in , ,

2022 ലോകകപ്പ്: സുപ്രീംകമ്മിറ്റി അംബാസഡര്‍മാരായി മേഖലാ താരങ്ങള്‍

191030_Local and Regional Ambassadors Photo Opportunity with SG and NAK
പുതിയ അംബാസഡര്‍മാര്‍ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിക്കൊപ്പം

ദോഹ: 2022 ഫിഫ ലോകകപ്പിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ ഔദ്യോഗികമായി പങ്കാളിയായി വിഖ്യാതരായ പ്രാദേശിക, മേഖലാ താരങ്ങളെ തെരഞ്ഞെടുത്തു. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാഫു, സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ്, കാമറൂണിന്റെ സാമുവല്‍ ഏറ്റു, മുഹമ്മദ് സാദുന്‍ അല്‍കുവാരി ഉള്‍പ്പടെയുള്ളവര്‍ സുപ്രീംകമ്മിറ്റി അംബാസഡര്‍മാരാണ്. ഇവരുടെ നിരയിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. അലി അല്‍ഹബ്‌സി, മുബാറക്ക് മുസ്തഫ, ഇബ്രാഹിം ഖല്‍ഫാന്‍, ആദെല്‍ ഖമീസ്, അഹമ്മദ് ഖലീല്‍, ഖാലിദ് സല്‍മാന്‍, മുഹമ്മദ് അബൗതിരിക, യൂനുസ് മുഹമ്മദ്, ബാദര്‍ അല്‍മുതാവ, വയേല്‍ ഗുമാ എന്നിവരാണ് പുതിയ സുപ്രീംകമ്മിറ്റി അംബാസഡര്‍മാര്‍.
24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിനു മുന്നോടിയായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗള്‍ഫ് കപ്പില്‍ ഖത്തര്‍- ഇറാഖ് മത്സരത്തിനു മുന്‍പായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പുതിയ അംബാസഡര്‍മാരെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഖത്തര്‍ ലോകകപ്പിന്റെ അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെ സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ അംബാസഡര്‍മാരായി ഇവര്‍ പ്രവര്‍ത്തിക്കും. അറബ് ലോകത്ത് ഇതാദ്യമായി നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി നടപ്പാക്കുന്ന വിവിധങ്ങളായ ലെഗസി പ്രോഗ്രാമുകളും അടിസ്ഥാനസൗകര്യ പദ്ധതികളിലും ഇവരുടെ പങ്കാളിത്തമുണ്ടാകും. സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയാണ് താരങ്ങളെ സുപ്രീംകമ്മിറ്റി അംബാസഡര്‍ പദവിയിലേക്ക് ക്ഷണിച്ചത്.
ഔദ്യോഗിക ജഴ്‌സിയും ഇവര്‍ക്ക് കൈമാറി. ഖത്തറില്‍ ലോകകപ്പ് മികവുറ്റതാക്കാന്‍ പരിശ്രമിക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നതിനായി ഔദ്യോഗികമായി പങ്കാളിയാകാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് താരങ്ങള്‍ പറഞ്ഞു. പുതിയ താരങ്ങളെ സ്വാഗതം ചെയ്യാനാകുന്നതിലെ ആഹ്ലാദം സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയും പങ്കുവെച്ചു. ഖത്തര്‍ ദേശീയ ടീമിനായി 82 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള രാജ്യാന്തര താരമാണ് മുബാറക്ക് മുസ്തഫ. ഒമാന്റെ ഇതിഹാസതാരമാണ് ഗോള്‍കീപ്പര്‍ അലി അല്‍ഹബ്‌സി. ഖത്തര്‍ ലോകകപ്പിനെ പിന്തുക്കുന്നതില്‍ തന്റെ പങ്ക് നിര്‍വഹിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ഹബ്‌സി പ്രതികരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ റാങ്കിങില്‍ ഖത്തറിന് മുന്നേറ്റം: ഗള്‍ഫില്‍ ഒന്നാമത്‌

ഇന്ത്യന്‍ സര്‍വകലാശാലയുടെ ക്യാമ്പസ് ഖത്തറില്‍