത്യയോടു ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നിരുന്നു. ഇതുവരെ എട്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഖത്തര്‍ ഒരു ഗോള്‍പോലും വഴങ്ങിയിട്ടില്ല. ഈ മാസം 15ന് ഒമാനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ അല്‍ശഹാനിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ അസ്സീം മാദിബോ ഇന്നലെ കളിച്ചില്ല. ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ഇതിനോടകം 2022 ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.

അതുകൊണ്ടുതന്നെ യോഗ്യതാ മത്സരങ്ങളിലെ ഫലം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമല്ല. എങ്കിലും ലോകകപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം നേടുന്നതിന് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ഖത്തര്‍ ടീം ലക്ഷ്യമിടുന്നത്. 2022 ഫിഫ ലോകകപ്പിനൊപ്പം 2023ല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാമത്സരങ്ങള്‍ കൂടിയാണിവ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മിഡില്‍ഈസ്റ്റിലെ ഏറ്റവും വിശാലമായ ചത്വരം- ബറഹാത് മുശൈരിബ്

അനോക് ലോക ബീച്ച് ഗെയിംസ്: ആത്മവിശ്വാസത്തില്‍ ഖത്തര്‍